നാസി പട്ടാളത്തില്‍ പ്രവര്‍ത്തിച്ചു: ജര്‍മനിയില്‍ വിചാരണ നേരിട്ട് നൂറ് വയസ്സുകാരന്‍
World News
നാസി പട്ടാളത്തില്‍ പ്രവര്‍ത്തിച്ചു: ജര്‍മനിയില്‍ വിചാരണ നേരിട്ട് നൂറ് വയസ്സുകാരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 7th October 2021, 6:39 pm

ബെര്‍ലിന്‍: രണ്ടാം ലോക മഹായുദ്ധ കാലത്ത് നാസികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചെന്ന ആരോപണത്തില്‍ ജര്‍മനിയില്‍ വിചാരണ നേരിട്ട് നൂറ് വയസ്സുകാരന്‍.

ആയിരക്കണക്കിന് ആളുകളെ കൊന്നൊടുക്കിയ സച്ചെന്‍ഹൗസന്‍ കോണ്‍സെന്‍ട്രേഷന്‍ ക്യാംപില്‍ പ്രവര്‍ത്തിച്ച് കൊലപാതകത്തിന് കൂട്ടുനിന്നു എന്ന കുറ്റത്തിനാണ് വിചാരണ.

ഇതുമായി ബന്ധപ്പെട്ട 3,518 കേസുകളില്‍ പ്രതിയായ ഇയാളുടെ വിചാരണ ന്യൂറുപ്പിന്‍ സ്റ്റേറ്റ് കോടതിയിലായിരുന്നു നടന്നിരുന്നത്. എന്നാല്‍ സംഘടനാപരമായ ചില കാരണങ്ങളാല്‍ കോടതി നടപടികള്‍ ബ്രാന്‍ഡന്‍ബര്‍ഗിലെ ജയില്‍ സ്‌പോര്‍ട്‌സ് ഹാളിലേക്ക് മാറ്റിയിട്ടുണ്ട്.

പ്രതിയുടെ പേരോ മറ്റ് വിവരങ്ങളോ കോടതി ഇതുവരെ പുറത്ത് വിട്ടിട്ടില്ല. 1942-1945 കാലഘട്ടങ്ങളില്‍ സച്ചെന്‍ഹൗസന്‍ ക്യാംപില്‍ നാസി പാര്‍ട്ടിയുടെ പാര്‍ലമെന്ററി വിഭാഗത്തിലെ അംഗമായി പ്രവര്‍ത്തിക്കുകയായിരുന്നു ഇയാള്‍.

പ്രായാധിക്യമുണ്ടെങ്കിലും വിചാരണ നേരിടാന്‍ പ്രതി പ്രാപ്തനാണെന്നാണ് അധികാരികളുടെ വാദം. എന്നാല്‍ പ്രതിക്കായി മണിക്കൂറുകള്‍ നീളുന്ന വിചാരണ ഒഴിവാക്കുകയും ചെറു സെഷനുകളാക്കി നടത്തണമെന്നും അവര്‍ വ്യക്തമാക്കി.

1936-1945 കാലയളവില്‍ 2 ലക്ഷത്തിലധികം ആളുകളായിരുന്നു സച്ചെന്‍ഹൗസന്‍ ക്യാംപില്‍ ഉണ്ടായിരുന്നത്. പട്ടിണി, രോഗങ്ങള്‍, അടിമവേല തുടങ്ങിയ കരണങ്ങളാല്‍ നിരവധി ആളുകള്‍ മരണപ്പെട്ടിരുന്നു.

കോണ്‍സെന്‍ട്രേഷന്‍ ക്യാംപില്‍ നിന്നുള്ളവരില്‍ മരുന്ന് പരീക്ഷണങ്ങളും ശസ്ത്രക്രിയകളും മറ്റും നടത്തിയിരുന്നു. ഇക്കലയളവില്‍ എത്ര പേര്‍ മരിച്ചെന്ന കൃത്യമായ കണക്കുകള്‍ ഇനിയും തിട്ടപ്പെടുത്താനായിട്ടില്ല. ഏകദേശം 40,000 മുതല്‍ 50,000 ആളുകള്‍ മരിച്ചിട്ടുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Germany puts 100-year-old on trial for Nazi crimes