| Tuesday, 17th October 2023, 7:48 pm

'ബയേണ്‍ മ്യൂണിക്ക് ജൂതന്മാരുടെ ക്ലബ്ബ്; ഫലസ്തീനെ പിന്തുണച്ച താരത്തെ പുറത്താക്കുക'

സ്പോര്‍ട്സ് ഡെസ്‌ക്

ഫലസ്തീനെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതിന് പിന്നാലെ ബയേണ്‍ മ്യൂണിക്ക് താരം നുസൈര്‍ മസ്‌റൂയിയെ പുറത്താക്കണമെന്ന് ജര്‍മന്‍ എം.പി ജോഹന്നാസ് സ്‌നീഗര്‍. ‘ഇസ്രഈലിനെതിരെ ഫലസ്തീന് വിജയിക്കാന്‍ കഴിയട്ടെ’ എന്നാണ് മസ്‌റൂയി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഫലസ്തീന്‍ പതാകയോടൊപ്പമാണ് അദ്ദേഹം ഫലസ്തീനെ പിന്തുണക്കുന്ന പോസ്റ്റ് പങ്കുവെച്ചത്.

‘ജൂതന്മാരുടെ ക്ലബ്ബ് എന്ന് നാസികള്‍ വിശേഷപ്പിച്ച കുര്‍ട്ട് ലാന്‍ഡോറയുടെ ക്ലബ്ബ് ഈ ചെയ്തി കണ്ടില്ലെന്ന് നടിക്കരുത്. ഫലസ്തീനെ പിന്തുണച്ച താരത്തെ പുറത്താക്കാന്‍ ജര്‍മന്‍ ഭരണകൂടം തയ്യാറാവണം,’ ജോഹന്നാസ് സ്‌നീഗര്‍ പറഞ്ഞു.

മസ്‌റൂയി ഫലസ്തീനെ പിന്തുണച്ച് പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ ജര്‍മന്‍ ദിനപത്രമായ ‘ബില്‍ഡ്’ അദ്ദേഹത്തെ ‘തീവ്രവാദത്തെ പിന്തുണക്കുന്നയാള്‍’ എന്ന് വിശേഷിപ്പിച്ച് വാര്‍ത്ത നല്‍കിയിരുന്നു. ഇസ്രഈല്‍ അനുകൂലികള്‍ ഒന്നടങ്കം താരത്തിനെതിരെ രംഗത്തെത്തിയതോടെ തന്റെ പോസ്റ്റിന് മസ്‌റൂയി വിശദീകരണം നല്‍കിയിരുന്നു.

‘ഞാന്‍ ഇവിടെ ആരോടൊപ്പമാണ് നിന്നത് എന്ന കാര്യത്തില്‍ ഒരു വിശദീകരണം നല്‍കേണ്ടി വരുന്നതില്‍ നിരാശയുണ്ട്. ആയിരക്കണക്കണക്കിന് നിരപരാധികളാണ് കൊന്നൊടുക്കപ്പെട്ടത്. ലോകത്തിന് നീതിയും സമാധാനവും ഉണ്ടാകുന്നതിന് വേണ്ടിയാണ് ഞാന്‍ നിലകൊള്ളുന്നത്.

അതിന് വേണ്ടിയാണ് നമ്മള്‍ പ്രവര്‍ത്തിക്കേണ്ടത്. അതുകൊണ്ട് ഞാന്‍ എല്ലായിപ്പോഴും തീവ്രവാദത്തിനും വിദ്വേഷത്തിനും കലാപങ്ങള്‍ക്കും എതിരായിരിക്കും,’ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

അതേസമയം, ബയേണ്‍ മ്യൂണിക്കും മസ്‌റൂയിക്കെതിരെ പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. ക്ലബ്ബിലെ ഓരോ കളിക്കാരനും ജീവനക്കാരനും ബയേണ്‍ ഫുട്‌ബോള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ അറിഞ്ഞിരിക്കണമെന്നായിരുന്നു ബയേണ്‍ മ്യൂണിക്കിന്റെ വിശദീകരണം.

Content Highlights: German MP calls for the expulsion of Bayern Munich footballer for his support of Palestine

Latest Stories

We use cookies to give you the best possible experience. Learn more