| Monday, 11th October 2021, 11:31 am

ഇസ്രഈല്‍-ഫലസ്തീന്‍ പ്രശ്‌നപരിഹാരം ഫലസ്തീനെ സ്വതന്ത്രമാക്കല്‍; ഇസ്രഈല്‍ പ്രധാനമന്ത്രിക്കൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ഫലസ്തീനെ പിന്തുണച്ച് ആഞ്ചല മെര്‍ക്കല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബര്‍ലിന്‍: ഇസ്രഈല്‍ സന്ദര്‍ശനത്തിനിടെ ഫലസ്തീനെ പിന്തുണച്ച് സംസാരിച്ച് സ്ഥാനമൊഴിയാനിരിക്കുന്ന ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍. ഇസ്രഈല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിനോടൊപ്പം നടത്തിയ പത്രസമ്മേളനത്തിലായിരുന്നു മെര്‍ക്കല്‍ ഫലസ്തീന്‍ സ്വതന്ത്ര രാജ്യമാകണമെന്ന പ്രസ്താവന നടത്തിയത്.

ജര്‍മനിയുടെ ചാന്‍സലര്‍ ആയിരിക്കെ മെര്‍ക്കല്‍ നടത്തുന്ന അവസാന ഇസ്രഈല്‍ സന്ദര്‍ശനമായിരുന്നു ഇത്. ഇറാനുമായുള്ള ആണവകരാര്‍ ഫലസ്തീനെ സ്വതന്ത്ര രാജ്യമായി പ്രഖ്യാപിക്കല്‍ എന്നീ കാര്യങ്ങളില്‍ ഇസ്രഈലിന് വിരുദ്ധമായ നിലപാടാണ് സഖ്യരാജ്യമായ ജര്‍മനിയുടെ ചാന്‍സലര്‍ സ്വീകരിച്ചത്.

ഇസ്രഈലിനും ഫലസ്തീനുമിടയില്‍ കാലങ്ങളായി തുടരുന്ന സംഘര്‍ഷാവസ്ഥയ്ക്ക് ഫലസ്തീന്‍ മുന്നോട്ട് വെച്ച ‘ടു സ്‌റ്റേറ്റ് സൊലൂഷന്‍’ എന്ന ആശയം നടപ്പിലാക്കുന്നതാണ് പരിഹാരമെന്നായിരുന്നു മെര്‍ക്കല്‍ പ്രതികരിച്ചത്.

ഈ ആശയം ഒരു അടഞ്ഞ അധ്യായമല്ലെന്ന് പറഞ്ഞ മെര്‍ക്കല്‍ ഫലസ്തീന്‍ പൗരന്മാര്‍ക്ക് അവരുടേതായ ഒരു രാജ്യത്ത് സമാധാനത്തോടെ ജീവിക്കാന്‍ സാധിക്കണമെന്നും സന്ദര്‍ശനത്തിനിടെ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ മെര്‍ക്കലിന്റെ പ്രസ്താവനയ്ക്ക് പത്രസമ്മേളനത്തില്‍ വെച്ച് തന്നെ ഇസ്രഈല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്മറുപടി നല്‍കി. ഫലസ്തീന്‍ സ്വതന്ത്രമാകുന്നത് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കും എന്നായിരുന്നു ബെന്നറ്റ് പ്രതികരിച്ചത്.

”ഒരു ഫലസ്തീന്‍ രാഷ്ട്രമുണ്ടാവുക എന്നതിനര്‍ത്ഥം ഒരു ഭീകരവാദ രാജ്യം സ്ഥാപിക്കപ്പെടും എന്നതാണ് ഞങ്ങളുടെ അനുഭവം പറയുന്നത്. അത് എന്റെ വീട്ടില്‍ നിന്നും വെറും ഏഴ് മിനിറ്റിന്റെ ദൂരവും ഇസ്രഈലില്‍ നിന്ന് ഏറ്റവും അടുത്തുമായിരിക്കും,” ബെന്നറ്റ് പറഞ്ഞു.

ബെന്നറ്റിന്റെ ഫലസ്തീന്‍ വിരുദ്ധ പ്രസ്താവനയ്ക്ക് മറുപടിയുമായി ഫലസ്തീന്‍ ഉദ്യോഗസ്ഥരും രംഗത്തെത്തി. ഭീകരവാദത്തിന്റെ ഏറ്റവും മോശമായ രൂപം കൈയേറ്റവും അധിനിവേശവുമാണെന്നും ഫലസ്തീന്‍ സ്വതന്ത്രരാജ്യമാകുന്നതല്ലെന്നും ഫലസ്തീന്‍ ഉന്നത ഉദ്യോഗസ്ഥന്‍ ഹുസൈന്‍ അല്‍-ഷെയ്ക്ക് പറഞ്ഞു.

സൗഹൃദസന്ദര്‍ശനം നടത്തുന്ന രാഷ്ട്രത്തലവന്മാര്‍ ആതിഥേയരാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പരസ്യ പസ്താവനകള്‍ നടത്തുന്നത് അപൂര്‍വമാണ് എന്നതാണ് മെര്‍ക്കലിന്റെ പ്രതികരണം ഇപ്പോള്‍ ശ്രദ്ധ നേടാന്‍ കാരണമായത്.

ജര്‍മനിയിലെ കിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ പാര്‍ട്ടിയുടെ അംഗമായ ആഞ്ചല മെര്‍ക്കല്‍ 2005ലായിരുന്നു ജര്‍മന്‍ ചാന്‍സലറായി അധികാരമേറ്റത്. ജര്‍മനിയില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തില്‍ പുതിയ സര്‍ക്കാറും ചാന്‍സലറും അധികാരമേല്‍ക്കുന്നതോടെ സ്ഥാനമൊഴിയാനിരിക്കുകയാണ് മെര്‍ക്കല്‍.

സ്ഥാനമൊഴിയുന്നതിന് മുമ്പായി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് മെര്‍ക്കല്‍ സഖ്യരാജ്യമായ ഇസ്രഈലും സന്ദര്‍ശിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: German chancellor Angela Merkel said two-state solution is the best way to end Israel-Palestine conflict

We use cookies to give you the best possible experience. Learn more