അഭയാര്‍ഥികളെ ആക്രമിച്ച തീവ്ര വലതുപക്ഷ ഭീകരവാദസംഘടനയിലെ എട്ടു പേര്‍ക്ക് ജര്‍മ്മനിയില്‍ ശിക്ഷ വിധിച്ചു
world
അഭയാര്‍ഥികളെ ആക്രമിച്ച തീവ്ര വലതുപക്ഷ ഭീകരവാദസംഘടനയിലെ എട്ടു പേര്‍ക്ക് ജര്‍മ്മനിയില്‍ ശിക്ഷ വിധിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th March 2018, 12:42 pm

ജര്‍മ്മനി: അഭയാര്‍ഥികളെ ആക്രമിച്ച തീവ്ര വലതുപക്ഷ ഭീകരവാദസംഘടനയിലെ എട്ടു പേര്‍ക്ക് ജര്‍മ്മന്‍ കോടതി ശിക്ഷ വിധിച്ചു. അഭയാര്‍ഥികള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും നേരെ ബോംബാക്രമണം നടത്തിയ കേസിലാണ് ഏഴ് പുരുഷന്‍മാരും ഒരു സ്ത്രീയും അടങ്ങുന്ന സംഘത്തിന് കോടതി നാല് മുതല്‍ പത്ത് വര്‍ഷം വരെ തടവ് ശിക്ഷ വിധിച്ചത്.

തീവ്ര വലതുപക്ഷ കാഴ്ചപ്പാടുകളും നാസി ആശയവും പുലര്‍ത്തുന്ന ഈ ഭീകരവാദസംഘം അഭയാര്‍ഥികളെ കൂട്ടക്കൊല ചെയ്യുകവഴി അവരെ ജര്‍മ്മനിയില്‍ നിന്നും തുരത്താനാണ് ശ്രമിക്കുന്നതെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു. കഴിഞ്ഞ സെപ്തംബറിലെ ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ ഏറ്റവുമധികം വോട്ടുകള്‍ നേടിയ ആള്‍ട്ടെര്‍നേറ്റീവ് ഫോര്‍ ജര്‍മ്മനി (എ.എഫ്.ഡി) എന്ന പാര്‍ട്ടിയുമായി ബന്ധമുള്ള ഫ്രീറ്റല്‍ ഗ്രൂപ്പിന്റെ അംഗങ്ങളാണ് ശിക്ഷക്കു വിധിക്കപ്പെട്ടവര്‍.


Also Read: മുന്‍ റഷ്യന്‍ ചാരനെ അപായപ്പെടുത്താന്‍ ഉപയോഗിച്ച രാസവസ്തു തിരിച്ചറിഞ്ഞു


ഒരു വര്‍ഷത്തെ നീണ്ട വിചാരണയ്ക്കുശേഷം, ഡ്രെസ്‌ഡെന്‍ ഹൈക്കോടതിയാണ് ശിക്ഷ വിധിച്ചത്. ഭീകരവാദ സംഘടനയില്‍ പ്രവര്‍ത്തിക്കല്‍, കൊലപാതകശ്രമം, സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിക്കല്‍, ശാരീരിക ആക്രമണം, വസ്തുവകകള്‍ നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കു മേലെ ചുമത്തിയിട്ടുള്ളത്.

2017ല്‍ രാജ്യത്ത് 950 ആക്രമണങ്ങളാണ് മുസ്‌ലീംങ്ങള്‍ക്കും അവരുടെ ആരാധനാലയങ്ങള്‍ക്കും എതിരെ നടന്നത്. ശിരോവസ്ത്രമണിഞ്ഞ സ്ത്രീകള്‍ക്കു നേരെയും ആക്രമണങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.