ബെര്‍ലിന്‍: ജര്‍മന്‍ പൊതുതെരഞ്ഞെടുപ്പില്‍ ഇടതു പക്ഷത്തിന് മുന്‍തൂക്കം. ജര്‍മനിയിലെ ഇടതു പാര്‍ട്ടി സെന്റര്‍ ലെഫ്റ്റ് സോഷ്യല്‍ ഡെമോക്രാറ്റ്‌സിനാണ് (സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി) ആംഗല മെര്‍ക്കലിന്റെ കണ്‍സര്‍വേറ്റീവ്‌സിനേക്കാള്‍ സാധ്യത കല്‍പ്പിക്കുന്നതെന്നും, 2005ന് ശേഷം എസ്.ഡി.പി അധികാരം നേടാന്‍ സാധ്യയുണ്ടെന്നും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
26.0 ശതമാനം വോട്ടുകളാണ് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേടിയിട്ടുള്ളത്. മെര്‍ക്കലിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 24.5 ശതമാനം വേട്ടുമാണ് ലഭിച്ചിട്ടുള്ളത്. 70 വര്‍ഷത്തിനിടെ കണ്‍സര്‍വേറ്റീവുകളുടെ മോശം പ്രകടനമാണ് 2021ലേത് എന്നാണ് ജര്‍മനിയിലെ മുഖ്യധാരാ മാധ്യമങ്ങള്‍ പറയുന്നത്.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് അവസരം ലഭിച്ചേക്കുമെന്നാണ് കരുതുന്നത്. എസ്.പി.ഡി നേതാവ് ഒലാഫ് ഷോള്‍സ് സര്‍ക്കാരുണ്ടാക്കാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
‘ഇപ്പോള്‍ എല്ലാ സര്‍വേകളിലും ഞങ്ങളാണ് മുന്നില്‍, എല്ലാ തരത്തിലും തങ്ങള്‍ക്ക് ഉപയോഗപ്രദമാകുന്ന ഒരു സര്‍ക്കാരിനെ ജര്‍മന്‍ ജനത ആവശ്യപ്പെടുന്നു എന്ന സന്ദേശമാണ് തെരഞ്ഞെടുപ്പ് നല്‍കുന്നത്,’ ഷോള്‍സ് പറഞ്ഞു. ചാന്‍സലര്‍ സ്ഥാനാര്‍ത്ഥിയായി എസ്.പി.ഡി ഉയര്‍ത്തിക്കാട്ടുന്നതും ഷോള്‍സിനെ തന്നെയാണ്.
തെരഞ്ഞടുപ്പിലെ കറുത്ത കുതിരകളായാണ് ഗ്രീന്‍സ് പാര്‍ട്ടി കരുത്തു കാട്ടിയത്. അന്നലിന ബാര്‍ബോക്കിന്റെ നേതൃത്വത്തിലാണ് ഗ്രീന്‍സ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. 2017നേക്കാള്‍ മികച്ച പ്രകടനമാണ് പാര്‍ട്ടി കാഴ്ചവെച്ചിരിക്കുന്നത്.
‘കാലാവസ്ഥാ വ്യതിയാനമാണ് അടുത്ത സര്‍ക്കാരിന് മുന്നിലുള്ള പ്രധാന പ്രശ്‌നം, ഗ്രീന്‍സ് പാര്‍ട്ടിയാണ് ഈ വിഷയത്തെ മുന്നോട്ട് വെച്ചിട്ടുള്ളത്, ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് ഫലത്തില്‍ പൂര്‍ണ തൃപ്തിയില്ല,’ എന്നാണ് അന്നലിന ബാര്‍ബോക്ക് തെരഞ്ഞെടുപ്പ് ഫലത്തിനോട് പ്രതികരിച്ചത്.
6.04 കോടി ജനങ്ങളാണ് ജര്‍മന്‍ പാര്‍ലമെന്റായ ബുണ്ടസ്ഗാറ്റിലേക്കുള്ള വിധിയെഴുതിയത്. 40 ശതമാനത്തിലധികം പോസ്റ്റല്‍ ബാലറ്റ് ഉപയോഗിച്ചാണ് വോട്ട് ചെയ്തത്. 16 വര്‍ഷം ഭരിച്ച സി.ഡി.യു നേതാവ് അംഗല മെര്‍ക്കല്‍ ചാന്‍സലര്‍ പദവിയൊഴിയുമ്പോള്‍ ജര്‍മനിയെ നയിക്കാന്‍ പുതിയ സാരഥി വരുന്നു എന്ന പ്രത്യേകതയും ഈ തെരഞ്ഞടുപ്പിനുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: German Election, Left Party with an edge over Conservatives