നേഷന്‍സ് ലീഗില്‍ ബോസ്‌നിയക്കെതിരെ തകര്‍പ്പന്‍ വിജയവുമായി ജര്‍മ്മനി. ജര്‍മ്മനിയോട് എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്കാണ് ബോസ്‌നിയ ആന്‍ഡ് ഹെര്‍സെഗോവിന കൂറ്റന്‍ തോല്‍വി ഏറ്റുവാങ്ങിയത്. ഇതോടെ ലീഗില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ചിരിക്കുകയാണ് ജര്‍മ്മനി.
മാത്രമല്ല ഇതിനുപുറമേ ഒരു തകര്‍പ്പന്‍ നേട്ടവും ജര്‍മ്മനി സ്വന്തമാക്കിയിരിക്കുകയാണ്. നാഷന്‍സ് ലീഗിലെ ആറ് വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ഏഴ് ഗോള്‍ നേടുന്ന ആദ്യ പുരുഷ ടീം ആകാനാണ് ജര്‍മ്മനിക്ക് സാധിച്ചത്.
ജര്‍മ്മനിക്ക് വേണ്ടി രണ്ടാം മിനിട്ടില്‍ ജമാല്‍ മുസിയാലയാണ് ഗോളടിക്ക് തുടക്കം കുറിച്ചത്. പിന്നീട് 23ാം മിനിട്ടിലും 79ാം മിനിട്ടിലും ടിം ക്ലെയ്ന്‍ഡിയന്‍സ്റ്റ് ഇരട്ട ഗോള്‍ നേടി ജര്‍മനിയുടെ ലീഡ് ഉയര്‍ത്തി. 37ാം മിനിട്ടില്‍ കൈ ഹാവര്‍ട്‌സും ഗോള്‍ നേടിയതോടെ എതിരാളികള്‍ സമ്മര്‍ദത്തിലായി.
തുടര്‍ന്ന് ഫ്‌ലോറിയന്‍ വിറ്റ്‌സ് 50ാം മിനിട്ടിലും 57ാം മിനിട്ടിലും നേടിയ ഇരട്ട ഗോളില്‍ ജര്‍മ്മനി സമ്പൂര്‍ണ ആധിപത്യം സൃഷ്ടിക്കുകയായിരുന്നു. ശേഷം ലിറോയ് സേന്‍ 66 മിനിറ്റില്‍ ജര്‍മ്മനിക്ക് വേണ്ടി ഏഴാമത്തെ ഗോളും സ്വന്തമാക്കി. മത്സരത്തില്‍ പൂര്‍ണമായും ജര്‍മനിയുടെ വിളയാട്ടമായിരുന്നു.
ഇടിവെട്ട് പ്രകടനംകൊണ്ട് ഫുട്‌ബോള്‍ലോകത്തെ വീണ്ടും അമ്പരപ്പിച്ചിരിക്കുകയാണ് ജര്‍മനി. ഇതിന് മുമ്പ് ബ്രസീലിനെതിരെയാണ് ജര്‍മനി ഏഴ് ഗോള്‍ നേടിയത്. അന്ന് ഒരു ഗോള്‍ മാത്രമാണ് ബ്രസീലിയന്‍ പടയ്ക്ക് നേടാന്‍ സാധിച്ചത്.
നിലവില്‍ ലീഗ് എയിലെ ഗ്രൂപ്പ് മൂന്നില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് നാല് വിജയവും ഒരു സമനിയുമായി 13 പോയിന്റോടെ ഒന്നാമതാണ് ജര്‍മനി. രണ്ടാം സ്ഥാനത്തുള്ള നെതര്‍ലാന്‍ഡ്‌സ് രണ്ട് വിജയവുമായി എട്ട് പോയിന്റാണ് നേടിയത്.