| Monday, 21st March 2022, 1:50 pm

ജര്‍മനിക്ക് ഇന്ധനം നല്‍കാന്‍ ഖത്തര്‍; റഷ്യക്ക് മേലുള്ള യൂറോപ്യന്‍ ആശ്രയത്വം അവസാനിപ്പിക്കാന്‍ നീക്കം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദോഹ: ഖത്തറുമായി ദീര്‍ഘകാല ഊര്‍ജ പങ്കാളിത്തത്തില്‍ ഏര്‍പ്പെടാനൊരുങ്ങി ജര്‍മനി. ജര്‍മനിയുടെയും ഖത്തറിന്റെയും സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെയാണ് ചര്‍ച്ച നടക്കുന്ന കാര്യം ഞായറാഴ്ച പുറത്തുവിട്ടത്.

ഉക്രൈന്‍- റഷ്യ യുദ്ധസാഹചര്യത്തില്‍ എണ്ണക്ക് വേണ്ടി ജര്‍മനി റഷ്യയെ ആശ്രയിക്കുന്നത് കുറക്കാനാണ് ഇരുരാജ്യങ്ങളും തമ്മില്‍ സഹകരിക്കുന്നത്.

ജര്‍മനിയുടെ ധനകാര്യ മന്ത്രി റോബര്‍ട്ട് ഹാബെക്ക് തന്റെ ദോഹ സന്ദര്‍ശനത്തിനിടെ ഖത്തറുമായി കാരിലേര്‍പ്പെട്ടതായി ജര്‍മന്‍ മന്ത്രാലയം തന്നെയാണ് അറിയിച്ചത്.

ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുമായും റോബര്‍ട്ട് ഹാബെക്ക് ചര്‍ച്ച നടത്തി.

സഹകരണം ഉറപ്പിച്ചതായാണ് ജര്‍മനി പറയുന്നതെങ്കിലും, കരാറിന്മേല്‍ അന്തിമ തീരുമാനമായതായി ഖത്തറിന്റെ ഭാഗത്ത് നിന്നും ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്ത് വന്നിട്ടില്ല.

എല്‍.എന്‍.ജി ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന ലോകത്തെ മൂന്ന് രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. ജര്‍മനിക്ക് ഏറ്റവും കൂടുതല്‍ ഗ്യാസ് സപ്ലൈ ചെയ്യുന്ന രാജ്യമാണ് റഷ്യ.

ഉക്രൈനെ റഷ്യ ആക്രമിച്ചതിന് പിന്നാലെ, റഷ്യന്‍ ഇന്ധനം ഉപയോഗിക്കുന്നത് നിര്‍ത്തലാക്കി എല്‍.എന്‍.ജിയിലേക്ക് മാറുന്നതിനെക്കുറിച്ചാണ് ജര്‍മനി അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ ചിന്തിക്കുന്നത്.


Content Highlight: Germany agrees on gas deal with Qatar to help end dependency on Russian gas supplies

We use cookies to give you the best possible experience. Learn more