| Friday, 8th July 2022, 10:13 am

മാധ്യമപ്രവര്‍ത്തകരെ അവരുടെ ജോലിയുടെ പേരില്‍ ജയിലിലടക്കരുതെന്ന് ഇന്ത്യയോട് ജര്‍മനി; തങ്ങളുടെ ആഭ്യന്തര വിഷയമെന്ന് ഇന്ത്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മാധ്യമപ്രവര്‍ത്തകരെ അവര്‍ പറയുന്നതിന്റെയും എഴുതുന്നതിന്റെയും പേരില്‍ വിചാരണ ചെയ്യുകയോ ജയിലിലടക്കുകയോ ചെയ്യരുതെന്ന് ജര്‍മനി. ഇന്ത്യയില്‍ ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തെ മുന്‍നിര്‍ത്തിക്കൊണ്ടായിരുന്നു ജര്‍മനിയുടെ പരാമര്‍ശം.

ജര്‍മനിയുടെ വിദേശകാര്യ മന്ത്രാലയമാണ് വിഷയത്തില്‍ പ്രതികരണം നടത്തിയത്. യൂറോപ്യന്‍ യൂണിയനിലെ പാര്‍ട്ണര്‍മാരുമായി തങ്ങള്‍ ചര്‍ച്ച നടത്തുന്നുണ്ടെന്നും യൂറോപ്യന്‍ യൂണിയനും ഇന്ത്യക്കുമിടയില്‍ മാധ്യമ സ്വാതന്ത്ര്യം ചര്‍ച്ചാ വിഷയമാണെന്നും ജര്‍മന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതിനിധി പറഞ്ഞു.

”അഭിപ്രായ സ്വാതന്ത്ര്യവും ലോകമെമ്പാടുമുള്ള മാധ്യമ സ്വാതന്ത്ര്യവും സംരക്ഷിക്കേണ്ടതില്‍ പ്രതിജ്ഞാബദ്ധരാണ് ഞങ്ങള്‍. ഇത് വളരെ പ്രാധാന്യമേറിയ വിഷയമാണ്, അത് ഇന്ത്യക്കും ബാധകമാണ്.

മാധ്യമപ്രവര്‍ത്തകരെ അവര്‍ പറയുന്നതിന്റെയും എഴുതുന്നതിന്റെയും പേരില്‍ വിചാരണ ചെയ്യുകയോ ജയിലിലടക്കുകയോ ചെയ്യരുത്, ഈ കേസിനെക്കുറിച്ച് (സുബൈറിന്റെ അറസ്റ്റ്) ഞങ്ങള്‍ അറിഞ്ഞിരുന്നു. ന്യൂദല്‍ഹിയിലെ ഞങ്ങളുടെ എംബസി വിഷയം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.

യൂറോപ്യന്‍ യൂണിയന്‍ പാര്‍ട്ണര്‍മാരുമായും ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായാണ് ഇന്ത്യ സ്വയം വിശേഷിപ്പിക്കുന്നത്.

അതുകൊണ്ട് ആ രാജ്യത്ത് നിന്നും മാധ്യമ സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും പോലുള്ള ജനാധിപത്യ മൂല്യങ്ങള്‍ക്ക് സ്ഥാനം ലഭിക്കുമെന്ന് ആളുകള്‍ പ്രതീക്ഷിക്കും,” ബര്‍ലിനില്‍ നടന്ന പത്രസമ്മേളനത്തിനിടെ മുഹമ്മദ് സുബൈറിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ജര്‍മന്‍ വക്താവ് പറഞ്ഞു.

അതേസമയം, ഇത് തങ്ങളുടെ ആഭ്യന്തര വിഷയമാണെന്നും കേസ് കോടതിക്ക് കീഴിലാണെന്നുമാണ് ജര്‍മനിയുടെ പരാമര്‍ശത്തിന് ഇന്ത്യ മറുപടി നല്‍കിയിരിക്കുന്നത്. ഇന്‍ഫര്‍മേഷന്റെ ബേസില്‍ അല്ലാത്ത കമന്റുകള്‍ ഒട്ടും സഹായകരമല്ല, അവ ഒഴിവാക്കേണ്ടതാണ്, എന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം.

”ഇത് ഞങ്ങളുടെ ആഭ്യന്തര വിഷയമാണ്. ഈ കേസില്‍ ജുഡീഷ്യല്‍ നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ് എന്ന കാര്യം ഞാന്‍ ഊന്നിപ്പറയട്ടെ. കോടതിക്ക് കീഴിലുള്ള ഒരു കേസില്‍ ഞാനോ മറ്റ് ആരെങ്കിലുമോ അഭിപ്രായം പറയുന്നത് ഉചിതമായ കാര്യമായിരിക്കുമെന്ന് തോന്നുന്നില്ല.

നമ്മുടേത് സ്വതന്ത്ര ജുഡീഷ്യറിയാണെന്നത് അംഗീകരിക്കപ്പെട്ട കാര്യമാണ്. ഇന്‍ഫര്‍മേഷന്റെ ബേസില്‍ അല്ലാത്ത കമന്റുകള്‍ ഒട്ടും സഹായകരമല്ല, അവ ഒഴിവാക്കേണ്ടതാണ്,” ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

2018ലെ ഒരു ട്വീറ്റിന്റെ പേരില്‍ മതവികാരം വ്രണപ്പെടുത്തി, മതവിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകന്‍ സുബൈറിനെ അറസ്റ്റ് ചെയ്തത്. ജൂണ്‍ 27നായിരുന്നു ദല്‍ഹി പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

Content Highlight: Germany says don’t jail journalists for what they say, India says it is Internal matter

We use cookies to give you the best possible experience. Learn more