[] ബെര്‍ലിന്‍: ജര്‍മന്‍ ഫുട്‌ബോള്‍ ടീമിന്റെ നായകന്‍ ഫിലിപ് ലാം വിരമിച്ചു. ജര്‍മനി ലോകകപ്പ് കിരീടമുയര്‍ത്തിയതിന് പിന്നാലെയാണ് ജര്‍മന്‍ പ്രതിരോധനിരയിലെ കരുത്തനായ ഫിലിപ് ദേശീയ ടീമില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചത്.
വിരമിക്കാനുള്ള തീരുമാനം കോച്ച് ജോക്കിം ലോയെ അറിയിച്ചിരുന്നതായി ഫിലിപ് പറഞ്ഞു.ലോകകപ്പ് നേട്ടത്തോടെ വിരമിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2010ലെ ദക്ഷിണാഫ്രിക്ക ലോകകപ്പിനായി ടീം തയാറെടുക്കുന്നതിനിടെ ജര്‍മ്മന്‍ നായകന്‍ മൈക്കിള്‍ ബല്ലാക്കിന് പരുക്കേറ്റതിനെ തുടര്‍ന്നാണ് ഫിലിപ് ലാമിനെ ക്യാപ്റ്റനായി തിരഞ്ഞെടുത്തത്.
ദേശീയ ടീമില്‍ നിന്നും വിരമിച്ചാലും ബയേണ്‍ മ്യൂണിക് താരം കൂടിയായ ഫിലിപ് ലാം ക്ലബ് ഫുട്‌ബോള്‍ തുടരും. ബയേണ്‍ മ്യൂണിക്കുമായി 2018 വരെയാണ് നിലവിലെ കരാര്‍. 30 കാരനായ ഫിലിപ്പ് 113 അന്താരാഷ്ട്ര മത്സരങ്ങളില്‍ ജര്‍മ്മനിക്കായി കളത്തിലിറങ്ങിയിട്ടുണ്ട്.