| Saturday, 30th December 2023, 3:55 pm

ഇന്ത്യക്ക് ലോട്ടറി; ആദ്യ ടെസ്റ്റില്‍ വെള്ളം കുടിപ്പിച്ചവന്‍ പുറത്ത്

സ്പോര്‍ട്സ് ഡെസ്‌ക്

2024 ജനുവരി 3ന് നടക്കാനിരിക്കുന്ന ഇന്ത്യക്ക് എതിരായ രണ്ടാം ടെസ്റ്റില്‍ – സൗത്ത് ആഫ്രിക്കക്ക് വമ്പന്‍ തിരിച്ചടി. പ്രോട്ടിയാസിന്റെ സ്റ്റാര്‍ പേസര്‍ ജറാള്‍ഡ് കോട്‌സി പുറത്തായ വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. പെല്‍വിക്ക് ഇന്‍ഫ്‌ളമേഷന്‍ കൊണ്ട് ബുദ്ധിമുട്ടുന്ന 22കാരനായ താരം നിര്‍ണായകമായ രണ്ടാം ടെസ്റ്റില്‍ നിന്ന് പുറത്താകുകയായിരുന്നു. ഫിറ്റ്‌നെസിലെ പ്രശ്‌നങ്ങള്‍ താരത്തെ മുമ്പും അലട്ടിയിരുന്നു. സെഞ്ചൂറിയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ കോട്‌സിക്ക് ഇന്‍ഫ്‌ളമേഷന്‍ ഉണ്ടായിരുന്നെന്ന് സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് മെഡിക്കല്‍ സംഘം സ്ഥിരീകരിച്ചിരുന്നു.

‘ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സില്‍ പന്തെറിയുമ്പോള്‍ അദ്ദേഹത്തിന്റെ അസ്വസ്ഥത ക്രമേണ വഷളായി, വെള്ളിയാഴ്ച നടത്തിയ സ്‌കാനിങ് അദ്ദേഹത്തിന്റെ പരിക്കിന്റെ വ്യാപ്ത്തി വലുതാണെന്ന് കണ്ടെത്തിയിരുന്നു. അതുകൊണ്ട് വരാനിരിക്കുന്ന മത്സരത്തില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കേണ്ടത് അത്യാവശ്യമായിരുന്നു,’ സൗത്ത് ആഫ്രിക്കന്‍ മെഡിക്കല്‍ ടീം അറിയിച്ചു.

രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്കെതിരെ വെറും അഞ്ച് ഓവര്‍ മാത്രമാണ് എറിഞ്ഞത്. വിക്കറ്റൊന്നും നേടാനാകാതെ 28 റണ്‍സ് വഴങ്ങിയിരുന്നു. 5.60 ഇക്കണോമിയിലായിരുന്നു താരം പന്തെറിഞ്ഞത്. ആദ്യ ഇന്നിങ്‌സില്‍ ഒരു മെയ്ഡണ്‍ അടക്കം 16 ഓവര്‍ എറിഞ്ഞ കോട്‌സി ഒരു വിക്കറ്റ് നേടി 74 റണ്‍സ് വിട്ടുകൊടുത്തിരുന്നു.

എന്നാല്‍ സൗത്ത് ആഫ്രിക്കക്ക് കിട്ടിയ തിരിച്ചടി ഇന്ത്യക്ക് ആശ്വാസകരമാകുകയാണ്. സ്റ്റാര്‍ പേസര്‍ക്ക് പുറമെ ക്യാപ്റ്റന്‍ തെബ ബാവുമയും പരിക്ക് മൂലം മത്സരത്തില്‍ നിന്നും മാറി നില്‍ക്കുകയാണ്. ഇന്ത്യക്കെതിരെ അപ്രതീക്ഷിതമായ ആക്രമണം അഴിച്ചുവിടാന്‍ കെല്‍പ്പുള്ളവരായിരുന്നു ഇരുവരും. ഫാസ്റ്റ് ബൗളര്‍മാരുടെ വിടവ് ഇപ്പോള്‍ സൗത്ത് ആഫ്രിക്കയെ സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ്. പരിമിതമായ ബൗളിങ് നിരയാണ് നിലവില്‍ പ്രോട്ടിയാസിന്റെ പക്കല്‍.

Content Highlight: Gerald Coetzee out of second Test against India

We use cookies to give you the best possible experience. Learn more