2024 യൂറോകപ്പിന് മുന്നോടിയായി ഉള്ള സൗഹൃദ മത്സരത്തില്‍ ജര്‍മനിക്ക് വമ്പന്‍ ജയം. നെതര്‍ലാന്‍ഡ്‌സിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ജര്‍മന്‍ പട തകര്‍ത്തു വിട്ടത്.
ഓറഞ്ച് പടയുടെ തട്ടകമായ ഡച്ച് ബാങ്ക് പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-2-3-1 എന്ന ഫോര്‍മേഷനിലാണ് ജര്‍മനി കളത്തില്‍ ഇറങ്ങിയത്. മറുഭാഗത്ത് 3-4-2-1 എന്ന ശൈലിയില്‍ ആയിരുന്നു ആതിഥേയര്‍ അണിനിരന്നത്.
മത്സരം തുടങ്ങി നാലാം മിനിട്ടില്‍ തന്നെ ജോയി വീര്‍മാനിലൂടെ ആതിഥേയര്‍ ആണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ ഈ ഗോളിന് വെറും ഏഴ് മിനിട്ട് മാത്രമേ ആയുസ് ഉണ്ടായിരുന്നുള്ളൂ.
11ാം മിനിട്ടില്‍ മാക്‌സിമിലിയന്‍ മിറ്റെല്‍ സ്റ്റാഡ് ജര്‍മനിക്കായി മറുപടി ഗോള്‍ നേടി. ഒടുവില്‍ ആദ്യപകുതി പിന്നിടുമ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു.
രണ്ടാം പകുതിയില്‍ ഇരു ടീമുകളും വിജയകോളിനായി മികച്ച നീക്കങ്ങള്‍ നടത്തി. എന്നാല്‍ മത്സരത്തിന്റെ 85ാം മിനിട്ടില്‍ ബൊറൂസിയ ഡോട്മുണ്ട് സൂപ്പര്‍ താരം നിക്കോളാസ് ഫുള്‍ബര്‍ഗിലൂടെ ജര്‍മനി വിജയഗോള്‍ നേടുകയായിരുന്നു.
മത്സരത്തില്‍ 62 ശതമാനം ബോള്‍ പൊസഷനും ജര്‍മനിയുടെ കൈകളില്‍ ആയിരുന്നു. 11 ഷോട്ടുകളാണ് ജര്‍മന്‍ പട എതിരാളികളുടെ പോസ്റ്റിലേക്ക് ഉതിര്‍ത്തത് ഇതില്‍ ഏഴ് ഷോട്ടുകള്‍ ലക്ഷ്യത്തിലേക്കായിരുന്നു.