ജര്‍മനിയുടെ എക്കാലത്തെയും മികച്ച ഗോള്‍ കീപ്പറാണ് മാനുവല്‍ ന്യൂയര്‍. സമീപ കാലങ്ങളില്‍ ന്യൂയര്‍ പരിക്കിന്റെ പിടിയിലായിരുന്നു. അതുകൊണ്ട് തന്നെ താരത്തിന് ജര്‍മന്‍ ദേശീയ ടീമിലും ബയേണ്‍ മ്യൂണിക്കിലും കളിക്കാന്‍ സാധിച്ചിരുന്നില്ല.
ഇപ്പോഴിതാ ജര്‍മനി ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ന്യൂയറിന് തിരികെ ലഭിക്കില്ലെന്നാണ് ഡി.എഫ്.ബിയുടെ പുതിയ പരിശീലകന്‍ ജൂലിയന്‍ നെഗല്‍സ്മാന്‍ അറിയിച്ചത്.
മാനുവല്‍ ന്യൂയര്‍ പരിക്കിന്റെ പിടിയിലായതുകൊണ്ട് താരത്തിന് ജര്‍മനി ടീമിന്റെ സ്ഥാനം നഷ്ടമായിരുന്നു. ന്യൂയര്‍ ഇല്ലാത്ത സമയത്ത് ബാഴ്സലോണ മിഡ്ഫീല്‍ഡര്‍ ആയ ലൈകായ് ഗുണ്ടോഗന്‍ ആയിരുന്നു ടീമിന്റെ ആംബാന്‍ഡ് അണിഞ്ഞത്.
അതുകൊണ്ടാണ് ഗുണ്ടോഗനെ ജര്‍മനിയുടെ സ്ഥിരം നായകനാക്കാന്‍ കോച്ച് തീരുമാനിക്കുന്നത്. അടുത്ത വര്‍ഷം സ്വന്തം തട്ടകത്തില്‍ നടക്കുന്ന യൂറോ കപ്പ് ടൂര്‍ണമെന്റില്‍ ജര്‍മനിയെ നയിക്കാനുള്ള അവസരവും ഗുണ്ടോഗന് ലഭിക്കും.
‘ഗുണ്ടോഗന്‍ ക്യാപ്റ്റനായി തുടരും. ഞങ്ങള്‍ക്ക് ഇവിടെ ഒരു തുടര്‍ച്ച ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്,’ നെഗല്‍സ്മാനെ ഉദ്ധരിച്ച് ബില്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.
ജൂലിയന്‍ നെഗല്‍സ്മാന്‍ ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കില്‍ ആയിരുന്ന സമയത്ത് ജര്‍മന്‍ ഇതിഹാസ ഗോള്‍ കീപ്പറുമായി തര്‍ക്കം നിലനിന്നിരുന്നു. കഴിഞ്ഞ സീസണില്‍ ഗോള്‍കീപ്പിങ് പരിശീലകനായ ടോണി തപലോവിച്ചിനെ ബയേണ്‍ പുറത്താക്കിയിരുന്നു. 12 വര്‍ഷം ക്ലബ്ബുമായി സേവനമനുഷ്ടിച്ചതായിരുന്നു തപലോവിച്ച്. ഇതിന് പിന്നാലെ താരങ്ങളുടെ ചാറ്റ് ചോര്‍ത്തിയതായി ന്യൂയര്‍ ആരോപിച്ചു. എന്നാല്‍ ഇത് നെഗല്‍സ്മാനെ പ്രകോപിപ്പിക്കുകയും ഇരുവരും ഏറ്റുമുട്ടുകയും ചെയ്തു.
2016ല്‍ ആണ് ന്യുയര്‍ ജര്‍മനിയുടെ നായകസ്ഥാനം ഏറ്റെടുക്കുന്നത്. 2018, 2022 ലോകകപ്പുകള്‍ ന്യൂയറിന്റെ നേതൃത്വത്തിലാണ് ജര്‍മനി കളിച്ചത്.
Content Highlight: German football team appointed new captain and Manuel Neuer lost the captaincy.