ബെര്‍ലിന്‍: കഞ്ചാവ് നിയമവിധേയമാക്കി ജര്‍മന്‍ സര്‍ക്കാര്‍. യൂറോപ്യന്‍ യൂണിയനില്‍ കഞ്ചാവ് നിയമവിധേയമാക്കുന്ന ആദ്യ രാജ്യമാണ് ജര്‍മനി. പ്രതിപക്ഷ പാര്‍ട്ടികളുടെയും ആരോഗ്യ സംഘടനകളുടെയും എതിര്‍പ്പ് തള്ളിക്കൊണ്ടാണ് സര്‍ക്കാരിന്റെ നീക്കം. യൂറോപ്യന്‍ രാജ്യമായ മാള്‍ട്ടയും ലക്സംബര്‍ഗും കഞ്ചാവ് ഉപയോഗം നിയമാനുസൃതമാക്കിയതിന് പിന്നാലെയാണ് ഈ തീരുമാനം.
18 വയസിന് മുകളില്‍ പ്രായമുള്ള ആര്‍ക്കും പരമാവധി മൂന്ന് ചെടികള്‍ വളര്‍ത്താന്‍ ഉത്തരവ് പ്രകാരം അനുമതിയുണ്ട്. പൊതുസ്ഥലത്ത് 25 ഗ്രാം കഞ്ചാവ് കൈവശം വെക്കാമെന്നും വീട്ടില്‍ 50 ഗ്രാം സൂക്ഷിക്കാന്‍ കഴിയുമെന്നും ഉത്തരവില്‍ പറയുന്നു. കഞ്ചാവ് നിയമവിധേയമാക്കാനുള്ള ബില്ലിന് ജര്‍മന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയത് കഴിഞ്ഞ ഫെബ്രുവരിയിലാണ്.
കഞ്ചാവിന്റെ ഉത്തരവാദിത്തപരമായ ഉപയോഗം സുഗമമാക്കുകയാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് ജര്‍മന്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. അതേസമയം പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് കഞ്ചാവ് നിയമവിരുദ്ധമായി തുടരുമെന്ന് ജര്‍മന്‍ സര്‍ക്കാര്‍ പറഞ്ഞു. സ്‌കൂളുകള്‍ക്കും കളിസ്ഥലങ്ങള്‍ക്കും സമീപം മയക്കുമരുന്ന് കഴിക്കുന്നത് നിയമവിരുദ്ധമാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ജൂലായ് 1 മുതല്‍ ലൈസന്‍സുള്ള ക്ലബുകളില്‍ നിന്ന് കഞ്ചാവ് ലഭ്യമാകും. ആ ക്ലബ്ബുകളില്‍ 500ല്‍ കൂടുതല്‍ അംഗങ്ങളുണ്ടാവരുത്. അംഗങ്ങള്‍ എല്ലാം പ്രായപൂര്‍ത്തിയായവര്‍ ആയിരിക്കണമെന്നും നിര്‍ദേശമുണ്ട്.
എന്നാല്‍ പുതിയ നിയമത്തിനെതിരെ ജര്‍മനിയിലെ ആരോഗ്യ സംഘടനകള്‍ വിമര്‍ശനം ഉയര്‍ത്തി. നിയമവിധേയമാക്കല്‍ ആരോഗ്യപ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്ന യുവാക്കളില്‍ കഞ്ചാവിന്റെ ഉപയോഗം വര്‍ധിക്കാന്‍ കാരണമാകുമെന്ന് സംഘടനകള്‍ ചൂണ്ടിക്കാട്ടി. യുവാക്കള്‍ക്കിടയിലെ കഞ്ചാവ് ഉപയോഗം കേന്ദ്ര നാഡീവ്യൂഹത്തിന്റെ വികാസത്തെ ബാധിക്കുമെന്നും ഇത് സൈക്കോസിസ്, സ്‌കീസോഫ്രീനിയ എന്നിവ വികസിപ്പിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.
അതേസമയം നിയമം ഞായറാഴ്ച രാത്രിയോടെയാണ് പ്രാബല്യത്തില്‍ വന്നത്. പിന്നാലെ നിരവധി ജര്‍മന്‍ പൗരന്മാര്‍ ആഹ്ലാദ പ്രകടനവുമായി രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളില്‍ ഒത്തുകൂടിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: German government legalizes cannabis