| Friday, 31st May 2024, 4:25 pm

ആകെ കണ്ടത് ഒറ്റ മത്സരം, ലോകകപ്പ് നേട്ടത്തില്‍ മെസിയെ ഞാന്‍ അഭിനന്ദിച്ചിരുന്നില്ല; കാരണം വ്യക്തമാക്കി പിക്വെ

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോള്‍ ലോകത്തെ ഒന്നടങ്കം തന്റെ കാല്‍ക്കീഴിലാക്കിയാണ് ലയണല്‍ മെസി 2022ല്‍ തന്റെ കരിയര്‍ സമ്പൂര്‍ണമാക്കിയത്. കലാശപ്പോരാട്ടത്തില്‍ ഫ്രാന്‍സിനെ പരാജയപ്പെടുത്തിയാണ് ലയണല്‍ മെസിയെന്ന ഫുട്‌ബോള്‍ മാന്ത്രികന്‍ ലോക കിരീടം ബ്യൂണസ് ഐറിസിലെത്തിച്ചത്.

അര്‍ജന്റീനയെ ലോകകിരീടം ചൂടിച്ചതിന് പിന്നാലെ ലോകത്തിന്റെ വിവധ കോണുകളില്‍ നിന്നും താരത്തിന് അഭിനന്ദന പ്രവാഹമായിരുന്നു. എന്നാല്‍ മെസിയെ അഭിനന്ദിക്കാത്തവരുടെ കൂട്ടത്തില്‍ താനുമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുകയാണ് മുന്‍ സ്പാനിഷ് സൂപ്പര്‍ താരം ജെറാര്‍ഡ് പിക്വെ.

പക്ഷേ മെസിക്കൊപ്പം ഒരു ടീമില്‍ പന്തുതട്ടിയിട്ടും മെസിയെ താന്‍ അഭിനന്ദിക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കുകയാണ് പിക്വെ ഇപ്പോള്‍. ടിക് ടോക്കര്‍ ജോണ്‍ നെല്ലിസിനൊപ്പമുള്ള അഭിമുഖത്തിലാണ് പിക്വെ ഇക്കാര്യം പറയുന്നത്.

വിരമിച്ചതിന് ശേഷം കുറച്ചുകാലം ഫുട്‌ബോളുമായി തനിക്ക് യാതൊരു ബന്ധവും ഇല്ലായിരുന്നുവെന്നും ഇക്കാരണത്താലാണ് മെസിയെ അഭിനന്ദിക്കാതിരുന്നതെന്നും താരം പറയുന്നു.

‘ഒരുപക്ഷേ ഭ്രാന്താണെന്ന് തോന്നും, പക്ഷേ ഇത് സത്യമാണ്. ലോകകപ്പുമായി എനിക്കൊരും ബന്ധവുമില്ലായിരുന്നു, ഞാന്‍ പൂര്‍ണമായി ഡിസ്‌കണക്ട് ചെയ്യപ്പെട്ടു. എന്റെ വിരമിക്കലിന് ശേഷം ഗെയിമില്‍ നിന്നും വിട്ടുനില്‍ക്കേണ്ടത് അത്യാവശ്യമായിരുന്നു. ഫൈനല്‍ ഒഴികെ ലോകകപ്പിലെ ഒറ്റ മത്സരം പോലും ഞാന്‍ കണ്ടിട്ടില്ല, ആ ഫൈനലാകട്ടെ മുഴുവനായും കണ്ടിട്ടുമില്ല,’ പിക്വെ പറഞ്ഞു.

ക്രിസ്റ്റ്യാനോയെക്കാള്‍ മികച്ച താരം മെസി ആണെന്നും പിക്വെ അഭിപ്രായപ്പെട്ടു.

‘കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി ഇരുവരും തമ്മിലുള്ള പോരാട്ടം വളരെ മികച്ചതായിരുന്നു. ഇരു താരങ്ങളും മികച്ച രീതിയില്‍ തന്നെയാണ് ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ പ്രകടനം കാഴ്ചവെച്ചത്.

കഴിവിന്റെ കാര്യത്തില്‍ മെസി തന്നെയാണ് ഒന്നാമന്‍. ക്രിസ്റ്റിയാനോ റൊണാള്‍ഡോ വളരെയധികം കഠിനാധ്വാനം ചെയ്തുവെന്നതും ഒന്നാം സ്ഥാനത്തിന് വേണ്ടി മെസിയുമായി മത്സരിച്ചുവെന്നതും സത്യം തന്നെയാണ്.

പക്ഷേ ഇരുവരുടെയും കരിയര്‍ പരിശോധിക്കുകയാണെങ്കില്‍ റൊണാള്‍ഡോയെക്കാള്‍ മികച്ച താരം മെസിയാണെന്ന് ഞാന്‍ പറയും,’ ഇരുവരുടെയും സഹതാരമായിരുന്ന പിക്വെ പറഞ്ഞു.

ബാഴ്‌സലോണയില്‍ പന്ത് തട്ടവെ മെസിക്കൊപ്പം 506 മത്സരത്തിലാണ് താരം കളത്തിലിറങ്ങിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ കളിക്കവെയാണ് താരം റൊണാള്‍ഡോക്കൊപ്പം ഡ്രസ്സിങ് റൂം പങ്കിട്ടത്. 15 മത്സരത്തില്‍ ഇരുവരും ഒന്നിച്ച് കളത്തിലിറങ്ങുകയും ചെയ്തു.

Content Highlight: Gerard Pique about why he did not congratulate Lionel Messi after winning World Cup

We use cookies to give you the best possible experience. Learn more