ഗസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടതിന് മനുഷ്യകടത്ത് വിരുദ്ധ പദ്ധതിക്ക് ഫണ്ടിങ് നിർത്തലാക്കി ജർമനി
World News
ഗസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടതിന് മനുഷ്യകടത്ത് വിരുദ്ധ പദ്ധതിക്ക് ഫണ്ടിങ് നിർത്തലാക്കി ജർമനി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 9th December 2023, 10:24 pm

ബെർലിൻ: ഗസയിലെ ഇസ്രഈൽ ആക്രമണങ്ങളെ അപലപിച്ചതിന്റെ പേരിൽ ഈജിപ്തിലെ മനുഷ്യക്കടത്ത് വിരുദ്ധ പ്രോഗ്രാമിനുള്ള ഫണ്ട് ജർമ്മനി തടഞ്ഞു വെച്ചതായി ആരോപണം.

ഈജിപ്ഷ്യൻ വുമൺസ് ലീഗൽ അസിസ്റ്റൻസിന്റെ ബോർഡ് ഓഫ് ട്രസ്റ്റീസ് മേധാവിയും അഭിഭാഷകയുമായ അസ സോളമനാണ് സംഘടനയ്ക്ക് കീഴിലുള്ള മനുഷ്യക്കടത്ത് വിരുദ്ധ പരിപാടിക്കുള്ള ഫണ്ട് തന്റെ ഫലസ്തീൻ അനുകൂല നിലപാടിനെ തുടർന്ന് പിടിച്ചുവെച്ചതായി അറിയിച്ചത്.

ഒക്ടോബർ 24ന് ഗസയിലെ ഇസ്രഈലി ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും ഇസ്രഈലി ഉത്പന്നങ്ങൾ ബഹിഷ്കരിക്കുന്ന ബി.ഡി.എസ് മുന്നേറ്റത്തിന് പിന്തുണ അറിയിച്ചും ലോകത്തുടനീളമുള്ള 254 എൻ.ജി.ഒകളുടെ സംയുക്ത പ്രസ്താവനയിൽ അസ സോളമനും ഒപ്പു വെച്ചിരുന്നു.

ഇസ്രഈലിനെ ബഹിഷ്കരിക്കുന്ന മുന്നേറ്റങ്ങളിൽ സംഘടനകൾ പങ്കെടുക്കരുത് എന്നതാണ് ഫണ്ട്‌ ലഭ്യമാക്കുന്നതിനുള്ള തങ്ങളുടെ നിബന്ധനകളിൽ ഒന്ന് എന്ന് ജർമൻ എംബസി അറിയിച്ചതായി മദാ മസർ ന്യൂസ് വെബ്സൈറ്റ് അറിയിച്ചു.

2020ൽ അസ മനുഷ്യാവകാശങ്ങൾക്കും നിയമവാഴ്ചയ്ക്കുള്ള ഫ്രാങ്കോ ജർമൻ പുരസ്കാരം നേടിയിരുന്നു. ഗസയിൽ സിവിലിയന്മാരെ കൊന്നൊടുക്കുന്ന ഇസ്രഈൽ നടപടിയിൽ യൂറോപ്പ്യൻ സർക്കാരുകളുടെ നിലപാടിനെ അപലപിച്ച് ഒക്ടോബറിൽ പുരസ്കാര ജേതാക്കളായ മറ്റു ഒമ്പത് പേർക്കൊപ്പം അസ കത്തെഴുതിയിരുന്നു.

മനുഷ്യാവകാശങ്ങളെ പിന്തുണയ്ക്കുന്നു എന്ന പറയുന്നവരുടെ പൊഴിമുഖങ്ങൾ അഴിഞ്ഞു വീഴുന്ന ചരിത്ര കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. ഫലസ്തീൻ ജനങ്ങളുടെ ദുരിതത്തിനു നേരെ കണ്ണടച്ചുകൊണ്ട് ജൂതരുമായുള്ള തങ്ങളുടെചരിത്രത്തെ വെള്ളപൂശുന്ന ഇരട്ടത്താപ്പ് നയമാണ് ജർമൻ സർക്കാർ കാണിക്കുന്നത്,’ അസ മദാ മസറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

മനുഷ്യൻ കടത്ത് വിരുദ്ധ പദ്ധതിക്ക് ഫണ്ടിങ് നിർത്തുവാനുള്ള ജർമ്മൻ തീരുമാനത്തെ തുടർന്ന് ജർമൻ സർക്കാരുമായി വികസന പദ്ധതികളിൽ തന്റെ സംഘടന സഹകരിക്കില്ലെന്ന് ഈജിപ്ഷ്യൻ ഇനിഷ്യേറ്റീവ് ഫോർ പേഴ്സണൽ റൈറ്റ്സ് മേധാവി ഹോസം ബഹ്ഗാട്ട് പറഞ്ഞു.

Content Highlight: Germany cuts funding for anti-trafficking programme after chair calls for Gaza ceasefire