തന്റെ എക്കാലത്തേയും മികച്ച ഇലവനെ (Greatest XI of all Time) തെരഞ്ഞെടുത്ത് ബയേണ്‍ മ്യൂണിക്കിന്റെയും ജര്‍മനിയുടെയും ഇതിഹാസ താരം ബാസ്റ്റിന്‍ ഷ്വെയ്ന്‍സ്റ്റീഗര്‍ (Bastian Schweinsteiger).
മോഡേണ്‍ ഡേ ഫുട്‌ബോളിലെ ലെജന്‍ഡുകളായ ലയണല്‍ മെസിയെയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയെയും ഒഴിവാക്കിയാണ് ഷ്വെയ്ന്‍സ്റ്റീഗര്‍ ടീം തെരഞ്ഞെടുത്തിരിക്കുന്നത്.
മള്‍ട്ടിപ്പിള്‍ ടൈംസ് ബാലണ്‍ ഡി ഓര്‍ ജേതാക്കള്‍ക്ക് പകരം തന്റെ സഹതാരങ്ങളെയും ലോകകപ്പ് ജേതാക്കളെയുമാണ് ബവാരിയന്‍സിന്റെ മുന്‍ മധ്യനിരക്കാരന്‍ തെരഞ്ഞെടുത്തിരിക്കുന്നത്.
മാനുവല്‍ നൂയറാണ് (Manuel Neuer) ഷ്വെയ്ന്‍സ്റ്റീഗറിന്റെ ടീമിന്റെ ഗോള്‍ കീപ്പര്‍. 2014 ലോകകപ്പില്‍ ജര്‍മനിയെ ലോകകപ്പ് ചൂടിച്ച ടീമിലെ ഗോള്‍വല കാക്കും ഭൂതത്താനെ തന്നെയാണ് ഷ്വെയ്ന്‍സ്റ്റീഗര്‍ തന്റെ ഗോള്‍വല കാക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്.
ലോകം കണ്ട എക്കാലത്തേയും മികച്ച പ്രതിരോധ നിര തന്നെ കെട്ടിപ്പടുക്കണമെന്ന വാശിയിലാണ് താരം ഡിഫന്‍ഡര്‍മാരെ തെരഞ്ഞെടുത്തിരിക്കുന്നത്.
ജര്‍മനിയുടെയും ബയേണിന്റെയും മുന്‍ നായകനായ ഫിലിപ് ലാമിനെ (Philip Lahm) റൈറ്റ് ബാക്കും ബ്രസീലിന്റെ ലെജന്‍ഡറി ജേഴ്‌സി നമ്പര്‍ സിക്‌സ് റോബര്‍ട്ടോ കാര്‍ലോസിനെ (Roberto Carlos) ലെഫ്റ്റ് ബാക്കുമായാണ് അണിനിരത്തിയിരിക്കുന്നത്.
ചരിത്രത്തിലാദ്യമായി കളിക്കാരനായും മാനേജരായും ലോകകപ്പ് നേടിയ ജര്‍മന്‍ സൂപ്പര്‍ താരം ഫ്രാന്‍സ് ബെക്കന്‍ബോയും (Franz Beckenbaue) ഇറ്റാലിയന്‍ സൂപ്പര്‍ താരം ലിയനാര്‍ഡോ ബൊണൂച്ചിയെ (Leonardo Bonucci) സെന്റര്‍ ബാക്കായും ഷ്വെയ്ന്‍സ്റ്റീഗര്‍ തെരഞ്ഞെടുത്തു.
1990 ലോകകപ്പില്‍ വെസ്റ്റ് ജര്‍മനിയെ ലോകകിരീടം ചൂടിച്ച ലോഥര്‍ മാഥൗസ് (Lothar Matthaus) , രണ്ട് തവണ ബാലണ്‍ ഡി ഓര്‍ ജേതാവും ഫ്രാന്‍സിന്റെ ഇതിഹാസ താരവുമായ സിനദിന്‍ സിദാന്‍ (Zinedine Zidane) എന്നിവരെ മധ്യനിരയുടെ നെടുനായകത്വമേല്‍പ്പിക്കുമ്പോള്‍ വിങ്ങുകളില്‍ തോമസ് മുള്ളര്‍ (Thomas Muller) ബയേണിന്റെ എക്കാലത്തേയും സൂപ്പര്‍ താരങ്ങളില്‍ ഒരാളായ ഫ്രാങ്ക് റിബറി (Franck Riber) എന്നിവരെയും വിന്യസിക്കുന്നു.
ഫ്രാന്‍സ് ലെജന്‍ഡും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ജേഴ്‌സി നമ്പര്‍ സെവനിനെ ഇതിഹാസത്തിലേക്കുയര്‍ത്തിയ താരമായ എറിക് കാന്റോന (Eric Cantona), ഇറ്റാലിയന്‍ ലെജന്‍ഡ് റോബര്‍ട്ടോ ബാഗിയോ (Roberto Baggio) എന്നിവരെയാണ് മുന്നേറ്റ നിരയില്‍ ഷ്വെയ്ന്‍സ്റ്റീഗര്‍ കളത്തിലിറക്കുന്നത്.
റോബര്‍ട്ട് ലെവന്‍ഡോസ്‌കിക്ക് (Robert Lewandowski) ഓണറബിള്‍ മെന്‍ഷന്‍ നല്‍കി സബസ്റ്റിയൂട്ടായാണ് താരം കളത്തിലിറക്കുന്നത്.
സൂപ്പര്‍ താരങ്ങളും മോഡേണ്‍ ഡേ ഫുട്‌ബോളിനെ നിര്‍വചിക്കുന്നവരുമായ മെസിയെയും റൊണാള്‍ഡോയെയും തന്റെ ഇലവനില്‍ നിന്നും മാറ്റി നിര്‍ത്തിയാണ് ഷ്വെയ്ന്‍സ്റ്റീഗര്‍ ടീം തെരഞ്ഞെടുത്തിരിക്കുന്നത് എന്നതാണ് ആരാധകരെ അത്ഭുതപ്പെടുത്തുന്ന കാര്യം.
ട്വിറ്ററിലൂടെ പങ്കുവെച്ച വീഡിയോക്ക് പിന്നാലെ നിരവധി ആരാധകര്‍ മെസിയെയും റൊണാള്‍ഡോയെയും ഉള്‍പ്പെടുത്താഞ്ഞതെന്തേ എന്ന ചോദ്യം ഉന്നയിക്കുന്നുണ്ട്.
ബാസ്റ്റിന്‍ ഷ്വെയ്ന്‍സ്റ്റീഗറിന്റെ ഗ്രേറ്റസ്റ്റ് ഇലവന്‍ ഓഫ് ഓള്‍ ടൈം:
മാനുവല്‍ നൂയര്‍, ഫിലിപ് ലാം, റോബര്‍ട്ടോ കാര്‍ലോസ്, ഫ്രാന്‍സ് ബെക്കന്‍ബോ, ലിയനാര്‍ഡോ ബൊണൂച്ചി, സിനദിന്‍ സിദാന്‍, ലോഥര്‍ മഥൗസ്, തോമസ് മുള്ളര്‍, ഫ്രാങ്ക് റിബറി, എറിക് കാന്റോന, റോബര്‍ട്ടോ ബാഗിയോ
സബ്‌സ്റ്റിയൂട്ട്: റോബര്‍ട്ട് ലെവന്‍ഡോസ്‌കി
Content Highlight: German Legend Bastian Schweinsteiger names his greatest XI of all time, excludes Messi and Ronaldo