| Friday, 14th June 2024, 9:33 am

ചരിത്രനേട്ടത്തിന്റെ തലയെടുപ്പോടെയാണ് ജർമൻപട യൂറോപ്പ് കീഴടക്കാൻ വരുന്നത്; സ്വന്തം മണ്ണിൽ വേട്ട തുടങ്ങാനൊരുങ്ങി ജർമനി

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോള്‍ ലോകം മുഴുവന്‍ ആവേശത്തോടെ കാത്തിരിക്കുന്ന യൂറോ മാമാങ്കം ആരംഭിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂ. ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ജര്‍മനിയും സ്‌കോട്‌ലാന്‍ഡുമാണ് ഏറ്റുമുട്ടുന്നത്.

സ്വന്തം തട്ടകത്തില്‍ തങ്ങളുടെ ഫുട്‌ബോള്‍ ചരിത്രത്തിലെ നാലാം യൂറോ കിരീടം ലക്ഷ്യമിട്ടാണ് ജര്‍മന്‍ പട കളത്തില്‍ ഇറങ്ങുന്നത്. പുതിയ പരിശീലകന്‍ ജൂലിയന്‍ നെഗ്ലസ്മാന് കീഴില്‍ ഒരു പിടി യുവതാരങ്ങളും അനുഭവ സമ്പത്തുള്ള താരങ്ങളുമായാണ് ജര്‍മനി യൂറോപ്പ് കീഴടക്കാന്‍ ഒരുങ്ങുന്നത്.

യൂറോ കപ്പിന്റെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ മറ്റൊരു ടീമിനുമില്ലാത്ത ചരിത്ര നേട്ടത്തിന്റെ തലയെടുപ്പോടുകൂടിയാണ് സ്വന്തം മണ്ണില്‍ ജര്‍മന്‍ പട പോരാട്ടത്തിന് ഇറങ്ങുന്നത്.

യൂറോ കപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടിയ ടീം എന്ന നേട്ടമാണ് ഇപ്പോഴും ജര്‍മനിയുടെ പേരില്‍ നിലനില്‍ക്കുന്നത്. യൂറോ കപ്പില്‍ 53 മത്സരങ്ങളില്‍ നിന്നും 94 പോയിന്റാണ് ജര്‍മനി നേടിയെടുത്തിട്ടുള്ളത്. 45 മത്സരങ്ങളില്‍ നിന്നും 81 പോയിന്റോടെ നിലവിലെ യൂറോ ചാമ്പ്യന്മാരായ ഇറ്റലിയാണ് രണ്ടാം സ്ഥാനത്തുള്ളത്. അസൂറി പടയേക്കാള്‍ 13 പോയിന്റുമായി ബഹുദൂരം മുന്നിലാണ് ജര്‍മനി.

യൂറോകപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടിയ ടീം, മത്സരങ്ങളുടെ എണ്ണം, പോയിന്റ് എന്നീ ക്രമത്തില്‍

ജര്‍മനി-53-94

ഇറ്റലി-45-81

സ്‌പെയ്ന്‍-46-78

ഫ്രാന്‍സ്-43-75

നെതര്‍ലാന്‍ഡ്സ്-39-68

പോര്‍ച്ചുഗല്‍-39-67

ഇംഗ്ലണ്ട്-38-58

അതേസമയം 2017 കോണ്‍ഫറേഷന്‍ കപ്പ് വിജയിച്ചതിനുശേഷം ഒരു മേജര്‍ ടൂര്‍ണമെന്റുകളിലും തങ്ങളുടെ പെരുമക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ ജര്‍മനിക്ക് സാധിച്ചിരുന്നില്ല. 2018, 2022 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലാണ് ജര്‍മനി പുറത്തായത്. കഴിഞ്ഞ യൂറോ കപ്പില്‍ പ്രീക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെതിരെ പരാജയപ്പെട്ടു കൊണ്ടായിരുന്നു ജര്‍മനി തങ്ങളുടെ പോരാട്ടം അവസാനിപ്പിച്ചത്.

അതുകൊണ്ടുതന്നെ ഈ വര്‍ഷം സ്വന്തം തട്ടകത്തില്‍ പുതിയ പരിശീലകന്റെ കീഴില്‍ കിരീടം ഉയര്‍ത്താനുള്ള സുവര്‍ണ്ണാവസരമാണ് ജര്‍മനിയുടെ മുന്നിലെത്തി നില്‍ക്കുന്നത്. 1996നു ശേഷം യൂറോ കപ്പ് കിരീടം സ്വന്തം ജര്‍മന്‍ മണ്ണില്‍ നേടുമെന്നു തന്നെയാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

Content Highlight: Germany Great Record in Euro Cup

We use cookies to give you the best possible experience. Learn more