കഴിഞ്ഞ വര്‍ഷം നവംബറിലാണ് ബാഴ്‌സലോണ താരം ജെറാര്‍ഡ് പിക്വെ ക്ലബ്ബ് ഫുട്‌ബോളില്‍ നിന്ന് വിരമിച്ചത്. ലാ ലിഗയില്‍ അല്‍മേറിയക്കെതിരായ മത്സരത്തോടെ പിക്വെ തന്റെ വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. ക്യാമ്പ് നൗവിലെ തങ്ങളുടെ പ്രിയ താരത്തിന്റെ അവസാന മത്സരം കാണാന്‍ ഏതാണ്ട് 92000 കാണികളാണ് സ്റ്റേഡിയത്തില്‍ എത്തിയിരുന്നത്.
ഞെട്ടലോടെയാണ് പിക്വെയുടെ അപ്രതീക്ഷിത വിടവാങ്ങല്‍ ആരാധകര്‍ കണ്ടുനിന്നത്. പ്രായക്കൂടുതല്‍ അല്ലെന്നും കളിയില്‍ അവസരങ്ങള്‍ നഷ്ടപ്പെട്ടുതുടങ്ങിയതാണ് തന്റെ വിരമിക്കലിന് പിന്നിലെ യഥാര്‍ത്ഥ കാരണമെന്നും പിക്വെ വെളിപ്പെടുത്തിയിരിക്കുകയാണ്.
സീസണില്‍ തുടര്‍ച്ചയായി ആദ്യ ഇലവനില്‍ നിന്ന് പുറത്തായതാണ് തന്റെ വിരമിക്കല്‍ വേഗത്തിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു. Rac1 ന് നല്‍കിയ അഭിമുഖത്തിലാണ് പിക്വെ ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചത്.
‘കളി എനിക്ക് മടുത്ത് തുടങ്ങുമ്പോഴും ടീമില്‍ എനിക്കുള്ള പ്രാധാന്യം നഷ്ടപ്പെടുമ്പോഴും ക്ലബ്ബ് വിടുമെന്ന് ഞാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. കരിയറിന്റെ അവസാന നാളുകള്‍ വളരെ ബുദ്ധിമുട്ടേറിയതായി തോന്നി.
വിരമിക്കാന്‍ ഇതാണ് മികച്ച സമയമെന്ന് എനിക്കുതന്നെ തോന്നിത്തുടങ്ങിയപ്പോഴാണ് ഞാന്‍ അത് ചെയ്തത്. അങ്ങനെയാലോചിക്കുമ്പോള്‍ ഞാന്‍ സന്തോഷവാനാണ്. ഞാനെടുത്ത തീരുമാനമാണ് ആരോഗ്യപരമായി എനിക്കും ടീമിനും നല്ലതെന്നും ഞാന്‍ തിരിച്ചറിയുകയായിരുന്നു,’ പിക്വെ പറഞ്ഞു.