ജര്‍മ്മന്‍ ദേശീയ ഫുട്‌ബോള്‍ ടീമില്‍ നിന്ന് സൂപ്പര്‍ താരം മെസൂട്ട് ഓസില്‍ വിരമിച്ചതില്‍ പരസ്യ പ്രതികരണവുമായി ജര്‍മ്മന്‍ ടീം ക്യാപ്റ്റന്‍ മാന്വല്‍ ന്യൂയര്‍. താരത്തിന്റെ രാജി അംഗീകരിക്കുന്നുവെന്നും, അത് ഓരോ വ്യക്തിയുടേയും തീരുമാനം ആണെന്നുമായിരുന്നു ജര്‍മ്മന്‍ ഗോള്‍കീപ്പര്‍ കൂടെയായ ന്യൂയറിന്റെ പ്രതികരണം.
“”അവര്‍ രണ്ട് പേരും (ഓസിലും ഗുണ്ടോകനും) ലോകകപ്പില്‍ നന്നായി കളിച്ചിരുന്നെങ്കില്‍, അല്ലെങ്കില്‍ ഞങ്ങള്‍ എല്ലാവരും നന്നായി കളിച്ചിരുന്നെങ്കില്‍ ഇന്ന് ഇവിടെ ഈ സംസാരം ഉണ്ടാവില്ലായിരുന്നു”” ന്യൂയര്‍ പറഞ്ഞു.
ALSO READ: ഗുജറാത്ത് കലാപം; അമിത് ഷായുടെ മൊഴി വിശ്വസിക്കാനാവില്ലെന്ന് പ്രത്യേക അന്വേഷണസംഘം
വ്യക്തിപരമായി ഓസിലിന്റെ രാജി തീരുമാനത്തോടുള്ള പ്രതികരണം ചോദിച്ചപ്പോള്‍ അത് ഓരോ വ്യക്തിയുടേയും ഇഷ്ടമാണെന്നാണ് ന്യൂയര്‍ പ്രതികരിച്ചത്.
“”വിരമിക്കാന്‍ ഓരോ വ്യക്തികള്‍ക്കും ഓരോ കാരണങ്ങളുണ്ട്. ഓസിലിന്റെ കാര്യത്തില്‍ അവന്‍ അത് കണ്ടെത്തി”” ജര്‍മ്മന്‍ ക്യാപ്റ്റന്‍ പറഞ്ഞു. തീരുമാനം അംഗീകരിക്കുന്നതായും താരം കൂട്ടിച്ചേര്‍ത്തു.
ഇതിന് മുമ്പും താരങ്ങള്‍ക്ക് യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പിനും ലോകകകപ്പിനു ശേഷം വിരമിക്കേണ്ടി വന്നിട്ടുണ്ടെന്നും താരം ഓര്‍മ്മിപ്പിച്ചു.
ബയണ്‍ മ്യൂണിക്കിന്റെ ഗോള്‍കീപ്പറായ ന്യൂയര്‍ 2014 ലോകകപ്പിലെ മികച്ച ഗോള്‍കീപ്പര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട താരമാണ്. ലോകത്തെ മികച്ച ഗോള്‍കീപ്പര്‍മാരില്‍ ഒരാളായ ജര്‍മ്മന്‍ താരത്തിന് പക്ഷേ ഇത്തവണ പ്രതീക്ഷക്കൊത്ത പോരാട്ടം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല.
ജര്‍മ്മന്‍ ടീം പുറത്തായതിന് ശേഷം കടുത്ത വംശീയ അധിക്ഷേപം നേരിടുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് സൂപ്പര്‍ താരം മെസൂട്ട് ഓസില്‍ ദേശീയ ടീമില്‍ നിന്നും രാജി വെച്ചത്. ഇത് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു.