തലക്കടിച്ചും, ശ്വാസം മുട്ടിച്ചും സമരത്തെ പൊലീസ് അടിച്ചമര്‍ത്തുന്നു; ജര്‍മനിയില്‍ ഫലസ്തീന്‍ അനുകൂല പ്രതിഷേധക്കാര്‍ക്ക് ക്രൂരമര്‍ദനം
World News
തലക്കടിച്ചും, ശ്വാസം മുട്ടിച്ചും സമരത്തെ പൊലീസ് അടിച്ചമര്‍ത്തുന്നു; ജര്‍മനിയില്‍ ഫലസ്തീന്‍ അനുകൂല പ്രതിഷേധക്കാര്‍ക്ക് ക്രൂരമര്‍ദനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 26th May 2024, 9:49 am

ബെര്‍ലിന്‍: ബെര്‍ലിനിലെ ഹംബോള്‍ട്ട് സര്‍വകലാശാലയിലെ ഫലസ്തീന്‍ അനുകൂല പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ആക്രമണം. ബെര്‍ലിനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ സയന്‍സിലെ വിദ്യാര്‍ത്ഥികൾക്കാണ് പൊലീസില്‍ നിന്ന് ക്രൂരമര്‍ദനം നേരിടേണ്ടി വന്നത്.

ശനിയാഴ്ച സമരം അവസാനിപ്പിക്കുന്നതിന് വേണ്ടി നടന്ന ചര്‍ച്ചകള്‍ക്ക് പിന്നാലെ ക്യാമ്പസിനകത്ത് നിന്ന് സമരക്കാരെ ഒഴിപ്പിക്കാന്‍ അധികൃതര്‍ പൊലീസിനോട് ആവശ്യപ്പെടുകയായിരുന്നു.

തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ ക്യാമ്പസിനകത്ത് നിന്ന് പൊലീസ് ബലം പ്രയോഗിച്ചും മര്‍ദിച്ചും പുറത്താക്കുകയായിരുന്നു. ഫലസ്തീന്‍ അനുകൂല പ്രതിഷേധക്കാരെ തലക്കടിച്ചും ശ്വാസം മുട്ടിച്ചും നിലത്തിട്ട് ചവിട്ടിയും പൊലീസ് ക്രൂരമായി മര്‍ദിച്ചെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ആശുപത്രിയിലെത്തിക്കാതെ മണിക്കൂറുകളോളം പൊലീസ് തടഞ്ഞ് വെച്ചെന്നും റിപ്പോര്‍ട്ടുണ്ട്. യാതൊരു പ്രകോപനവുമില്ലാതെ സമാധാനപരമായി സമരം ചെയ്തവരെയാണ് പൊലീസ് ചവിട്ടുകയും ശ്വാസം മുട്ടിക്കുകയും ചെയ്തത്.

പൊലീസ് നടപടിക്കെതിരെ ജര്‍മനിയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള തങ്ങളുടെ അവകാശത്തെ അക്രമത്തിലൂടെ അടിച്ചമര്‍ത്താനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു.

ഗസയിലെ വംശഹത്യക്കെതിരെ പ്രതിഷേധിച്ച 150ലധികം ആളുകളെ സര്‍വകലാശാലയില്‍ നിന്ന് പുറത്താക്കുകയും 25 പേര്‍ക്കെതിരെ ക്രിമിനല്‍ കുറ്റങ്ങള്‍ ചാര്‍ത്തുകയും ചെയ്‌തെന്ന് വിദ്യാര്‍ത്ഥികള്‍ കൂട്ടിച്ചേര്‍ത്തു. ജര്‍മനയിലെ ക്യാമ്പസുകളില്‍ നിന്ന് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഫലസ്തീന്‍ അനുകൂല സമരങ്ങളില്‍ പങ്കെടുക്കുന്നത്.

Content Highlight: German police crack down on student protests