ഇസ്രഈലിന്റെ നീക്കം തെറ്റായ സൂചന നല്‍കുന്നു; അല്‍ ജസീറ അടച്ചുപൂട്ടിയതില്‍ ജര്‍മനി
World News
ഇസ്രഈലിന്റെ നീക്കം തെറ്റായ സൂചന നല്‍കുന്നു; അല്‍ ജസീറ അടച്ചുപൂട്ടിയതില്‍ ജര്‍മനി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th May 2024, 7:49 pm

ബെര്‍ലിന്‍: ഇസ്രഈലില്‍ അല്‍ ജസീറയുടെ പ്രവര്‍ത്തനം നിര്‍ത്തിപ്പിച്ച നെതന്യാഹുവിന്റെ നീക്കത്തിനെതിരെ ജര്‍മനി. മാധ്യമ സ്ഥാപനമായ അല്‍ ജസീറ അടച്ചുപൂട്ടിയ തീരുമാനത്തിലൂടെ ഇസ്രഈല്‍ നല്‍കുന്നത് തെറ്റായ സന്ദേശമാണെന്ന് ജര്‍മന്‍ വിദേശകാര്യ ഓഫീസ് പറഞ്ഞു.

‘സ്വതന്ത്ര മാധ്യമ സ്ഥാപനങ്ങളും അതുസംബന്ധിച്ച പ്രവര്‍ത്തനങ്ങളും എല്ലാ ലിബറല്‍ ജനാധിപത്യ സംവിധാനങ്ങളുടെയും ആണിക്കല്ലാണ്. സംഘട്ടന സമയത്ത് മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കുക എന്നത് ഗൗരവകരവും പ്രധാനപ്പെട്ടതുമായ വിഷയമാണ്. ഈ നീക്കം തെറ്റായ സൂചന നല്‍കുന്നു,’ ജര്‍മന്‍ വിദേശകാര്യ ഓഫീസ് പ്രതികരിച്ചു. എക്സില്‍ പങ്കുവെച്ച ഔദ്യോഗിക പ്രസ്താവനയിലാണ് ജര്‍മനിയുടെ വിമര്‍ശനം

അതേസമയം ഇസ്രഈലിനെ വിമര്‍ശിച്ചുകൊണ്ടുള്ള എക്‌സ് പോസ്റ്റിന് താഴെ ജര്മനിക്കെതിരെ പ്രതിഷേധ കമന്റുകള്‍ പങ്കുവെക്കപ്പെടുന്നുണ്ട്. ഒരേ സമയം രണ്ട് നിലപാടുകള്‍ സ്വീകരിക്കരുതെന്നും തങ്ങളുടെ ഭരണകൂടത്തോട് നാണക്കേട് തോന്നുന്നുവെന്നും വിമര്‍ശകര്‍ പറയുന്നു.

പത്ര സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, എന്തുകൊണ്ട് ജര്‍മന്‍ മാധ്യമങ്ങള്‍ നോര്‍ഡ് സ്ട്രീം ബോംബിങ്ങിനെ കുറിച്ച് അന്വേഷിക്കുന്നില്ല. ആരാണ് ഈ ഭീകരപ്രവര്‍ത്തനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് അറിയണമെന്നും ഒരാള്‍ ചൂണ്ടിക്കാട്ടി

ഞായറഴ്ചയാണ് ഇസ്രഈലില്‍ അല്‍ ജസീറയുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലയ്ക്കുന്നത്. തീരുമാനം ഇസ്രഈല്‍ മന്ത്രിസഭ ഏകകണ്ഠമായി പാസാക്കിയതാണെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.

രാജ്യ സുരക്ഷക്ക് ഭീഷണിയായ മാധ്യമസ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതിന് അനുവദിക്കുന്ന ബില്‍ ഇസ്രഈല്‍ പാര്‍ലമെന്റ് പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അല്‍ ജസീറയെ പൂട്ടുന്നതുമായി ബന്ധപ്പെട്ട് മന്ത്രിസഭയില്‍ ഞായറാഴ്ച വോട്ടെടുപ്പ് നടന്നത്. വോട്ടെടുപ്പില്‍ തീരുമാനത്തിന് അംഗീകാരം ലഭിച്ചതോടെ തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇസ്രഈലില്‍ അല്‍ ജസീറയെ പൂട്ടാന്‍ ഏകകണ്ഠമായി തീരുമാനിച്ചെന്ന് നെതന്യാഹു എക്സിലൂടെ അറിയിച്ചു.

മാസങ്ങളായി തുടരുന്ന ശ്രമങ്ങള്‍ക്കൊടുവിലാണ് അല്‍ജസീറയെ പൂട്ടാന്‍ ഇസ്രഈല്‍ തീരുമാനിച്ചത്. ഇസ്രഈലിന്റെ സുരക്ഷ ലംഘിച്ചാണ് അല്‍ ജസീറ പ്രവര്‍ത്തിക്കുന്നതെന്നും ഒക്ടോബര്‍ ഏഴിന് രാജ്യത്ത് നടന്ന ഹമാസിന്റെ ആക്രമണത്തില്‍ അല്‍ ജസീറയും പങ്കാളികളാണെന്നും നെതന്യാഹു കഴിഞ്ഞ മാസം എക്സില്‍ കുറിച്ചിരുന്നു.

ലോകമെമ്പാടുമുള്ള തങ്ങളുടെ ജീവനക്കാരുടെ സുരക്ഷക്ക് നെതന്യാഹുവിന് ഉത്തരവാദിത്തം ഉണ്ടെന്നാണ് അല്‍ജസീറ ഇതിനോട് പ്രതികരിച്ചത്.

Content Highlight: Germany opposes Netanyahu’s move to shut down Al Jazeera