| Wednesday, 24th January 2024, 5:52 pm

ഹൂത്തികള്‍ക്കെതിരായ യു.എസ്, യു.കെ ആക്രമണം; സ്വയം പ്രതിരോധമല്ല, അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് ജര്‍മന്‍ അഭിഭാഷകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെര്‍ലിന്‍: യെമനിലെ ഹൂത്തി വിമതര്‍ക്ക് നേരെ അമേരിക്കയും ബ്രിട്ടനും നടത്തിയ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ജര്‍മന്‍ അഭിഭാഷകന്‍ സ്റ്റെഫാന്‍ ടാല്‍മണ്‍. ചെങ്കടലിലെ ആക്രമണങ്ങളില്‍ ഹൂത്തികള്‍ക്കെതിരെ ഇരുരാജ്യങ്ങളും നടത്തിയ പ്രതിരോധം സ്വയം സംരക്ഷിക്കാനുള്ള അവകാശത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്ന് സ്റ്റെഫാന്‍ ടാല്‍മണ്‍ പറഞ്ഞു.

ഹൂത്തികള്‍ക്കെതിരായ ആക്രമണത്തില്‍ യു.എസിനെയും യു.കെയേയും പിന്തുണക്കുന്ന ജര്‍മനിയുടെ നിലപാടില്‍ ആഭ്യന്തര നിയമം കൈകാര്യം ചെയ്യുന്ന അഭിഭാഷകന്‍ കൂടിയായ സ്റ്റെഫാന്‍ ടാല്‍മണ്‍ അതൃപ്തി പ്രകടിപ്പിച്ചു.

അമേരിക്കയുടെയും ബ്രിട്ടന്റെയും ഹൂത്തി വിമതര്‍ക്കെതിരെയുള്ള ആക്രമണവും ബലപ്രയോഗവും കുറ്റകരമാണെന്ന് സ്റ്റെഫാന്‍ ടാല്‍മണ്‍ ചൂണ്ടിക്കാട്ടി. ഇരുരാജ്യങ്ങളുടെയും യുദ്ധക്കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ക്ക് ആനുപാതികമല്ല ഹൂത്തികള്‍ക്കെതിരെ നടത്തിയ പ്രതിരോധമെന്നും സ്റ്റെഫാന്‍ ടാല്‍മണ്‍ പറഞ്ഞു.

യു.എസിന്റെയും യു.കെയുടെയും ബലപ്രയോഗം നടത്തുന്ന നടപടി ഒരു തടയല്‍ നീക്കമായി കണക്കാക്കണമെന്ന് അഭിഭാഷകന്‍ തന്റെ ലേഖനത്തിലൂടെ നിര്‍ദേശിച്ചു. ഹൂത്തികള്‍ക്കെതിരെ ഇത്തരത്തിലല്ല സ്വയം പ്രതിരോധം നടത്തേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ആഗോള വിതരണ ശൃംഖലയില്‍ കൊവിഡ് മഹാമാരി ഉണ്ടാക്കിയ നഷ്ടത്തെക്കാള്‍ വലിയ ആഘാതമാണ് ചെങ്കടലിലെ ഹൂത്തികളുടെ ആക്രമണം മൂലമുള്ള പ്രതിസന്ധി ഉണ്ടാക്കുന്നതെന്ന് നാവിക ഉപദേശക സ്ഥാപനമായ സീ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു.

കഴിഞ്ഞ കുറേ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ കപ്പലുകള്‍ ലക്ഷ്യസ്ഥാനത്തെത്താന്‍ കാലതാമസം നേരിടുന്നുവെന്ന് സീ ഇന്റലിജന്‍സ് വിലയിരുത്തി.

തുറമുഖങ്ങളിലെ ചരക്കുകള്‍ എടുക്കാന്‍ ചെങ്കടലില്‍ നിന്ന് ദിശ മാറി ആഫ്രിക്കയിലെ കേപ്പ് ഓഫ് ഗുഡ് ഹോപ്പ് വഴി സഞ്ചരിക്കുന്നത് കൊവിഡ് സമയത്ത് നേരിട്ടതിനേക്കാള്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് സീ ഇന്റലിജന്‍സ് ചൂണ്ടിക്കാട്ടുന്നു.

Content Highlight: German lawyer says US, UK attack on Houthis not self-defense

Latest Stories

We use cookies to give you the best possible experience. Learn more