ബെര്‍ലിന്‍: ജര്‍മനിയില്‍ വിറ്റന്‍ബര്‍ഗിലെ ഒരു പള്ളിയില്‍ നിന്നും യഹൂദന്മാരെ അധിക്ഷേപിക്കുന്ന സ്മാരകശില നീക്കം ചെയ്യണമെന്ന ഒരു ജൂത അപേക്ഷകന്റെ ആവശ്യം ജര്‍മന്‍ ഫെഡറല്‍ കോടതി തള്ളി.
700 വര്‍ഷം പഴക്കമുള്ള ഈ ആന്റി സെമിറ്റിക് ശില്‍പം യഹൂദരെ അധിക്ഷേപിക്കുന്നതാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു അപേക്ഷകന്‍ കോടതിയെ സമീപിച്ചത്.
യഹൂദരെ ‘ജൂതപ്പന്നികള്‍’ (Judensau Or Jew Pig) എന്നു വിളിച്ച് അപമാനിക്കുന്ന, ജര്‍മനിയിലെയും യൂറോപ്പിലെയും വിവിധ പള്ളികളിലായുള്ള ഇരുപതോളം മിഡീവല്‍ സ്മാരകശിലകളില്‍ ഒന്നാണ് വിറ്റന്‍ബര്‍ഗിലെ പള്ളിയിലുള്ളത്.
വിറ്റന്‍ബര്‍ഗിലെ ടൗണ്‍ പള്ളിയില്‍ സ്ഥാപിച്ചിരിക്കുന്ന സ്മാരകശിലയെ സംബന്ധിച്ചുള്ള കീഴ്ക്കോടതി വിധികള്‍ ഫെഡറല്‍ കോടതി ശരിവെച്ചു. ചൊവ്വാഴ്ചയായിരുന്നു ഫെഡറല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ് ഇത് സംബന്ധിച്ച വിധി പുറപ്പെടുവിച്ചത്.
ജര്‍മനിയുടെ കിഴക്കന്‍ പ്രവിശ്യയിലുള്ള സാക്‌സൊണി- ആന്‍-ഹാള്‍ട്ട് സ്റ്റേറ്റിലെ കോടതികള്‍ 2019ലും 2020ലും പരാതിക്കാരനായ മൈക്കല്‍ ഡ്യുവല്‍മാനെതിരായ വിധി പുറപ്പെടുവിച്ചതിന് പിന്നാലെയാണ് വിഷയം ഫെഡറല്‍ കോടതി ജഡ്ജിമാരിലേക്ക് എത്തിയത്.
”ശില്‍പം ജൂതരെ അപകീര്‍ത്തിപ്പെടുത്തുന്നതും അപമാനിക്കുന്നതുമാണ്, ഈ ദിവസം വരെ ശില്‍പം വലിയ എഫക്ടാണ് ഉണ്ടാക്കിയത്,’ എന്ന് മൈക്കല്‍ ഡ്യുവല്‍മാന്‍ കോടതിയില്‍ വാദിച്ചിരുന്നു. ശില്‍പം സമീപത്തുള്ള ലൂഥര്‍ ഹൗസ് മ്യൂസിയത്തിലേക്ക് മാറ്റണമെന്ന നിര്‍ദേശവും അദ്ദേഹം മുന്നോട്ടുവെച്ചിരുന്നു.
പ്രത്യേകം നോക്കുകയാണെങ്കില്‍, യഥാര്‍ത്ഥ പ്രതിമ ‘യഹൂദമതത്തെ മൊത്തത്തില്‍ പരിഹസിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നു’ എന്ന് കണ്ടെത്തിയ ഫെഡറല്‍ കോടതി, എന്നാല്‍ അതിന്റെ ചരിത്രപരമായ പശ്ചാത്തലം വിശദീകരിക്കുന്ന സ്മാരകം ചേര്‍ത്തുകൊണ്ട് ഇടവക നിയമപരമായ ഈ സാഹചര്യം പരിഹരിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. പ്രതിമയുടെ ‘അപകീര്‍ത്തികരവും യഹൂദവിരുദ്ധവുമായ സന്ദേശത്തില്‍’ നിന്ന് ഇടവക സ്വയം അകലം പാലിച്ചു എന്നാണ് ഇതിനര്‍ത്ഥമെന്നും കോടതി വിധിന്യായത്തില്‍ കൂട്ടിച്ചേര്‍ത്തു.