ജര്‍മന്‍ ക്രിസ്മസ് മാർക്കറ്റിലെ കാറാക്രമണം; പരിക്കേറ്റവരിൽ ഏഴ് ഇന്ത്യക്കാരും
national news
ജര്‍മന്‍ ക്രിസ്മസ് മാർക്കറ്റിലെ കാറാക്രമണം; പരിക്കേറ്റവരിൽ ഏഴ് ഇന്ത്യക്കാരും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 22nd December 2024, 7:58 am

ബെര്‍ലിന്‍: ജര്‍മനിയിലെ ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് കാര്‍ ഇടിച്ചുകയറ്റിയ ആക്രമണത്തില്‍ ഇന്ത്യക്കാര്‍ക്കും പരിക്ക്. ഇന്ത്യക്കാരായ ഏഴ് പേര്‍ക്കാണ് ആക്രമണത്തില്‍ സാരമായി പരിക്കേറ്റത്.

പരിക്കേറ്റ ഇന്ത്യക്കാര്‍ക്ക് എല്ലാവിധത്തിലുമുള്ള മെഡിക്കല്‍ സൗകര്യങ്ങള്‍ നല്‍കുന്നുണ്ടെന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ആക്രമണത്തില്‍ അപലപിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇന്നലെ (ശനിയാഴ്ച്ച) രാത്രിയില്‍ പ്രതികരിച്ചിരുന്നു. ആക്രമണം ഭീകരവും വിവേകശൂന്യമാണെന്നുമാണ് ഇന്ത്യ പ്രതികരിച്ചത്.

ഇതിനുപിന്നാലെ ബെര്‍ലിന്‍ അധികൃതര്‍ ഇന്ത്യയെ വിവരങ്ങള്‍ അറിയിക്കുകയായിരുന്നു. പരിക്കേറ്റ ഇന്ത്യക്കാരില്‍ മൂന്ന് പേര്‍ ആശുപത്രി വിട്ടതായാണ് വിവരം.

കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ടോ എന്നതില്‍ വ്യക്തതയില്ല. പരിക്കേറ്റവരുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്ന് ജര്‍മനിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

ജര്‍മനിയിലെ മഗ്ഡെബര്‍ഗ് നഗരത്തിലാണ് അപകടമുണ്ടായത്. നഗരത്തിലെ ആള്‍ക്കൂട്ടത്തിലേക്ക് ഡോക്ടറും മനശാസ്ത്ര വിദഗ്ദനുമായ തലേബ് എന്ന 50കാരന്‍ അമിത വേഗത്തില്‍ കാര്‍ ഇടിച്ച് കയറ്റുകയായിരുന്നു.

അപകടത്തില്‍ ഒമ്പത് വയസുകാരന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. 200 പേര്‍ക്ക് പരിക്കേല്‍ക്കുകയും 41 പേരുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് നിലവിലെ വിവരം. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുമുണ്ട്.

ഇതിനുമുമ്പും ജര്‍മനിയില്‍ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇക്കാരണത്താല്‍ കഴിഞ്ഞ ദിവസമുണ്ടായത് ഭീകരാക്രമണമാണെന്ന് സംശയിക്കുന്നതായി സര്‍ക്കാര്‍ വക്താവ് മാത്തിയാസ് ഷുപ്പെ അപകടശേഷം പറഞ്ഞിരുന്നു.

എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണങ്ങളില്‍, അപകടത്തിന് പിന്നില്‍ ഇസ്‌ലാമിക ബന്ധമൊന്നും ഉണ്ടായിരുന്നില്ലെന്ന് ജര്‍മന്‍ സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം അപകടത്തിന് പിന്നാലെ അറസ്റ്റിലായ പ്രതി ഇസ്‌ലാമോഫോബിക് ആണെന്നത് വ്യക്തമാണെന്ന് ജര്‍മന്‍ ആഭ്യന്തര മന്ത്രി നാന്‍സി ഫൈസര്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ പ്രതിയുടെ രാഷ്ടീയ ബന്ധങ്ങളെ കുറിച്ച് മന്ത്രി പരാമര്‍ശിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവത്തില്‍ അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് ജര്‍മന്‍ വൃത്തങ്ങള്‍ അറിയിച്ചു. സൗദി പൗരന്മാരോട് ജര്‍മനി പുലര്‍ത്തുന്ന സമീപനമാണോ ആക്രമണത്തിന് പ്രതിയെ പ്രേരിപ്പിച്ചതെന്ന് അന്വേഷിക്കുന്നതായി പ്രോസിക്യൂട്ടര്‍ ഹോര്‍സ്റ്റ് വാള്‍ട്ടര്‍ നോപന്‍സ് പറഞ്ഞു.

പ്രതിയുടെ സമൂഹ മാധ്യമങ്ങളില്‍ നടത്തിയ പരിശോധനയില്‍, തലേബ് ആള്‍ട്ടര്‍നേറ്റിവ് ഫോര്‍ ജര്‍മനി അടക്കമുള്ള ഇസ്‌ലാം വിരുദ്ധ പാര്‍ട്ടികളെയും തീവ്ര വലതുപക്ഷ സംഘടനകളെയും പിന്തുണക്കുന്നതിന് തെളിവുകളുണ്ടെന്നും വിവരമുണ്ട്.

Content Highlight: German Christmas Market Car Attack; Seven Indians injured