'മെസിയുടെ കരിയര്‍ തീര്‍ന്ന്'; ഇന്റര്‍ മിയാമിയിലേക്ക് അയാള്‍ എത്തുന്നു; ആശങ്ക പ്രകടിപ്പിച്ച് ആരാധകര്‍
Football
'മെസിയുടെ കരിയര്‍ തീര്‍ന്ന്'; ഇന്റര്‍ മിയാമിയിലേക്ക് അയാള്‍ എത്തുന്നു; ആശങ്ക പ്രകടിപ്പിച്ച് ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 29th June 2023, 6:31 pm

ലയണല്‍ മെസിയെ പരിശീലിപ്പിക്കാന്‍ എം.എല്‍.എസ് ക്ലബ്ബായ ഇന്റര്‍ മിയാമിയിലേക്ക് ബാഴ്‌സലോണയുടെയും അര്‍ജന്റീനയുടെയും മുന്‍ പരിശീലകനായ ജെറാര്‍ഡോ മാര്‍ട്ടിനോ എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മാര്‍ട്ടിനോയുമായി ഇന്റര്‍ മിയാമി നേരത്തെ ധാരണയിലെത്തിയിരുന്നെന്നും ഇപ്പോള്‍ അദ്ദേഹവുമായി ക്ലബ് കരാറിലേര്‍പ്പെട്ടുവെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

മാര്‍ട്ടിനോ മെസിയെ പരിശീലിപ്പിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആരാധകര്‍. മാര്‍ട്ടിനോ നേരത്തെ ബാഴ്‌സലോണയിലും അര്‍ജന്റീനയിലും മെസിയെ പരിശീലിപ്പിച്ചിരുന്നു. പരിശീലനത്തില്‍ വേണ്ട മികവ് പുലര്‍ത്താന്‍ സാധിക്കാതിരുന്നതിനാല്‍ മാര്‍ട്ടിനോക്ക് കീഴില്‍ സൂപ്പര്‍കോപ്പ ഡി എസ്പാന മാത്രമാണ് മെസിക്ക് നേടാന്‍ സാധിച്ചത്.

മാര്‍ട്ടിനോ മിയാമിയില്‍ എത്തുന്നത് മെസിയുടെ ഭാവി നശിപ്പിക്കുമെന്നും അദ്ദേഹത്തിന് കീഴില്‍ ക്ലബ്ബിന് കാര്യമായി ഒന്നും നേടാനാകില്ലെന്നും ആരാധകരില്‍ ചിലര്‍ ട്വീറ്റ് ചെയ്തു. ‘ഭീകരനായ കോച്ച്’ ‘മെസിയുടെ കരിയര്‍ അവസാനിച്ചതായി കരുതിയാല്‍ മതി’ ‘ചരിത്രം വീണ്ടും ആവര്‍ത്തിക്കുന്നു’ എന്നിങ്ങനെ പോകുന്നു ട്വീറ്റുകള്‍.

അതേസമയം, മെക്‌സിക്കോ ദേശീയ ടീമിനെ പരിശീലിപ്പിച്ചതിന് ശേഷമാണ് മാര്‍ട്ടിനോ ഇന്റര്‍ മിയാമിയുടെ പരിശീലക സ്ഥാനമേല്‍ക്കാനെത്തുന്നത്. മാര്‍ട്ടിനോ നേരത്തെ എം.എല്‍.എസില്‍ അത്‌ലാന്റ് യുണൈറ്റഡിനെ പരിശീലിപ്പിച്ചിട്ടുണ്ട്. നിലവില്‍ ഹാവിയര്‍ മൊറാലെസാണ് ഇന്റര്‍ മിയാമിയുടെ താത്കാലിക പരിശീലക സ്ഥാനത്തുള്ളത്.

1998 പരിശീലക കുപ്പായമണിഞ്ഞ മാര്‍ട്ടിനോ 2013-14 സീസണിലാണ് ബാഴ്‌സയെ കോച്ച് ചെയ്തത്. 2014 മുതല്‍ 2016 വരെ അര്‍ജന്റീനയുടെ പരിശീലകനായും സ്ഥാനമേറ്റു. എന്നിരുന്നാലും, 60കാരനായ മാര്‍ട്ടിനോക്ക് നിലവില്‍ ലീഗില്‍ ഏറ്റവും അവസാന സ്ഥാനത്ത് കിടക്കുന്ന ഇന്റര്‍ മിയാമിക്കായി യാതൊന്നും ചെയ്യാനാകില്ലെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.

Content Highlights: Gerardo Martino will coach Lionel Messi in Inter Miami