2022 ഖത്തര്‍ ലോകകപ്പില്‍ താരസമ്പന്നത കൊണ്ട് ഫുട്‌ബോള്‍ ലോകത്തെ ഒന്നാകെ ഞെട്ടിച്ചാണ് മുന്‍ ചാമ്പ്യന്‍മാരായ ബ്രസീല്‍ സ്‌ക്വാഡ് പ്രഖ്യാപിച്ചത്. ഓരോ പൊസിഷനിലും കളിക്കാന്‍ എണ്ണമറ്റ സൂപ്പര്‍ താരങ്ങളാണ് ബ്രസീലിനുള്ളത്.
അറ്റാക്കിങ്ങിലും ഡിഫന്‍സിലുമടക്കം ഏതെല്ലാം താരങ്ങളെയാവും ടിറ്റെ അണിനിരത്തുക, ഏതൊക്കെ തന്ത്രങ്ങളായിരിക്കും പരീക്ഷിക്കുക എന്നാണ് ഫുട്‌ബോള്‍ ലോകം ഒന്നടങ്കം ഉറ്റുനോക്കുന്നത്.
ഈ ലോകകപ്പ് നേടാന്‍ ഏറ്റവുമധികം സാധ്യത കല്‍പിക്കുന്ന ടീമുകളിലൊന്നാണ് ബ്രസീല്‍. താരങ്ങളുടെ മിന്നും ഫോമും ആശാന്‍ ടിറ്റെയുടെ തന്ത്രങ്ങളും ബ്രസീലിനെ ഫേവറിറ്റുകളാക്കുകയാണ്.
ഇപ്പോഴിതാ, ലോകകപ്പിന്റെ കിക്കോഫിന് മുമ്പ് ബ്രസീല്‍ ടീമിന്റെ സ്‌ക്വാഡ് ഡെപ്തിനെ കുറിച്ച് സംസാരിക്കുകയാണ് റയല്‍ മാഡ്രിഡിന്റെ ജര്‍മന്‍ താരം അന്റോണിയോ റൂഡിഗര്‍.
ദി ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.
‘സത്യസന്ധമായി ഈ ലോകകപ്പിലെ ഫേവറിറ്റുകളെ കുറിച്ച് പറയുകയാണെങ്കില്‍ താരങ്ങളുടെ ഫോമിനെ കുറിച്ച് വേണം നമ്മള്‍ പറയാന്‍. കഴിഞ്ഞ ഇന്റര്‍നാഷണല്‍ ബ്രേക്കിന് മുമ്പത്തെ കാര്യമെടുത്താല്‍ ബ്രസീലും ഫ്രാന്‍സും തന്നെയാണ് ഫേവറിറ്റുകള്‍.
എന്നാല്‍ ഇപ്പോഴത്തെ ഫോം കണക്കിലെടുക്കുമ്പോള്‍ ഒരുപക്ഷേ അങ്ങനെയല്ല എന്നാണ് എനിക്ക് തോന്നുന്നത്. ഞങ്ങളൊരു വലിയ രാജ്യമാണ്, മികച്ച ടീം ഞങ്ങള്‍ക്കൊപ്പമുണ്ട്. ഞങ്ങളെ ഒഴിവാക്കിക്കൊണ്ട് സംസാരിക്കാന്‍ ആര്‍ക്കും സാധിക്കില്ല, എന്തും സംഭവിക്കാം,’ റൂഡിഗര്‍ പറയുന്നു.
ബ്രസീലിന്റെ മുന്നേറ്റനിരയുടെ കരുത്ത് അപാരമാണെന്നും അവര്‍ ആരെയും ഭയപ്പെടുത്താന്‍ പോന്ന ടീമാണെന്നും റൂഡിഗര്‍ പറയുന്നു.
‘വിനീഷ്യസ്, റോഡ്രിഗോ തുടങ്ങി പത്ത് പേരെ എണ്ണി പറയാന്‍ എനിക്ക് സാധിക്കും. അവര്‍ ആരെയും ഭയപ്പെടുത്താന്‍ പോന്ന ടീമാണ്. പക്ഷേ 90 മിനിട്ടിനുള്ളില്‍ എന്തൊക്കെ സംഭവിക്കുമെന്ന് ആര്‍ക്കും പറയാന്‍ സാധിക്കില്ല.
ഞങ്ങള്‍ക്ക് ആരെയും പേടിക്കേണ്ട ആവശ്യമില്ല. ഇത് ഫുട്‌ബോളാണ്. നിങ്ങള്‍ ഒരു ടീമെന്ന നിലയില്‍ വളരെ അടുത്ത് നില്‍ക്കുന്നവരാണെങ്കില്‍ അത് വളരെയധികം സഹായിക്കും. ഞങ്ങള്‍ ഒരുപാട് മികച്ച മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഇത് ഇപ്പോള്‍ വളരെ വലിയ ഒരു വേദിയാണ്. എനിക്കൊരു ടെന്‍ഷനുമില്ല, മികച്ച ഗ്രൂപ്പാണ് ഞങ്ങള്‍ക്കൊപ്പമുള്ളത്,’ താരം കൂട്ടിച്ചേര്‍ത്തു.
ഗ്രൂപ്പ് ജിയിലാണ് ഒന്നാം റാങ്കുകാരായ ബ്രസീല്‍ ഉള്‍പ്പെട്ടിരിക്കുന്നത്. സെര്‍ബിയ, കാമറൂണ്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.
നവംബര്‍ 25നാണ് ബ്രസീലിന്റെ ആദ്യ മത്സരം. സെര്‍ബിയ ആണ് എതിരാളികള്‍.
Content Highlight: German star Antonio Rudiger says Brazil is a scary team