| Thursday, 24th November 2022, 6:04 pm

ഓസിലിനെ മറന്നുള്ള ജർമൻ ഫുട്ബോൾ ടീമിന്റെ പ്രതിഷേധങ്ങൾ വെറും പ്രഹസനങ്ങളോ?

സ്പോര്‍ട്സ് ഡെസ്‌ക്

ഫിഫയുടെ ഖത്തർ അനുകൂല നിലപാടുകൾക്ക് എതിരെ ജർമൻ ടീം അവരുടെ ആദ്യ മത്സരത്തിന് മുമ്പ് വായ മൂടികെട്ടി പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു.

ഈ പ്രതിഷേധത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ചർച്ചകളാണ് നടക്കുന്നത്.

എന്നാൽ ജർമൻ ടീമിന്റെ ഈ പ്രതിഷേധം വെറും ഇരട്ടത്താപ്പാണ് എന്ന് വിമർശിച്ചുകൊണ്ട് നിരവധിപേരാണ് രംഗത്തു വന്നിരിക്കുന്നത് .

2018 ലോകകപ്പിൽ ജർമനിയുടെ ഞെട്ടിക്കുന്ന തോൽവിക്ക് ശേഷം ടീമിനുള്ളിലെ വംശീയ അധിക്ഷേപങ്ങളിൽ മനംനൊന്ത് മെസ്യൂട് ഓസിൽ ഫുട്ബോളിൽ നിന്നും വിരമിച്ചിരുന്നു.

ജർമൻ ഫുട്ബോൾ പ്രസിഡന്റ് റൈൻഹാർഡ്‌ ഗ്രിൻഡൽ തുടർച്ചയായി തന്നോട് വംശീയമായ വിവേചനം കാണിക്കുന്നു എന്ന് ഓസിൽ ആരോപിച്ചിരുന്നു.

വിരമിച്ച ശേഷം വലിയ സങ്കടത്തോടെ ഓസിൽ പ്രതികരിച്ചത് “ഞങ്ങൾ ജയിക്കുമ്പോൾ ഞാൻ ജർമൻ പൗരനാണ്.എന്നാൽ ഞങ്ങൾ പരാജയപ്പെട്ടാൽ ഞാൻ കുടിയേറ്റക്കാരനാണ് ” എന്നാണ്.

ക്ലോസെ ഉൾപ്പടെയുള്ള പോളിഷ് വംശജരായ കളിക്കാരെയൊന്നും ജർമൻ-പോളിഷ് എന്ന് അഭിസംബോധന ചെയ്യാത്ത ആരാധകർ തന്നെ മാത്രം ജർമൻ-ടർക്കിഷ് എന്ന് സംബോധന ചെയ്യുന്നതിലെ പൊരുത്തക്കേട് തനിക്ക് മനസ്സിലാകുന്നിലെന്നും താരം പ്രതികരിച്ചിരുന്നു.

ടർക്കിഷ് പ്രസിഡന്റും വലതുപക്ഷ നേതാവുമായ റജബ് ത്വയ്യിബ് എർദോഗന്റെ ഒപ്പമുള്ള ഓസിലിന്റെ ഫോട്ടോകൾ ജർമനിയിലെ നവനാസികളെ ചൊടിപ്പിച്ചിരുന്നു.

ജർമനിയുടെ തോൽവിക്ക് ഉത്തരവാദി ഓസിൽ ആണെന്ന തരത്തിൽ വരെ വലിയ പ്രചാരണങ്ങൾ തീവ്രവലതുപക്ഷവാദികൾ രാജ്യത്ത് നടത്തിയിരുന്നു.ഇതേത്തുടർന്നാണ് ജർമനിക്കും ആഴ്‌സണലിനും വേണ്ടി മികച്ച ഫോമിൽ കളിച്ചിരുന്ന അന്ന് 31 വയസുണ്ടായിരുന്ന താരം വിരമിച്ചത്.

എന്നാൽ ഇത്തരം ആരോപണങ്ങളെ എതിർക്കാതെയും ഓസിലിനൊപ്പം നിലകൊള്ളാതെയും വ്യാജ പ്രചരണങ്ങൾ നടത്തുന്നവർക്കൊപ്പമാണ് ജർമൻ നാഷണൽ ഫുട്ബോൾ ടീം നിലകൊണ്ടത്.

ജർമൻ ഫുട്ബോൾ ടീമിനെപോലെ ബയേൺ മ്യൂണിക് ഫുട്ബോൾ ക്ലബ് പ്രസിഡന്റായിരുന്ന ഉലിയോനസ്സും “ഓസിൽ ഒരു ദുർബലനായ കളിക്കാരനാണ് “എന്ന് വാദിച്ചു ദേശീയ ടീമിനെ സപ്പോർട്ട് ചെയ്ത് രംഗത്തുവന്നിരുന്നു.

“അസംബന്ധം”എന്ന് പറഞ്ഞാണ് ജർമനിയുടെയും റയൽ മാഡ്രിഡിന്റെയും താരമായ ടോണി ക്രൂസ് ഓസിലിന്റെ പ്രസ്താവനകൾക്ക് എതിരെ രംഗത്ത്

വന്നത്.

ഓസിലിനെ പോലുള്ള ഒരു ലോകോത്തര താരത്തെ വംശീയമായ കാരണങ്ങളാൽ ഒഴിവാക്കിയ ജർമനിയാണ് ഇപ്പോൾ ഖത്തറിനെതിരെ മഴവിൽ ആം ബാൻഡിനെതിരെയുള്ള വിലക്കുകളിൽ പ്രതിഷേധിക്കുന്നതെന്നും ഇത് പ്രഹസനമാണെന്നും ചൂണ്ടികാട്ടിയുള്ള നിരവധി പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

Content Highlights: German football team protest against fifa  but they forget ozil issue

We use cookies to give you the best possible experience. Learn more