| Tuesday, 6th January 2015, 8:11 am

ജര്‍മ്മന്‍ ഇസ്‌ലാം വിരുദ്ധ റാലിയില്‍ പങ്കെടുത്തത് 18,000 ത്തോളം പേര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡ്രസ്ഡന്‍: പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ വളര്‍ന്നുവരുന്ന ഇസ്‌ലാമിക് സ്വാധീനത്തിനെതിരെ ജര്‍മ്മനിയില്‍ നടന്ന റാലിയില്‍ 18,000 ത്തോളം ആളുകള്‍ പങ്കെടുത്തു. കിഴക്കന്‍ ജര്‍മ്മന്‍ നഗരമായ ഡ്രസ്ഡണിലാണ് റാലി നടന്നത്.

വലതുപക്ഷ മുന്നേറ്റമായ “പാട്രിയോട്രിക് യൂറോപ്യന്‍സ് എഗൈന്‍സ്റ്റ് ദ ഇസ്‌ലാമിസൈസേഷന്‍ ഓഫ് ദ ഓക്‌സിഡന്റ്” (പെഗിഡ) എന്ന സംഘടനയുടെ നേതൃത്വത്തിലാണ് റാലി നടന്നത്. പെഗിഡയെ പിന്തുണച്ച് നിരവധിയാളുകള്‍ തെരുവുകളില്‍ പ്രതിഷേധിച്ചു. ഇത്തരം പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തണമെന്ന ചാന്‍സലര്‍ ആംഗേല മെര്‍കെല്‍ ആഹ്വാനം ചെയ്തിട്ടും റാലിയില്‍ റെക്കോര്‍ഡ് ജനപങ്കാളിത്തമാണുണ്ടായത്.

ഡ്രസ്ഡണിലെ റാലിക്കു പിന്നാലെ ഇതിനെതിരെ നിരവധി ജര്‍മ്മന്‍ നഗരങ്ങളില്‍ പ്രതിഷേധങ്ങള്‍ അരങ്ങേറി. വിവേചനത്തിനും പരദേശസ്പര്‍ദ്ധ വ്യാപിപ്പിക്കുന്നതിനും എതിരായാണ് തങ്ങള്‍ പ്രതിഷേധിക്കുന്നതെന്ന് പെഗിഡയ്‌ക്കെതിരെ ബെര്‍ലെന്‍, സ്റ്റുട്ട്ഗാര്‍ട്ട്, കൊളോഗ്ന്, ഡ്രഡ്‌സണ്‍ എന്നിവിടങ്ങളില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളുടെ സംഘാടകര്‍ പറഞ്ഞു.

പെഗിഡയ്‌ക്കെതിരെയുള്ള പ്രകടനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബിസിനസുകള്‍, പള്ളികള്‍, കോളോഗ്ന് സിറ്റിയിലെ പവ്വര്‍ കമ്പനി തുടങ്ങിയവര്‍ അവരുടെ കെട്ടിടങ്ങളും മറ്റുസ്ഥാപനങ്ങളിലും ലൈറ്റണച്ച് പ്രതിഷേധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

അഹിംസയ്ക്ക് ഊന്നല്‍ കൊടുക്കുന്ന സ്ത്രീ വിരുദ്ധ രാഷ്ട്രീയ ആശയത്തിനെതിരെയുള്ള പ്രതിരോധമാണ് പെഗിഡയെന്നാണ് സംഘടനയുടെ അവകാശ വാദം. ജര്‍മ്മനിയില്‍ ജീവിക്കുന്ന ഏകീകൃത മുസ്‌ലീങ്ങള്‍ക്ക് എതിരല്ല തങ്ങളെന്നും അവര്‍ പറയുന്നു.

പെഗിഡയ്ക്ക് നിയോ നാസി ഗ്രൂപ്പുകളില്‍ നിന്ന് ലഭിക്കുന്ന പിന്തുണയും പ്രസംശയും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും കഴിഞ്ഞദിവസം നടന്ന റാലിയില്‍ നിയോ നാസി ബിംബങ്ങളും മുദ്രാവാക്യങ്ങളും സംഘടന നിരോധിച്ചിരുന്നു.

ലട്ട്‌സ ബാച്ച്മാന്‍ എന്ന 41കാരനാണ് പെഡിഗയുട സ്ഥാപകന്‍. ജര്‍മനിയിലെ പല നഗരങ്ങളിലും വ്യാപകമായി ഇസ്‌ലാമികവത്ക്കരണം നടക്കുന്നുവെന്ന് സംഘടന ആരോപിയ്ക്കുന്നു. അഭയം തേടിയെത്തുന്നവര്‍ക്കെതിരല്ല തങ്ങളെന്നും എന്നാല്‍ തങ്ങളുടെ മതത്തെയും വിശ്വാസത്തെയും തകര്‍ക്കാന്‍ തങ്ങള്‍ അനുവദിയ്ക്കില്ലെന്നും പ്രക്ഷോഭക്കാര്‍ പറയുന്നു.

ജര്‍മനിയുടെ സംസ്‌ക്കാരവും പാരമ്പര്യവും ശരിയത്ത് നിയമങ്ങള്‍ക്ക് വിട്ട് കൊടുക്കില്ലെന്നും സര്‍ക്കാര്‍ ഇത്തരം ശ്രമങ്ങള്‍ തടയണമെന്നും പെഗിഡ ആവശ്യപ്പെടുന്നു. രാജ്യത്തേയ്ക്കുള്ള മുസ്‌ലിങ്ങളുടെ കുടിയേറ്റം അവസാനിപ്പിയ്ക്കണമെന്ന് തന്നെയാണ് ശക്തമായ ആവശ്യം.

ഇറാനില്‍ നിന്നും ഓസ്‌ട്രേലിയയില്‍ അഭയം തേടിയ പുരോഹിതന്‍ രാജ്യത്ത് ആക്രമണം നടത്തിയതും ജര്‍മനിയിലെ പ്രതിഷേധക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നു.

We use cookies to give you the best possible experience. Learn more