ഖത്തര്‍ ലോകകപ്പില്‍ വണ്‍ ലവ് ആം ബാന്‍ഡ് ധരിക്കുന്നതിനെതിരായ ഫിഫയുടെ നിലപാടിനെതിരെ യൂറോപ്യന്‍ ടീമുകള്‍ ശക്തമായി പ്രതിഷേധമറിയിച്ചിരുന്നു.
ആദ്യ ലോകകപ്പ് മത്സരത്തിന് മുന്നോടിയായുള്ള ഫോട്ടോ ഷൂട്ടിനിടെയാണ് ജര്‍മന്‍ കളിക്കാര്‍ തങ്ങളുടെ പ്രതിഷേധമറിയിച്ചത്. വായ പൊത്തി പിടിച്ചായിരുന്നു ജര്‍മന്‍ താരങ്ങള്‍ പ്രീമാച്ച് ഫോട്ടോ ഷൂട്ട് നടത്തിയിരുന്നത്.
വണ്‍ ലവ് ആം ബാന്‍ഡോ, ലവ് എന്നെഴുതിയ ജേഴ്‌സിയോ ധരിച്ച് മത്സരത്തിറങ്ങരുതെന്നായിരുന്നു ഫിഫയുടെ നിര്‍ദേശം. നിയമലംഘനം നടത്തിയാല്‍ കളിയില്‍ റെഡ് കാര്‍ഡോ യെല്ലോ കാര്‍ഡോ കാണിക്കുമെന്നും ഫിഫ വ്യക്തമാക്കിയിരുന്നു.
തുടര്‍ന്ന് LGBTQ+ വിഭാഗങ്ങളെ പിന്തുണക്കുന്ന ക്യാമ്പെയ്‌നുമായി ഖത്തറിലെത്തിയ യൂറോപ്യന്‍ താരങ്ങള്‍ തങ്ങളുടെ തീരുമാനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.
എന്നാല്‍ ജര്‍മന്‍ ഗോള്‍ കീപ്പര്‍ മാനുവല്‍ നോയര്‍ മഴവില്‍ നിറത്തിലുള്ള ബൂട്ട് അണിഞ്ഞ് കളത്തിലിറങ്ങിയാണ് തന്റെ പ്രതിഷേധമറിയിച്ചത്. കളിക്ക് തൊട്ടുമുമ്പ് ഗോള്‍പോസ്റ്റിന് മുന്നില്‍ വെച്ച് മാനുവല്‍ നോയറിനെ മാച്ച് ഒഫീഷ്യല്‍സ് പരിശോധിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ആതിഥേയരെ പിണക്കാതിരിക്കാന്‍ വേണ്ടി ഫിഫ അടിമുടി പരിശോധന നടത്തുകയായിരുന്നെന്നും അതിന്റെ ഭാഗമായിട്ടാണ് മാച്ച് ഒഫീഷ്യല്‍സ് നോയറെ പരിശോധിച്ചതെന്നും വിവിധ ജര്‍മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇക്കാര്യത്തില്‍ ഫിഫക്കൊന്നും ചെയ്യാനില്ലെന്നും താരങ്ങള്‍ക്കെതിരെ പിഴ ചുമത്താനാകില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ന്യൂവര്‍ മാത്രമല്ല, ആറ് ജര്‍മന്‍ താരങ്ങള്‍ റെയിന്‍ബോ നിറത്തിലുള്ള ഷൂസ് ലെയ്സ് അണിഞ്ഞാണ് കളത്തിലിറങ്ങിയതന്നും റിപ്പോര്‍ട്ടുകളിലുണ്ട്.
അതേസമയം ജര്‍മന്‍ മന്ത്രി നാന്‍സി ഫെസറും റെയിന്‍ബോ ബാന്‍ഡ് കൈയില്‍ ധരിച്ചാണ് ഗ്യാലറിയിലിരുന്ന് കളി കണ്ടത്. ഫിഫ പ്രസിഡന്റ് ഇന്‍ഫന്റീനോയും ഖത്തര്‍ മന്ത്രിയും ഈ സമയം നാന്‍സി ഫെസര്‍ക്കൊപ്പം ഗ്യാലറിയിലുണ്ടായിരുന്നു.
ഇംഗ്ലണ്ട്, ജര്‍മനി, ബെല്‍ജിയം, ഡെന്‍മാര്‍ക്ക്, നെതര്‍ലന്‍ഡ്സ്, സ്വിറ്റ്സര്‍ലന്‍ഡ്, വെയ്ല്‍സ് ഫുട്ബോള്‍ ഫെഡറേഷനുകളാണ് ഖത്തര്‍ ലോകകപ്പിലെ മത്സരങ്ങളില്‍ തങ്ങളുടെ ടീം ക്യാപ്റ്റന്‍മാരെ ‘വണ്‍ ലവ്’ ആം ബാന്‍ഡ് ധരിപ്പിച്ച് കളത്തിലിറക്കാന്‍ പദ്ധതിയിട്ടിരുന്നത്.
എല്‍.ജി.ബി.ടി.ക്യു സമൂഹത്തോടുള്ള ഖത്തറിന്റെ നിലപാടില്‍ പ്രതിഷേധം അറിയിക്കുന്നതിനായിരുന്നു മഴവില്‍ നിറത്തിലുള്ള വണ്‍ ലവ് ആം ബാന്‍ഡ് ധരിച്ച് കളത്തിലിറങ്ങാന്‍ യൂറോപ്യന്‍ ടീമുകള്‍ തീരുമാനിച്ചിരുന്നത്.
Content Highlights: German players’ boots had rainbows