ബ്ലൂഗ്രാനയുടെ മിന്നും വിജയത്തിന് പിന്നാലെ ബാഴ്‌സ ഇതിഹാസ താരം ജെറാര്‍ഡ് പിക്വെയുടെ വാക്കുകളാണ് ചര്‍ച്ചയാകുന്നത്. മത്സരത്തിന് മുമ്പ് തന്നെ ബാഴ്‌സയുടെ ഗോളുകളും മത്സരഫലവും കൃത്യമായി പ്രവചിച്ചാണ് പിക്വെ ചര്‍ച്ചകളുടെ ഭാഗമായത്.
ജിജാന്റസിനോട് സംസാരിക്കവെയാണ് പിക്വെ തന്റെ പ്രവചനം നടത്തിയതെന്ന് ബാഴ്‌സ ബ്ലൂഗ്രേയ്ന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
‘ഞങ്ങള്‍ ഉറപ്പായും വിജയിക്കും. ഇപ്പോള്‍ അവസാനിച്ച മത്സരഫലങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഞങ്ങള്‍ ഉറപ്പായും മൂന്ന് പോയിന്റ് കൊണ്ടുപോകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് ഞങ്ങള്‍ 4-0ന് വിജയിക്കും,’ പിക്വെ പറഞ്ഞു.
താരത്തിന്റെ വാക്കുകള്‍ അക്ഷരം പ്രതി ശരിവെച്ചുകൊണ്ട് ഇതേ വിജയമാര്‍ജിനില്‍ ബാഴ്‌സ വിജയിക്കുകയായിരുന്നു.
സാന്‍ഡിയാഗോ ബെര്‍ണാബ്യൂവില്‍ റയലിനെ ഞെട്ടിച്ചാണ് ബാഴ്‌സ വിജയിച്ചുകയറിയത്. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് കറ്റാലന്‍മാരുടെ നാല് ഗോളും പിറന്നത് എന്നതാണ് ആവേശകരമായ മറ്റൊരു വസ്തുത.
4-4-2 എന്ന ഫോര്‍മേഷനിലാണ് ആന്‍സലോട്ടി തന്റെ പടയാളികളെ കളത്തിലിറക്കിവിട്ടത്. 4-2-3-1 എന്ന ഫോര്‍മേഷനില്‍ ലെവയെ കുന്തമുനയാക്കി ഹാന്‍സി ഫ്‌ളിക്കും തന്റെ കുട്ടികളെ കളത്തില്‍ വിന്യസിച്ചു.
ആദ്യ പകുതിയില്‍ ഇരു ടീമുകളും മികച്ച മുന്നേറ്റം നടത്തുകയും അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്‌തെങ്കിലും ഒന്നും തന്നെ ഗോളായി മാറിയില്ല.
ആദ്യ പകുതി ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞതോടെ ഗോള്‍ നേടാന്‍ ഇരുവരും കിണഞ്ഞു ശ്രമിച്ചു. രണ്ടാം പകുതിയുടെ ഒമ്പതാം മിനിട്ടില്‍ ബാഴ്‌സയുടെ ആ ശ്രമം ഫലം കാണുകയും ചെയ്തു. ലെവന്‍ഡോസ്‌കിയിലൂടെ സന്ദര്‍ശകര്‍ മുമ്പിലെത്തി.
ആദ്യ ഗോള്‍ വീണ് കൃത്യം രണ്ട് മിനിട്ടിന്റെ ഇടവേളക്ക് ശേഷം ലെവയിലൂടെ ബാഴ്‌സ വീണ്ടും മുമ്പിലെത്തി. ലാമിന്‍ യമാലിന്റെ ക്രോസിന് കൃത്യമായി തലവെച്ച ലെവന്‍ഡോസ്‌കി ബാഴ്‌സയുടെ ലീഡ് ഇരട്ടിയാക്കി.
മത്സരത്തില്‍ ഹാട്രിക് നേടാന്‍ രണ്ട് അവസരവും ലെവക്ക് മുമ്പില്‍ തുറന്നുവന്നിരുന്നു. മധ്യനിരയില്‍ നിന്നാരംഭിച്ച ആക്രമണത്തിലൂടെ താരം ഗോള്‍ നേടുമെന്ന് കരുതിയെങ്കിലും പോസ്റ്റില്‍ തട്ടി ഷോട്ട് പാഴായി. സമാനമായി ആവിഷ്‌കരിച്ച മറ്റൊരു അറ്റാക്കാകട്ടെ ക്രോസ് ബാറിന് മുകളിലൂടെയും കടന്നുപോയി.
ശേഷം 77ാം മിനിട്ടിലാണ് ബാഴ്‌സ മത്സരത്തിലെ മൂന്നാം ഗോള്‍ നേടുന്നത്. കൗമാരതാരം ലാമിന്‍ യമാലാണ് ബാഴ്‌സക്കായി മൂന്നാം ഗോള്‍ നേടിയത്. 84ാം മിനിട്ടില്‍ ഗോള്‍കീപ്പറിനെയും പ്രതിരോധഭടന്‍മാരെയും കബളിപ്പിച്ച് റഫീന്യ പന്ത് വലയിലെത്തിച്ചതോടെ ബാഴ്‌സയുടെ വിജയം സമ്പൂര്‍ണമായി.
ഈ വിജയത്തിന് പിന്നാലെ 11 മത്സരത്തില്‍ നിന്നും പത്ത് ജയവും ഒരു തോല്‍വിയുമായി 30 പോയിന്റോടെ ഒന്നാമതാണ് ബാഴ്‌സലോണ. അത്ര തന്നെ മത്സരത്തില്‍ നിന്നും ഏഴ് ജയവും മൂന്ന് സമനിലയും ഒരു തോല്‍വിയുമായി 24 പോയിന്റാണ് രണ്ടാമതുള്ള റയലിനുള്ളത്.