| Sunday, 24th June 2018, 12:10 am

ജര്‍മ്മനിക്ക് ആശ്വാസത്തിന്റെ ക്രൂയ്‌സര്‍

സ്പോര്‍ട്സ് ഡെസ്‌ക്

റയല്‍ മാഡ്രിഡ് താരം ടോണി ക്രൂസിന്റെ അത്യുജ്ജ്വല ഫ്രീകിക്കിലൂടെ ജര്‍മ്മനി ലോകകപ്പില്‍ ജീവന്‍ നിലനിര്‍ത്തി. ഇഞ്ചുറി സമയത്ത് ലഭിച്ച സെറ്റ് പീസ് അസാധ്യമെന്ന് തോന്നിപ്പിച്ച് ഒരാംഗിളില്‍ നിന്ന് ഗോളാക്കുകയായിരുന്നു ജര്‍മ്മന്‍ താരം ടോണി ക്രൂസ്. ഇതോടെ വിലപ്പെട്ട മൂന്ന് പോയിന്റുകള്‍ ജര്‍മ്മനിക്ക് ലഭിച്ചു.

മത്സരത്തില്‍ ജയത്തില്‍ കുറഞ്ഞ ഒന്നും ജര്‍മ്മനിയെ ലോകകപ്പില്‍ നിലനിര്‍ത്തുമായിരുന്നില്ല. ആദ്യ മത്സരത്തില്‍ മെക്‌സിക്കോയോടേറ്റ തിരിച്ചടിക്ക് പിന്നാലെ ഈ മത്സരവും സമനിലയാവും എന്ന് തോന്നിപ്പിച്ചെങ്കിലും അവസാന മിനുട്ടില്‍ ടോണി ക്രൂസ് ഗോള്‍ നേടുകയായിരുന്നു.

നിലവിലെ ലോകചാമ്പ്യന്‍മാരായ ജര്‍മ്മനിക്കെതിരെ സ്വീഡൻ നേരത്തെ ആദ്യ ഗോള്‍ നേടിയിരുന്നു. സൂപ്പര്‍ താരവും ജര്‍മ്മന്‍ ഗോള്‍കീപ്പറുമായ മാന്യുവല്‍ ന്യൂയറിനെ വിദഗ്ദമായി കബളിപ്പിച്ച് സ്വിസ്സ് താരമായ ടോയോവെനന്‍ ആണ്‌ സ്വീഡന്റെ ആദ്യ ഗോള്‍ നേടിയത്.

സെബ്സ്റ്റ്യന്‍ റൂഡി പരിക്കേറ്റ് പുറത്ത് പോയത് കാരണം ഗുണ്ടോഗന്‍ ആദ്യപകുതിയില്‍ തന്നെ പകരക്കാരനായെത്തി. സൂപ്പര്‍ താരം മെസൂട്ട് ഓസില്‍ ഇല്ലാതെയാണ്‌ ജര്‍മ്മനി കളത്തിലിറങ്ങിയത്. കഴിഞ്ഞ മത്സരത്തിലെ മോശം ഫോമിനേ തുടര്‍ന്നും, തുര്‍ക്കി പ്രസിഡന്റുമൊത്തുള്ള ചിത്രങ്ങള്‍ കാരണവും വിമര്‍ശനങ്ങള്‍ക്ക് നടുവിലായിരുന്നു ഓസില്‍. മാര്‍ക്കസ് റീയസാണ്‌ പകരം കളിച്ചത്.

ഇനി താരതമ്യേന ദുര്‍ബലരായ ദക്ഷിണ കൊറിയയോടാണ്് ജര്‍മ്മനിയുടെ മത്സരം. സ്വീഡന് എതിരാളികള്‍ കരുത്തരായ മെക്‌സിക്കോയും.

We use cookies to give you the best possible experience. Learn more