ബെര്‍ലിന്‍: രാജ്യവ്യാപകമായി നടത്തിയ റെയ്ഡില്‍ തീവ്ര വലതുപക്ഷ സംഘടനയിലെ 25 പേരെ അറസ്റ്റ് ചെയ്ത് ജര്‍മന്‍ പൊലീസ്. സായുധാക്രമണത്തിലൂടെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പദ്ധതിയിട്ടെന്ന് ആരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
റീച്ച്‌ബേര്‍ഗര്‍ മൂവ്‌മെന്റ് Reich Citizens (Reichsbuerger) എന്ന സംഘടനയുടെ ഭാഗമായവരാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. അമേരിക്കയിലും യൂറോപ്പിലും പ്രബലമായിക്കൊണ്ടിരിക്കുന്ന ക്വിനോണ്‍ ഗൂഢാലോചന സിദ്ധാന്തത്തെ (QAnon conspiracy theories ) പിന്‍പറ്റുന്നവരാണ് ഈ സംഘടനയിലുള്ളവരെന്നാണ് റിപ്പോര്‍ട്ടുകള്‍.
2017ല്‍ അമേരിക്കയിലെ ട്രംപ് അനുകൂലികളായ തീവ്ര വലതുപക്ഷ ഗ്രൂപ്പുകളില്‍ തുടങ്ങിയ ഈ സിദ്ധാന്തം, ക്യു എന്ന പേരിലുള്ള ഒരാള്‍ നടത്തുന്ന വാദങ്ങളുടെ അടിസ്ഥാനത്തിലാണ് നിലനില്‍ക്കുന്നത്. സാത്താന്‍ ആരാധകരും മനുഷ്യക്കടത്ത് നടത്തുന്നവരുമായ ഒരു ഗ്രൂപ്പാണ് അമേരിക്കയെ നയിക്കുന്നതെന്നും ഇവരില്‍ നിന്നും ഡൊണാള്‍ഡ് ട്രംപിന് മാത്രമേ രാജ്യത്തെ രക്ഷിക്കാന്‍ കഴിയൂ എന്നുമായിരുന്നു ഈ സിദ്ധാന്തത്തില്‍ പറഞ്ഞിരുന്നത്.
പിന്നീട് സോഷ്യല്‍ മീഡിയ വഴി വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ഈ സിദ്ധാന്തം ഓരോ രാജ്യത്തും പല രീതിയില്‍ വളരുകയായിരുന്നു. ജര്‍മനിയിലെ റീച്ച് ബേര്‍ഗര്‍ മൂവ്‌മെന്റില്‍ ഉള്‍പ്പെട്ടവര്‍ നിലവിലെ സര്‍ക്കാരിനെ അട്ടിമറിച്ച് തങ്ങള്‍ ആഗ്രഹിക്കുന്ന ഭരണസംവിധാനം നിലവില്‍ വരുത്തണമെന്ന് ലക്ഷ്യമിട്ടാണ് പ്രവര്‍ത്തിച്ചിരുന്നത്.
ജര്‍മന്‍ പാര്‍ലമെന്റായ ബുണ്ടന്‍സ്റ്റാഗിലേക്ക് സായുധാക്രമണം നടത്താനും സര്‍ക്കാരിനെ അട്ടിമറിക്കാനുമായിരുന്നു ഇവര്‍ തീരുമാനിച്ചിരുന്നതെന്നാണ് ജര്‍മന്‍ പൊലീസിനെ ഉദ്ധരിച്ച് സി.ബി.എസ് ന്യൂസ് അടക്കമുള്ള വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഹെയ്ന്റീച്ച് XIII P , റൂഡിഗര്‍ എന്നിവരാണ് ജര്‍മനിയില്‍ ഈ സംഘടനക്ക് തുടക്കമിട്ടതെന്നാണ് പൊലീസ് പറയുന്നത്. ഇവരും പൊലീസ് പിടിയിലായിട്ടുണ്ട്.
‘ജര്‍മനിയിലെ സര്‍ക്കാരിനെ അട്ടിമറിച്ച് തങ്ങള്‍ ഉദ്ദേശിക്കുന്ന തരത്തിലുള്ള ഭരണസംവിധാനം നിലവില്‍ വരുത്തുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം. ഈ സംഘടന രൂപീകരിക്കുന്നത് തന്നെ ഈ ലക്ഷ്യത്തോടെയാണ്. സായുധസംഘങ്ങളുമായെത്തി പാര്‍ലമെന്റില്‍ അതിക്രമിച്ചു കയറാനായിരുന്നു ഇവരുടെ പ്ലാന്‍,’ അല്‍ ജസീറയുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഈ സംഘത്തെ പിടികൂടാന്‍ വ്യാപകമായ പദ്ധതികളായിരുന്നു പൊലീസ് സേന നടപ്പിലാക്കിയിരുന്നതെന്നും ഈ റിപ്പോര്‍ട്ടുകളിലുണ്ട്. ജര്‍മനിയിലെ 11 സംസ്ഥാനങ്ങളിലെ 130 നഗരങ്ങളിലായാണ് ബുധനാഴ്ച റെയ്ഡ് നടന്നത്. 3000 പൊലീസ് ഓഫീസര്‍മാരായിരുന്നു ഈ ഓപ്പറേഷനിലുണ്ടായിരുന്നത്.
ജര്‍മനിയിലെ മുന്‍ രാജകുടുംബാംഗത്തിലെ ഒരു അംഗവും തീവ്രവലതുപക്ഷ പാര്‍ട്ടിയായ എ.എഫ്.ഡിയിലെ മുന്‍ പാര്‍ലമെന്റ് അംഗവുമായ ഒരു വ്യക്തിയാണ് റീച്ച്‌ബേര്‍ഗര്‍ ഗ്രൂപ്പിന് പിന്നിലെന്നും പൊലീസിന് സൂചനകള്‍ ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ജര്‍മനിയിലെ സ്‌പെഷ്യല്‍ മിലിട്ടറി സ്‌ക്വാഡായ കെ.എസ്.കെയിലെ അംഗങ്ങളും ഇതിന് പിന്നിലുണ്ടെന്നും പറയപ്പെടുന്നു.
ജര്‍മനിയിലെ കേന്ദ്ര-സംസ്ഥാന സുരക്ഷാവകുപ്പുകളിലെ 327 ഉദ്യോഗസ്ഥര്‍ക്ക് തീവ്രവലതുപക്ഷ സംഘങ്ങളുമായി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ട് ഇക്കഴിഞ്ഞ മെയ് മാസത്തില് ആഭ്യന്തര വകുപ്പ് പുറത്തുവിട്ടിരുന്നു.