| Saturday, 15th June 2024, 7:52 am

ഇങ്ങനെയൊരു വിജയം ചരിത്രത്തിലാദ്യം; ആദ്യ കളിയിൽ തന്നെ ജർമൻപട വാരിക്കൂട്ടിയത് ചരിത്രനേട്ടങ്ങൾ

സ്പോര്‍ട്സ് ഡെസ്‌ക്

2024 യൂറോ കപ്പിലെ ആദ്യ മത്സരത്തില്‍ ആതിഥേയരായ ജര്‍മനിക്ക് തകര്‍പ്പന്‍ വിജയം. ആലിയന്‍സ് അറീനയില്‍ നടന്ന മത്സരത്തില്‍ സ്‌കോട്‌ലാന്‍ഡിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ജര്‍മനി പരാജയപ്പെടുത്തിയത്. ഈ ആവേശകരമായ വിജയത്തിന് പിന്നാലെ ഒരുപിടി ചരിത്രനേട്ടങ്ങളാണ് ജര്‍മനി സ്വന്തമാക്കിയത്.

യൂറോകപ്പിന്റെ ചരിത്രത്തിലെ ഉദ്ഘാടന മത്സരത്തിലെ ഒരു ടീമിന്റെ ഏറ്റവും വലിയ വിജയമാണിത്. ഇതിനു പുറമേ യൂറോ കപ്പിന്റെ ചരിത്രത്തിലെ ജര്‍മനിയുടെ എക്കാലത്തെയും വലിയ വിജയമാണ് സ്‌കോട്‌ലാന്‍ഡിനെതിരെ നേടിയെടുത്തത്.

മത്സരത്തില്‍ 4-2-3-1 എന്ന ഫോര്‍മേഷനിലാണ് ആതിഥേയരായ ജര്‍മനി കളത്തിലിറങ്ങിയത്. മറുഭാഗത്ത് 5-4-1 എന്ന ശൈലിയുമായിരുന്നു സ്‌കോട്‌ലാന്‍ഡ് പിന്തുടര്‍ന്നത്.

മത്സരം തുടങ്ങി പത്താം മിനിട്ടില്‍ തന്നെ ഫ്‌ളോറിന്‍ വിറ്റ്‌സിലൂടെയാണ് ജര്‍മനി ഗോളടി മേളം തുടങ്ങിയത്. ജമാല്‍ മുസിയാല (19), കൈ ഹവേര്‍ട്‌സ് (45+1), നിക്കാള്‍സ് ഫുള്‍ബര്‍ഗ് (68), എമറെ ചാന്‍ (90+3) എന്നിവരാണ് ജര്‍മനിയുടെ മറ്റു ഗോള്‍ സ്‌കോറര്‍മാര്‍. 87ാം മിനിട്ടില്‍ അന്റോണിയോ റൂഡികറിന്റെ ഓണ്‍ ഗോളിലൂടെയാണ് സ്‌കോട്‌ലാന്‍ഡിന്റെ പേരില്‍ ഒരു ഗോള്‍ കുറിക്കപ്പെട്ടത്.

മത്സരത്തിന്റെ 44ാം മിനിട്ടില്‍ റയാന്‍ പോര്‍ട്ടിയസ് ചുവപ്പുകാര്‍ഡ് കണ്ടു പുറത്തായിരുന്നു. ബാക്കിയുള്ള നിമിഷങ്ങളിലെല്ലാം സ്‌കോട്‌ലാന്‍ഡ് പത്ത് ആളുകളുമായാണ് കളിച്ചത്.

മത്സരത്തിന്റെ സര്‍വ്വ മേഖലയിലും ജര്‍മ്മനി ആയിരുന്നു മുന്നിട്ടു നിന്നത്. 73 ശതമാനം ബോള്‍ പൊസഷന്‍ സ്വന്തമാക്കിയ ജര്‍മ്മനി 20 ഷോട്ടുകളാണ് എതിരാളികളുടെ പോസ്റ്റിലേക്ക് ഉതിര്‍ത്തത്. ഇതില്‍ 10 എണ്ണവും ലക്ഷ്യത്തിലേക്ക് ആയിരുന്നു.

എന്നാല്‍ സ്‌കോട്‌ലാന്‍ഡിന് ഒരു ഷോട്ട് മാത്രമേ ആതിഥേയരുടെ പോസ്റ്റിലേക്ക് ഉന്നം വെക്കാന്‍ സാധിച്ചുള്ളൂ. ഇതില്‍ ഒന്നുപോലും ലക്ഷ്യത്തിലെത്തിക്കാന്‍ സ്‌കോട്‌ലാന്‍ഡിന് സാധിച്ചില്ല.

ജയത്തോടെ മൂന്ന് പോയിന്റോടെ ഒന്നാം സ്ഥാനത്തെത്താനും ജര്‍മന്‍ പടക്ക് സാധിച്ചു. ജൂണ്‍ 19ന് ഹങ്കറിക്കെതിരെയാണ് ജര്‍മനിയുടെ അടുത്ത മത്സരം. അതേസമയം ജൂണ്‍ 20ന് നടക്കുന്ന മത്സരത്തില്‍ സ്വിറ്റ്‌സര്‍ലാന്‍ഡാണ് സ്‌കോട്‌ലാന്റിന്റെ എതിരാളികള്‍.

Content Highlight: Germany Historical Win Against Scotland in Euro Cup 2024

We use cookies to give you the best possible experience. Learn more