മ്യൂണിക്: ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന വംശഹത്യയെ വിമര്‍ശിച്ച രണ്ട് ഇസ്രഈലി മനുഷ്യാവകാശ സംഘടനകളുടെ ഫണ്ടിങ് തടഞ്ഞ് ജര്‍മന്‍ സര്‍ക്കാര്‍. സോക്രോട്ട്, ന്യൂ പ്രൊഫൈല്‍ എന്നീ സംഘടനകള്‍ക്കുള്ള ധനസഹായമാണ് സര്‍ക്കാര്‍ നിര്‍ത്തിവെച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രഈലി നയങ്ങളെയും ഗസയില്‍ നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങളെയും വിമര്‍ശിക്കുന്ന മനുഷ്യാവകാശ സംഘടനകള്‍ക്കുള്ള ഫെഡറല്‍ ധനസഹായം നിര്‍ത്തുന്നതിന്റെ ഭാഗമാണ് ഈ നീക്കമെന്ന് ജര്‍മനിയുടെ പബ്ലിക് ഇന്റര്‍നാഷണല്‍ ബ്രോഡ്കാസ്റ്ററായ ഡച്ച് വെല്ലെ (ഡി.ഡ.ബ്ല്യു) റിപ്പോര്‍ട്ട് ചെയ്തു. 2023 ഒക്ടോബറില്‍ ഗസയില്‍ യുദ്ധം ആരംഭിച്ചത് മുതല്‍ ജര്‍മനി കുറഞ്ഞത് ആറ് ഫലസ്തീന്‍ സംഘടനകള്‍ക്കുള്ള ധനസഹായവും അവസാനിപ്പിച്ചിട്ടുണ്ട്.
ജര്‍മനിയുടെ ഈ തീരുമാനം രാഷ്ട്രീയ പ്രേരിതമാണെന്നും വിമര്‍ശനങ്ങളെ നിശബ്ദമാക്കാനുള്ള ശ്രമമാണെന്നും സോക്രോട്ടിന്റെയും ന്യൂ പ്രൊഫൈലിന്റെയും പ്രതിനിധികള്‍ പറഞ്ഞു. ഇസ്രഈലിന്റെ സമ്മര്‍ദത്തിന് കീഴിലാണ് ബെര്‍ലിന്‍ പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ഒരു വര്‍ഷം മുമ്പ് അംഗീകരം പുതുക്കിയ ഈ പദ്ധതികളുടെ ധനസഹായം പെട്ടെന്ന് റദ്ദാക്കിയതിന് ജര്‍മന്‍ ഉദ്യോഗസ്ഥര്‍ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല.
എന്നാല്‍ ജര്‍മനിയുടെ ചരിത്രം കാരണം ഇസ്രഈലിനെ പിന്തുണയ്‌ക്കേണ്ടത് വളരെ പ്രധാനമാണെന്ന് ജര്‍മന്‍ ഉദ്യോഗസ്ഥര്‍ സംഘടനയുടെ പ്രതിനിധികളോട് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.
1948ലെ അറബ്-ഇസ്രഈല്‍ യുദ്ധത്തില്‍ കുടിയിറക്കപ്പെട്ട ലക്ഷക്കണക്കിന് അറബ് നിവാസികളെയും ഫലസ്തീനികളുടെയും തിരിച്ചുവരവിനുള്ള അവകാശത്തെ പിന്തുണയ്ക്കുന്ന സംഘടനയാണ് സോക്രോട്ട്.
ജര്‍മന്‍ സര്‍ക്കാരിന്റെ നടപടി തങ്ങളെ സാമ്പത്തികമായി ബുദ്ധിമുട്ടിലാക്കുന്നുവെന്നും സംഘടന പറഞ്ഞു. ജര്‍മനിയിലെ ഫലസ്തീന്‍ ആവിഷ്‌കാരത്തെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നതായും അവര്‍ വ്യക്തമാക്കി.
Content Highlight: Germany cuts funding to two Israeli human rights organizations for criticizing Israel