യൂറോപ്പാ ലീഗിലെ പ്രീ ക്വാര്‍ട്ടര്‍ ക്വാളിഫിക്കേഷന്‍ മത്സരത്തിന്റെ രണ്ടാം പാദത്തില്‍ ബാഴ്സലോണ എഫ്.സി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് തോല്‍വി വഴങ്ങിയിരുന്നു.
ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു യുണൈറ്റഡ് ബാഴ്സയെ കീഴ്പ്പെടുത്തിയത്. ഇതോടെ യുണൈറ്റഡ് ബാഴ്‌സയെ ചാമ്പ്യന്‍സ് ലീഗിന് പിന്നാലെ യൂറോപ്പയില്‍ നിന്നും പുറത്താക്കുകയായിരുന്നു.
മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ ബാഴ്സലോണക്കെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ബാഴ്‌സലോണയുടെ തോല്‍വിക്ക് പിന്നാലെ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ബാഴ്‌സ താരം ജെരാര്‍ഡ് പിക്വെ.
‘വളരെ ലജ്ജാകരമായ തോല്‍വിയാണ് യുണൈറ്റഡിനെതിരെ ബാഴ്‌സക്ക് നേരിടേണ്ടി വന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ശാരീരികമായി വളരെ ശക്തരായിരുന്നു. ഞങ്ങള്‍ക്ക് മത്സരത്തില്‍ കൂടുതല്‍ ആധിപത്യം പുലര്‍ത്താനായില്ല.
അല്‍മിറക്കെതിരെയുള്ള അടുത്ത മത്സരത്തിലാണ് പ്രതീക്ഷ. അതിലേക്കാണ് ഇനി ഫോക്കസ് ചെയ്യേണ്ടത്. രണ്ട് കിരീടങ്ങള്‍ മാത്രമാണ് ബാഴ്‌സലോണക്കിനി നേടാന്‍ ബാക്കിയുള്ളത്. അത് ക്ലബ്ബിനെ സംബന്ധിച്ച് വളരെ നിര്‍ണായകരമാണ്,’ പിക്വെ പറഞ്ഞു.
അതേസമയം, മത്സരം 18 മിനിട്ട് പിന്നിട്ടപ്പോള്‍ അനുവദിച്ച് കിട്ടിയ പെനാല്‍ട്ടി റോബര്‍ട്ടോ ലെവന്‍ഡോസ്‌കി ലക്ഷ്യത്തിലെത്തിച്ചതോടെ ബാഴ്സക്ക് മത്സരത്തില്‍ ആധിപത്യം ലഭിക്കുകയായിരുന്നു.
എന്നാല്‍ രണ്ടാം പകുതിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ശക്തമായ തിരിച്ചുവരവാണ് കണ്ടത്. ബ്രസീലിയന്‍ താരങ്ങളായ ഫ്രഡ്, ആന്റണി എന്നിവരായിരുന്നു ചുവന്ന ചെകുത്താന്‍മാര്‍ക്ക് വേണ്ടിയുള്ള വിജയ ഗോളുകള്‍ സ്വന്തമാക്കിയത്.
ലാ ലിഗയില്‍ 22 മത്സരങ്ങളില്‍ നിന്നും 59 പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ള ബാഴ്സ ഫെബ്രുവരി 24ന് അല്‍മിറയെയാണ് അടുത്തതായി എതിരിടുക.