| Monday, 26th September 2022, 2:27 pm

ലോകകപ്പിൽ വിജയികളാവുന്ന ഓരോ ജർമൻ താരത്തെയും കാത്തിരിക്കുന്നത് ഭീമൻ തുക

സ്പോര്‍ട്സ് ഡെസ്‌ക്

നവംബറിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിൽ കിരീടം നേടാനായാൽ ജർമൻ താരങ്ങൾക്ക് ബോണസായി ലഭിക്കുക വമ്പൻ തുകയാണെന്ന് ജർമൻ ഫുട്ബോൾ അസോസിയേഷൻ.

ഖത്തറിൽ ആധിപത്യം സ്ഥാപിച്ചാൽ ഓരോ ജർമൻ താരത്തെയും കാത്തിരിക്കുത് 4,00,000 യൂറോയാണ്, അതായത് മൂന്ന് കോടിയിലധികം ഇന്ത്യൻ രൂപ. 

ഞായറാഴ്ച ജർമൻ ഫുട്ബോൾ അസോസിയേഷനാണ് ഔദ്യോഗികമായി ഇത്രയും ഉയർന്ന തുക ബോണസായി പ്രഖ്യാപിച്ചത്. 2018ലെ റഷ്യൻ ലോകകപ്പിൽ 3,50000 യൂറോയായിരുന്നു ബോണസായി പ്രഖ്യാപിച്ചിരുന്നത്.

എന്നാൽ അപ്രതീക്ഷിതമായി ജർമൻ ടീം ആദ്യ റൗണ്ടിൽ തന്നെ പുറത്താവുകയായിരുന്നു. 2014ലെ ബ്രസീൽ ലോകകപ്പിൽ കിരീടം നേടിയ ജർമൻ ടീം അംഗങ്ങൾക്ക് ലഭിച്ചത് 3,0000 യൂറോയായിരുന്നു.

പുതിയ കരാർ പ്രകാരം ഖത്തറിലെ ഗ്രൂപ്പ് ഘട്ടം ക്ലിയർ ചെയ്യുമ്പോൾ ഓരോ കളിക്കാരനും 50,000 യൂറോയും അവസാന എട്ടിൽ ഇടം നേടുന്നവർക്ക് 100,000 വീതവും ലഭിക്കും. സെമി-ഫൈനൽ ബർത്തിന് 150,000 യൂറോ വീതമാണ് വില.

അതേസമയം മൂന്നാം സ്ഥാനം നേടുന്ന ജർമൻ കളിക്കാർക്ക് 200,000 യൂറോ വീതം ലഭിക്കും. ഫൈനലിൽ തോറ്റാൽ 250,000 യൂറോ ബോണസായി ലഭിക്കും.

ടീമിന്റെ നന്മക്കും ക്രിയാത്മകവുമായ അന്തരീക്ഷത്തിന് തങ്ങൾ തീവ്രമായ ചർച്ചകൾ നടത്തിയിരുന്നെന്നും അതിന്റെ ഫലമായിട്ടാണ് പുതിയ തീരുമാനങ്ങളെടുത്തതെന്നും ഡി.എഫ്.ബി പ്രസിഡന്റ് ബേൺഡ് ന്യൂൺഡ്രോഫ് പറഞ്ഞു.

ചർച്ചക്കൊടുവിൽ എല്ലാവർക്കും സ്വീകാര്യമായ തീരുമാനമെടുക്കാൻ കഴിഞ്ഞതിൽ സന്തുഷ്ടവാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടീം പ്രതിനിധികളായ മാനുവൽ ന്യൂയർ, തോമസ് മുള്ളർ, ജോഷ്വ കിമ്മിച്ച്, ഇൽകെ ഗ്വെൻഡോഗൻ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകകപ്പ് ടൂർണമെന്റ് ഖത്തറിൽ നവംബർ 20ന് ആരംഭിക്കും. മുൻ ചാമ്പ്യൻമാരായ സ്‌പെയ്ൻ, കോസ്റ്ററിക്ക, ജപ്പാൻ എന്നിവർക്കൊപ്പം ഗ്രൂപ്പ് ഇയിലാണ് ജർമനി. നവംബർ 23ന് ജപ്പാനെതിരെയാണ് ജർമനിയുടെ ആദ്യ പോരാട്ടം.

കൊവിഡ് പാൻഡമിക് കാരണം 23 അംഗങ്ങളിലേക്ക് ചുരുക്കിയിരുന്ന ടീം അംഗങ്ങളെ വീണ്ടും 26 ലേക്ക് വിപുലപ്പെടുത്തിയിട്ടുണ്ട്. ലോകകപ്പിലേക്കുള്ള ഫൈനൽ സ്‌ക്വാഡിനെ പ്രഖ്യാപിച്ചിട്ടില്ല.

Content Highlight: Germany players will each receive 400,000 euros if they win World cup

We use cookies to give you the best possible experience. Learn more