| Sunday, 11th January 2015, 2:51 pm

വിവാദ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ജര്‍മ്മന്‍ പത്രത്തിന് നേരെയും ആക്രമണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെര്‍ലിന്‍: പാരീസില്‍ ഭീകരാക്രമണത്തിന് ഇടയാക്കിയ ഫ്രഞ്ച്‌ മാഗസിനിലെ വിവാദ കാര്‍ട്ടൂണ്‍ പുനപ്രസിദ്ധീകരിച്ച ജര്‍മ്മന്‍ പത്രത്തിന് നേരെ ആക്രമണം. ഞാറാഴ്ച പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്. ജര്‍മ്മനിയിലെ തുറമുഖ നഗരമായ ഹാംബര്‍ഗില്‍ “ഹംബര്‍ഗ് മോര്‍ഗണ്‍ പോസ്റ്റ്” എന്ന പത്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്.

പാരീസില്‍ ഭീകരാക്രമണത്തിന് വിധേയമായ സറ്റാറിക്കല്‍ മാഗസില്‍ പ്രസിദ്ധീകരിച്ച കര്‍ട്ടൂണ്‍ പത്രം പുനപ്രസിദ്ധീകരിച്ചിരുന്നു. സംശയകരമായി പരിസരത്ത് കണ്ട രണ്ട് പേരെ ജര്‍മ്മന്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ആക്രമണ സമയത്ത് ആരും തന്നെ കെട്ടിടത്തില്‍ ഉണ്ടായിരുന്നില്ല. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല. പ്രാദേശിക സമയം രണ്ട് മണിയോടെയാണ് ആക്രമണം ഉണ്ടായത്. ഇപ്പോഴും അന്തരീക്ഷം പുകഞ്ഞുകൊണ്ടിരിക്കുകയാണെന്ന് പത്രത്തിന്റെ അധികൃതര്‍ അറിയിച്ചു. വിവാദ കാര്‍ട്ടൂണുമായി ബന്ധപ്പെട്ടാണോ അക്രമണം എന്നത് അന്വേഷിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

ആക്രമികള്‍ പത്രത്തിന്റെ ഓഫീസ് ചില്ലുകള്‍ കല്ലെറിഞ്ഞ് തകര്‍ത്ത ശേഷം ഓഫീസിനുള്ളിലേക്ക് തീ പന്തങ്ങളും സ്‌ഫോടക വസ്തുക്കളും വലിച്ചെറിയികയായിരുന്നു. സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ച് ഒട്ടേറെ ഫയലുകളും രേഖകളും മറ്റും നശിച്ചു. പത്രമോഫീസിലുണ്ടായ തീപ്പിടിത്തം ഉടന്‍തന്നെ അണച്ചതിനാല്‍ വന്‍ദുരന്തം ഒഴിവായതായി പോലീസ് അറിയിച്ചു.

കഴിഞ്ഞ ശനിയാഴ്ച പാരീസില്‍ നടന്ന ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും ധാരാളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഭീകരാക്രമണത്തില്‍ മരിച്ച മാധ്യമപ്രവര്‍ത്തകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫ്രഞ്ച് തലസ്ഥാനമായ പാരീസില്‍ വന്‍ റാലി നടക്കുന്നതിന് മുമ്പാണ് ജര്‍മനില്‍ മാധ്യമസ്ഥാപനം ആക്രമിക്കപ്പെട്ടിരിക്കുന്നത്. 70,000 പേര്‍ അണിചേരുന്ന റാലിയില്‍ 40 ലോകനേതാക്കളും പങ്കെടുക്കുന്നുണ്ട്. നാലായിരത്തോളം സുരക്ഷാസൈനികരെ റാലിയുടെ സുരക്ഷ ഉറപ്പാക്കാന്‍ വിന്യസിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more