ആ ദിവസം റൊണാൾഡോ ഒരേസമയം സന്തോഷിക്കുകയും സങ്കടപ്പെടുകയും ചെയ്തു: ജോർജിന റോഡ്രിഗസ്
Football
ആ ദിവസം റൊണാൾഡോ ഒരേസമയം സന്തോഷിക്കുകയും സങ്കടപ്പെടുകയും ചെയ്തു: ജോർജിന റോഡ്രിഗസ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 19th September 2024, 3:52 pm

സ്പാനിഷ് റയൽ മാഡ്രിഡിനൊപ്പം ഐതിഹാസികമായ ഒരു ഫുട്ബോൾ കരിയർ ആണ് പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ കെട്ടിപ്പടുത്തുയർത്തിയത്. ലോസ് ബ്ലാങ്കോസിനൊപ്പം നീണ്ട ഒമ്പത് വർഷത്തെ അവിസ്മരണീയമായ കരിയർ അവസാനിപ്പിച്ചുകൊണ്ട് 2018ലായിരുന്നു പോർച്ചുഗീസ് സൂപ്പർ താരം ഇറ്റാലിയൻ വമ്പൻമാരായ യുവന്റസിലേക്ക് ചേക്കേറിയത്.

ഇപ്പോഴിതാ റയൽ മാഡ്രിഡിൽ റൊണാൾഡോക്കൊപ്പമുള്ള അവസാന ദിവസത്തിലെ ഓർമകൾ പങ്കുവെച്ചിരിക്കുകയാണ് റൊണാൾഡോയുടെ പങ്കാളിയായ ജോർജിന റോഡ്രിഗസ്. ഐ ആം ജോർജിന എന്ന തന്റെ നെറ്റ്ഫ്ലിക്സ് ഡോക്യുസറികളിലൂടെയാണ് ജോർജിന ഇക്കാര്യം പറഞ്ഞത്.

‘ഞാനും റൊണാൾഡോയും ബർണാബ്യൂവിൽ അവസാനമായി എത്തിയത് ഞാൻ ഓർക്കുന്നു. വളരെ വികാരങ്ങൾ നിറഞ്ഞുനിന്ന ഒരു ദിവസമായിരുന്നു അത്. ആ ദിവസം റൊണാൾഡോ ഒരേ സമയം സങ്കടത്തിലും സന്തോഷത്തിലും ആയിരുന്നു. കാരണം റയൽ ആ സമയത്ത് രണ്ട് കിരീടങ്ങൾ നേടിയിരുന്നു. അത് ക്ലബ്ബിലെ റൊണാൾഡോയുടെ അവസാന ദിവസമായിരുന്നു,’ ജോർജിന റോഡ്രിഗസ് പറഞ്ഞു.

2018 യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ ആയിരുന്നു റൊണാൾഡോ റയൽ മാഡ്രിന് വേണ്ടി അവസാനമായി കളത്തിലിറങ്ങിയത്. ആ മത്സരത്തിൽ ഇംഗ്ലീഷ് വമ്പൻമാരായ ലിവർപൂളിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി കൊണ്ടായിരുന്നു റയൽ മാഡ്രിഡ്‌ കിരീടം ചൂടിയത്.

സ്പാനിഷ് വമ്പന്മാർക്കായി അവിസ്മരണീയമായ ഒരു ഫുട്ബോൾ യാത്രയായിരുന്നു റൊണാൾഡോ നടത്തിയത്. റയലിനായി 438 മത്സരങ്ങളിൽ ബൂട്ട് കെട്ടിയ പോർച്ചുഗീസ് ഇതിഹാസം 450 ഗോളുകളും 131 അസിസ്റ്റുകളുമാണ് നേടിയിട്ടുള്ളത്.

ലോസ് ബ്ലാങ്കോസിനൊപ്പം ഒരുപിടി കിരീടനേട്ടങ്ങളിൽ പങ്കാളിയാവാനും റൊണാൾഡോക്ക് സാധിച്ചിട്ടുണ്ട്. നാല് യുവേഫ ചാമ്പ്യൻസ് ലീഗ്, മൂന്ന് വീതം യുവേഫ സൂപ്പർകപ്പ്, ഫിഫ ക്ലബ്ബ് ലോകകപ്പ്, രണ്ട് വീതം ലാ ലീഗ, കോപ്പ ഡെൽറേ, സ്പാനിഷ് സൂപ്പർ കപ്പ് എന്നീ ട്രോഫികളാണ് റൊണാൾഡോ റയലിനൊപ്പം നേടിയത്.

റൊണാൾഡോ നിലവിൽ സൗദി വമ്പന്മാരായ അൽ നസറിന്റെ താരമാണ്. നിലവിൽ തന്റെ പ്രായത്തെപോലും കാഴ്ചക്കാരനാക്കി കൊണ്ട് മിന്നും പ്രകടങ്ങളാണ് റൊണാൾഡോ നടത്തിക്കൊണ്ടിരിക്കുന്നത്.

അടുത്തിടെ റൊണാൾഡോ തന്റെ ഫുട്ബോൾ കരിയറിൽ 900 ഒഫീഷ്യൽ ഗോളുകൾ എന്ന പുതിയ നാഴികക്കല്ലിലേക്ക് നടന്നു കയറിയിരുന്നു. യുവേഫ നേഷൻസ് ലീഗിൽ ക്രൊയേഷ്യക്കെതിരെയുള്ള ആദ്യ മത്സരത്തിൽ ഗോൾ നേടിയതിന് പിന്നാലെയാണ് റൊണാൾഡോ ഈ ചരിത്രനേട്ടം കൈപ്പിടിയിലാക്കിയത്.

 

Content Highlight: Georgina Rodriguez talks about Cristaino Ronaldo and Her Last Day in Real Madrid