| Sunday, 6th November 2022, 9:11 am

ഈ മനോഹര ബന്ധമുപേക്ഷിക്കാന്‍ സമയമായി; ചെറുപുഞ്ചിരിയോടെ പിക്വെ വിടവാങ്ങി

സ്പോര്‍ട്സ് ഡെസ്‌ക്

ബാഴ്സയുടെ എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളാണ് സ്പാനിഷ് താരം ജെറാര്‍ഡ് പിക്വെ. അപ്രതീക്ഷിതമായി ബാഴ്‌സയില്‍ നിന്ന് പുറത്തുപോകുന്ന കാര്യം താരം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

ശനിയാഴ്ച യു.ഡി അല്‍മേരിയയും ബാഴ്സലോണയും തമ്മില്‍ നടന്ന ലാ ലിഗ മത്സരം ജെറാര്‍ഡ് പിക്വെയുടെ കരിയറിലെ അവസാനത്തെ മത്സരമായിരുന്നു. ക്യാമ്പ് നൗവിലെ താരത്തിന്റെ അവസാനത്തെ മത്സരം കാണാന്‍ ഏതാണ്ട് 92000 കാണികളാണ് എത്തിയിരുന്നത്.

ബാഴ്സലോണക്കൊപ്പം മൂന്നു ചാമ്പ്യന്‍സ് ലീഗും എട്ടു ലാ ലിഗയുമടക്കം ഒട്ടനവധി കിരീടങ്ങള്‍ സ്വന്തമാക്കിയ താരത്തിന് മത്സരത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ ആരാധകര്‍ പിന്തുണ നല്‍കി.

മത്സരത്തില്‍ ആദ്യ ഇലവനില്‍ ഇറങ്ങിയ താരം 85 മിനിട്ട് കളിച്ചിരുന്നു. ശേഷം ക്രിസ്റ്റിന്‍സെന്‍ താരത്തിന് പകരം കളത്തിലിറങ്ങി. സബ്‌സ്റ്റിറ്റിയൂട്ടിനെ ഇറക്കുമ്പോള്‍ ബാഴ്‌സയിലെ സഹതാരങ്ങളോട് വിട പറയാനും ഇടപഴകാനും കോച്ച് സാവി പിക്വെക്ക് സമയം അനുവദിച്ചിരുന്നു.

വിടവാങ്ങല്‍ പ്രസംഗത്തില്‍ നിറകണ്ണുകളോടെയാണ് പിക്വെ സംസാരിച്ചിരുന്നത്. എല്ലാവര്‍ക്കും നന്ദി പറഞ്ഞ താരം മനോഹരമായ ഈ ബന്ധം ഉപേക്ഷിക്കാന്‍ സമയമായെന്നും താന്‍ ക്ലബ്ബിലേക്ക് തന്നെ ഭാവിയില്‍ തിരിച്ചു വരുമെന്നും പറഞ്ഞു.

ഇതൊരിക്കലും ഒരു വിടവാങ്ങലായി കണക്കാക്കാന്‍ കഴിയില്ലെന്നും ഇവിടെ ജനിച്ചു വീണ താന്‍ ഇവിടെ തന്നെ മരിക്കുമെന്നും താരം വ്യക്തമാക്കി.

”ആദ്യം തന്നെ എല്ലാവര്‍ക്കും നന്ദി അറിയിക്കുകയാണ്. എന്റെ സഹതാരങ്ങള്‍ക്കും, സ്റ്റാഫ്‌സിനും, പരിശീലകര്‍ക്കും. എന്നെ സഹായിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുകയാണ്. ജീവിതത്തില്‍ പ്രായമാകുമ്പോള്‍, പോകേണ്ടി വരും.

ഞാന്‍ ബാഴ്‌സയെ ഒത്തിരി സ്‌നേഹിക്കുന്നുണ്ട്. അതുകൊണ്ടാണ് ഇത് പോകാനുള്ള യഥാര്‍ത്ഥ സമയമെന്ന് ഞാന്‍ തിരിച്ചറിയുന്നത്.

ഭാവിയില്‍ ഇവിടേക്ക് തന്നെ തിരിച്ചു വരുമെന്നാണ് എനിക്ക് തോന്നുന്നത്. ഇതൊരു വിടവാങ്ങല്‍ അല്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് പോയി ഞാന്‍ ഇങ്ങോട്ട് തന്നെ തിരിച്ച് വരികയുണ്ടായി. ഇവിടെയാണ് ഞാന്‍ ജനിച്ചത്, ഇവിടെ തന്നെ മരിക്കുകയും ചെയ്യും,’ പിക്വെ പറഞ്ഞു.

ബാഴ്സലോണക്കൊപ്പം നേടിയ കിരീടങ്ങള്‍ക്കു പുറമെ ലോകകപ്പ്, യൂറോ കപ്പ് എന്നിവ നേടിയ സ്‌പെയിന്‍ ടീമിലും താരം പ്രധാനിയായിരുന്നു. ഭാവിയില്‍ ബാഴ്സലോണയുടെ പ്രസിഡന്റായി പിക്വെ എത്താനും സാധ്യതകളുണ്ട്.

അതേസമയം പിക്വയുടെ വിടവാങ്ങല്‍ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബാഴ്സലോണ വിജയിച്ചത്. ഉസ്മാന്‍ ഡെംബലെ, ഫ്രങ്കീ ഡി ജോങ് എന്നിവരാണ് ബാഴ്‌സക്കായി ഓരോ ഗോളുകള്‍ നേടിയത്.

Content Highlights: Gerard Pique delivers emotional farewell speech to Barcelona Fans

We use cookies to give you the best possible experience. Learn more