മറ്റൊരു ക്യാപ്റ്റനുമില്ലാത്ത ചരിത്രനേട്ടവുമായി നമീബിയൻ നായകൻ; ഏകദിനത്തിലെ പുത്തൻ താരോദയം
Cricket
മറ്റൊരു ക്യാപ്റ്റനുമില്ലാത്ത ചരിത്രനേട്ടവുമായി നമീബിയൻ നായകൻ; ഏകദിനത്തിലെ പുത്തൻ താരോദയം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 15th February 2024, 3:25 pm

ഐ.സി.സി ക്രിക്കറ്റ് വേള്‍ഡ് കപ്പ് ലീഗ് ടുവില്‍ നമീബിയക്ക് തകര്‍പ്പന്‍ ജയം. നേപ്പാളിനെ നാല് വിക്കറ്റുകൾക്കാണ് നമീബിയ പരാജയപ്പെടുത്തിയത്.

മത്സരത്തില്‍ നമീബിയ നായകന്‍ ജെര്‍ഹാര്‍ഡ് ഇറാസ്മസ് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനമാണ് നടത്തിയത്. 8.1 ഓവറില്‍ 28 റണ്‍സ് വിട്ടുനല്‍കിയാണ് നമീബിയ നായകന്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയത്. 3.43 ആണ് താരത്തിന്റെ ഇക്കോണമി.

ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് നമീബിയന്‍ നായകനെ തേടിയെത്തിയത്. ഏകദിനത്തില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ അഞ്ച് വിക്കറ്റുകള്‍ നേടുന്ന ആദ്യ താരമായി മാറാന്‍ ജെര്‍ഹാര്‍ഡ് ഇറാസ്മസിന് സാധിച്ചു.

ത്രിഭുവന്‍ യൂണിവേഴ്‌സിറ്റി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ നമീബിയ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത നേപ്പാള്‍ 41.1 ഓവറില്‍ 132 റണ്‍സിന് പുറത്താവുകയായിരുന്നു.  നമീബിയ ബൗളിങ്ങില്‍ നായകന്റെ അഞ്ചു വിക്കറ്റുകളുടെ നേട്ടത്തിനൊപ്പം റൂബന്‍ ട്രമ്പല്‍മാന്‍ ജാക്ക് ബ്രസ്സല്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി മികച്ച പ്രകടനം നടത്തിയപ്പോള്‍ നേപ്പാള്‍ ബാറ്റിങ് 132 റണ്‍സിന് പുറത്താവുകയായിരുന്നു. നേപ്പാള്‍ ബാറ്റിങ്ങില്‍ ബീം ഷാര്‍ക്കി 86 പന്തില്‍ 44 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ നമീബിയ 33.1 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. നമീബിയ ബാറ്റിങ്ങില്‍ ജാന്‍ ഫ്രൈലിങ്ക് 53 പന്തില്‍ 34 റണ്‍സും നിക്കോള്‍ ലോഫ്റ്റീ ഈറ്റൊണ്‍ 30 പന്തില്‍ 31 റണ്‍സും നേടി മികച്ച പ്രകടനം നടത്തിയപ്പോള്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

Content Highlight: Gerhard Erasmus create a new history in ODI