ബെർലിൻ: ഹിസ്ബുള്ളയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മുസ്‌ലിം മത സംഘടനയെ നിരോധിച്ച് ജർമനി. രാജ്യത്ത് തീവ്രവാദം പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് ജർമനിയുടെ നടപടി.
ഇസ്‌ലാമിക് സെൻ്റർ ഹാംബർഗിനും അതിന്റെ ദേശീയ അഫിലിയേറ്റുകൾക്കും രാജ്യത്ത് നിരോധനം ഏർപ്പെടുത്തുകയാണെന്ന് ഫെഡറൽ ആഭ്യന്തര കമ്മ്യൂണിറ്റി മന്ത്രാലയം അറിയിച്ചു. പിന്നാലെ മത സംഘടനക്കെതിരായ നീക്കത്തെ ഭരണഘടന വിരുദ്ധമെന്ന് വിമർശകർ ചൂണ്ടിക്കാട്ടി.
Also Read: നേപ്പാളിൽ വിമാനം തകർന്നു: 18 പേർ മരിച്ചു
തുടർന്ന്, ജർമനിയിൽ തീവ്രവാദത്തെയും ഏകാധിപത്യ പ്രത്യയശാസ്തത്തെയും പ്രോത്സാഹിപ്പിക്കുന്ന സംഘടനെയാണ് തങ്ങൾ നിരോധിച്ചിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി നാൻസി ഫൈസർ പ്രതികരിച്ചു.
ഇസ്‌ലാമിക പ്രത്യയശാസ്ത്രം മനുഷ്യന്റെ അന്തസ്സിനും സ്ത്രീകളുടെ അവകാശങ്ങൾക്കും ജുഡീഷ്യറിക്കും ജനാധിപത്യത്തിനും എതിരാണെന്നും അവർ പറഞ്ഞു. നിരോധിക്കപ്പെട്ട മത സംഘടന ജർമനിയിൽ ജൂത വിരുദ്ധ പ്രചരിപ്പിക്കുകയാണെന്നും നാൻസി ഫൈസർ ആരോപിച്ചു.
ഇറാന്റെ മുതിർന്ന നേതാക്കളുമായി സംഘടന ബന്ധം പുലർത്തുന്നുണ്ട്. ജർമനിയിൽ ഇസ്‌ലാമിക വിപ്ലവം സൃഷ്ടിക്കാനാണ് ഇസ്‌ലാമിക് സെൻ്റർ ഹാംബർഗ് ശ്രമിക്കുന്നതെന്നും നാൻസി ഫൈസർ പറഞ്ഞു.
കഴിഞ്ഞ നവംബറിൽ ഇസ്‌ലാമിക് സെൻ്റർ ഹാംബർഗിന്റെ 50ഓളം സ്വത്തുക്കൾ റെയ്ഡ് ചെയ്തതിന് പിന്നാലെയാണ് നിരോധനം ഏർപ്പെടുത്തിയത്. തീവ്രവാദം പ്രചരിപ്പിക്കാൻ ഗൂഢാലോചന നടത്തിയെന്ന വാദത്തെ സാധൂകരിക്കുന്ന തെളിവുകൾ റെയ്‌ഡിൽ കണ്ടെത്തിയെന്നായിരുന്നു ജർമൻ പൊലീസിന്റെ വാദം. എന്നാൽ തെളിവുകളെ സംബന്ധിച്ചുള്ള വിവരങ്ങൾ സർക്കാരും പൊലീസും ഇതുവരെ പുറത്തുവിട്ടിട്ടില്ല.
Also Read: പ്രത്യേക പദവിയില്ല; ബീഹാർ അസംബ്ലിയിൽ കളിപ്പാട്ടങ്ങളുയർത്തി പ്രതിപക്ഷ പ്രതിഷേധം
സംഘടനയെ നിരോധിച്ചതിനെ തുടർന്ന് ജർമനിയിലെ നാല് ഷിയ മുസ്‌ലിം പള്ളികൾ അടച്ചിടും. കൂടാതെ സംഘടനയുടെ സ്വത്തുക്കൾ കണ്ടുക്കെട്ടുകയും ചെയ്യും. അതേസമയം മതത്തിൽ വിശ്വസിക്കാനുള്ള മുസ്‌ലിങ്ങളുടെ അവകാശത്തെ ഹനിച്ചിട്ടില്ലെന്നും ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യം വെച്ചുള്ള നടപടിയല്ല സർക്കാരിന്റേതെന്നും നാൻസി ഫൈസർ പറഞ്ഞു.
2020ൽ ലെബനീസ് സായുധ ഗ്രൂപ്പിനെയും ജർമനി ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു. ലെബനീസ് സായുധ ഗ്രൂപ്പും ഇസ്‌ലാമിക് സെൻ്റർ ഹാംബർഗും ജർമൻ ആഭ്യന്തര മന്ത്രാലയത്തിന്റെ നിരീക്ഷണത്തിലാണ്.
Content Highlight: Germany bans Muslim religious organization for alleged links to Hezbollah