ജോര്‍ജിയ: ഹിന്ദുഫോബിയയും ഹിന്ദുവിരുദ്ധതയും ഔദ്യോഗികമായി അംഗീകരിക്കാനുള്ള ബില്ല് അവതരിപ്പിച്ച് ജോര്‍ജിയ. യു.എസില്‍ ആദ്യമായിഹിന്ദുഫോബിയയെ അംഗീകരിച്ച് ബില്ല് അവതരിപ്പിക്കുന്നത് ജോര്‍ജിയയാണെന്നാണ് റിപ്പോര്‍ട്ട്.
അവതരിപ്പിച്ച ബില്ല് നിയമമായാല്‍ ജോര്‍ജിയ നിലവിലെ ശിക്ഷാ നിയമം പരിഷ്‌ക്കരിക്കുമെന്നും അതുവഴി നിയമനിര്‍വഹണ ഏജന്‍സികള്‍ക്ക് ഹിന്ദുഫോബിയ പരിഗണിച്ച് ഉചിതമായ നടപടി സ്വീകരിക്കാനും കഴിയുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
യു.എസില്‍ ഹിന്ദുവിദ്വേഷ കേസുകള്‍ വര്‍ധിച്ചുവരുന്നതായി ഇന്ത്യന്‍ വംശജരായ നിയമനിര്‍മാതാക്കള്‍ പറയുമ്പോഴാണ് ഹിന്ദുവിരുദ്ധതയും ഹിന്ദുഫോബിയയും അംഗീകരിക്കുന്ന ബില്ല് അവതരിപ്പിക്കുന്നത്.
ഏപ്രില്‍ നാലിനാണ് എസ്.ബി 375 എന്ന ബില്‍ ജോര്‍ജിയ ജനറല്‍ അസംബ്ലിയില്‍ അവതരിപ്പിച്ചത്. ജോര്‍ജിയ സ്‌റ്റേറ്റ് സെനറ്റ് അംഗങ്ങളായ ഷോണ്‍ സ്റ്റില്‍, ക്ലിന്റ് ഡിക്‌സണ്‍, ജേസണ്‍ എസ്റ്റീവ്‌സ്, ഇമ്മാനുവല്‍ ജോണ്‍സ് തുടങ്ങിയവര്‍ ബില്ലിനെ സ്‌പോണ്‍സെര്‍ ചെയ്തു. റിപ്പബ്ലിക്കന്മാരും ഡെമോക്രാറ്റുകളും ഇതില്‍ ഉള്‍പ്പെടുന്നു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി യു.എസില്‍ ഹിന്ദുക്കള്‍ക്കെതിരായ കേസുകള്‍ വര്‍ധിക്കുന്നുണ്ടെന്നും ബില്ല് അവതരണത്തില്‍ പ്രതിനിധികള്‍ പറഞ്ഞു. ഹിന്ദുമത വിരുദ്ധവും വിനാശകരവും അവഹേളിക്കുന്നതുമായ മനോഭാവങ്ങളും പെരുമാറ്റങ്ങളുമുണ്ടെന്നും അതിനെതിരായാണ് നിലവിലെ ബില്ലെന്നും പ്രതിനിധി പറഞ്ഞു.
‘ഈ സുപ്രധാന ബില്ലില്‍ സെനറ്റര്‍ ഷോണ്‍ സ്റ്റില്ലുമായി അടുത്ത് പ്രവര്‍ത്തിക്കുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു, ജോര്‍ജിയയിലെയും അമേരിക്കയിലെയും ഹിന്ദു സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്ക് പിന്തുണ നല്‍കിയതിന് സെനറ്റര്‍ ഇമ്മാനുവല്‍ ഡി. ജോണ്‍സ്, സെനറ്റര്‍ ജേസണ്‍ എസ്റ്റീവ്‌സ്, സെനറ്റര്‍ ക്ലിന്റ് ഡിക്‌സണ്‍ എന്നിവരോടൊപ്പം അദ്ദേഹത്തിനും നന്ദി പറയുന്നു,’ അഭിഭാഷക സംഘടനയായ കോയലിഷന്‍ ഓഫ് ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്ക പറഞ്ഞു.
Content Highlight: Georgia introduces first bill in US against Hinduphobia