പോര്‍ച്ചുഗലിനെ യൂറോ കപ്പും റയല്‍ മാഡ്രിഡിനെ യുവേഫ ചാമ്പ്യന്‍സ് ലീഗും ചൂടിച്ചാണ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 2016ലെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം സ്വന്തമാക്കിയത്. അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയെയും ഫ്രഞ്ച് സൂപ്പര്‍ താരം അന്റോയിന്‍ ഗ്രീസ്മാനെയും മറികടന്നാണ് പോര്‍ച്ചുഗീസ് ലെജന്‍ഡ് അന്ന് പുരസ്‌കാരം കയ്യിലേറ്റുവാങ്ങിയത്.
എന്നാല്‍ ലോകത്തിലെ ഏറ്റവും മികച്ച താരത്തിനാണ് ബാലണ്‍ ഡി ഓര്‍ നല്‍കുന്നതെങ്കില്‍ 2009 മുതല്‍ ലയണല്‍ മെസി തന്നെയാകും പുരസ്‌കാരം സ്വന്തമാക്കുകയെന്ന് മുന്‍ ബാഴ്‌സ സൂപ്പര്‍ താരവും സ്പാനിഷ് ഇന്റര്‍നാഷണലുമായ ജെറാര്‍ഡ് പിക്വെ അന്ന് പറഞ്ഞിരുന്നു. 2016ല്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ (ഇപ്പോള്‍ എക്‌സ്) പങ്കുവെച്ച പോസ്റ്റിലാണ് പിക്വെ ഇക്കാര്യം പറഞ്ഞത്.
‘ലോകത്തിലെ ഏറ്റവും മികച്ച താരത്തിനാണ് ബാലണ്‍ ഡി ഓര്‍ നല്‍കിയിരുന്നതെങ്കില്‍ 2009 മുതല്‍ ലിയോ തന്നെ പുരസ്‌കാരങ്ങളെല്ലാം നേടുമായിരുന്നു. അദ്ദേഹം വേറെ ലെവലാണ്,’ എന്നായിരുന്നു പിക്വെ കുറിച്ചത്.
Si el Balón de Oro se diera al mejor jugador del mundo, Leo lo tendría que haber ganado cada año desde el 2009. Otro nivel.
ആ സീസണിലെ 12 യു.സി.എല്‍ മത്സരത്തില്‍ നിന്നും 16 ഗോളും നാല് അസിസ്റ്റുമാണ് റൊണാള്‍ഡോ സ്വന്തമാക്കിയത്. വെറും ഒരു പോയിന്റിനായിരുന്നു ബാഴ്സക്ക് മുമ്പില്‍ റയലിന് ലാ ലിഗ കിരീടം അടിയറവ് വെക്കേണ്ടി വന്നത്.
ആ വര്‍ഷം തന്നെ റൊണാള്‍ഡോ തന്റെ കരിയറിലെ ആദ്യ അന്താരാഷ്ട്ര കിരീടവും നേടിയിരുന്നു. യൂറോ കപ്പിന്റെ ഫൈനലില്‍ ഫ്രാന്‍സിനെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് പറങ്കിപ്പട കിരീടമണിഞ്ഞത്.
എന്നാല്‍ 2016ല്‍ റൊണാള്‍ഡോയെക്കാള്‍ പുരസ്‌കാരത്തിന് അര്‍ഹന്‍ മെസിയാണെന്ന് ബാഴ്‌സ ഇതിഹാസം സാവിയും അന്ന് പറഞ്ഞിരുന്നു. ടി.വി 3ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം പുരസ്‌കാര വിതരണത്തിലെ തന്റെ അതൃപ്തി വ്യക്തമാക്കിയത്.
‘പ്രധാന ട്രോഫികള്‍ നേടിയത് മാത്രമാണ് അവര്‍ ജേതാവിനെ നിര്‍ണയിക്കാന്‍ പരിഗണിച്ചത്. എന്നാല്‍ ട്രോഫികള്‍ കണക്കാക്കിയല്ലാതെ മികച്ച താരത്തെ അവര്‍ ഇതിന് മുമ്പ് തെരഞ്ഞെടുത്തിരുന്നു. മറ്റാരെങ്കിലുമൊക്കെ നേടിയ ട്രോഫി ഉണ്ടായിരുന്നിട്ടും മെസി തന്നെയാണ് മികച്ചത്,’ എന്നായിരുന്നു സാവി പറഞ്ഞത്.
എന്നാല്‍ സാവിക്ക് ഒരിക്കല്‍പ്പോലും പുരസ്‌കാരം നേടാന്‍ സാധിച്ചിട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് റൊണാള്‍ഡോ ഇതിന് മറുപടി നല്‍കിയത്.
‘ഫ്രണ്ട് പേജില്‍ ഇടം നേടാന്‍ എന്നെക്കുറിച്ച് സംസാരിച്ചാല്‍ മതിയെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. സാവി ഒരിക്കല്‍ പോലും ബാലണ്‍ ഡി ഓര്‍ നേടിയിട്ടില്ല. ഞാന്‍ മൂന്ന് തവണ അത് നേടിയിട്ടുണ്ട്,’ എന്നായിരുന്നു റയല്‍ ലെജന്‍ഡിന്റെ മറുപടി.
Content Highlight: Gerard Pique’s old statement about Lionel Messi resurface again