പരമ്പരാഗത മൂല്യങ്ങൾ സംരക്ഷിക്കപ്പെടണം; സ്വവർഗ വിവാഹം നിരോധിക്കാനൊരുങ്ങി ജോർജിയ
Worldnews
പരമ്പരാഗത മൂല്യങ്ങൾ സംരക്ഷിക്കപ്പെടണം; സ്വവർഗ വിവാഹം നിരോധിക്കാനൊരുങ്ങി ജോർജിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th June 2024, 5:39 pm

റ്റ്ബിലിസി: പരമ്പരാഗത മൂല്യങ്ങൾ സംരക്ഷിക്കാൻ പുതിയ നിർദേശങ്ങൾ ഉൾക്കൊള്ളുന്ന ബില്ല് മുന്നോട്ട് വെച്ച് ജോർജിയൻ പാർലമെന്റ് സ്പീക്കർ സൽവ പപ്പുവാഷിലി. സ്വവർഗ വിവാഹം നിരോധിക്കലും സ്വവർഗാനുരാഗികളായ ദമ്പതികൾക്ക് കുഞ്ഞുങ്ങളെ ദത്തെടുക്കാനുള്ള അവകാശം നിഷേധിക്കുന്നതും ബില്ലിൽ ഉൾപ്പെടുന്നു.

ഇതോടൊപ്പം തന്നെ LGBTQ വിഭാഗത്തെ നിരോധിക്കണമെന്ന ആവശ്യം കൂടി ഭരണ കക്ഷിയായ ജോർജിയൻ ഡ്രീം പാർട്ടി മുന്നോട്ട് വെക്കുന്നുണ്ട്. LGBTQ വിഭാഗത്തെ അനുകൂലിച്ചുകൊണ്ടുള്ള പോസ്റ്ററുകളും പരസ്യങ്ങളും നിരോധിക്കാൻ ബില്ല് ആവശ്യപ്പെടുന്നുണ്ട്. സ്വവര്ഗാനുരാഗത്തെ അനുകൂലിക്കുന്ന പരസ്യങ്ങൾ ഒന്നും തന്നെ പുറത്തിറക്കേണ്ടതില്ലെന്നും അത് കുഞ്ഞുങ്ങളുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

ലിംഗ മാറ്റ ശസ്ത്രക്രിയ നിരോധിക്കാനും ജോർജിയൻ പാർലമെന്റ് തീരുമാനമെടുത്തതായും റിപ്പോർട്ട് വരുന്നുണ്ട്. പ്രധാനപ്പെട്ട രേഖകളിൽ വ്യക്തികളുടെ ലിംഗം തിരുത്തിയെഴുതുന്നതും നിരോധിക്കുമെന്നും ബില്ലിൽ പറയുന്നു.

‘ഇന്ന് നമ്മുടെ പാർലമെന്റ് വളരെ സുപ്രധാനമായ ഒരു ബില്ല് പാസാക്കാൻ പോകുകയാണ്. ബില്ല് ഓഫ് ഫാമിലി വാല്യൂസ് എന്നാണീ ബില്ലിന്റെ പേര്. ഇതിലൂടെ നമ്മുടെ പരമ്പരാഗത മൂല്യങ്ങളെ തിരിച്ചു കൊണ്ടുവരാൻ സാധിക്കുന്നതാണ്. ഈ ബില്ലിൽ ഒരു പ്രധാന ബില്ലും 18 അനുബന്ധ ബില്ലുകളുമുണ്ട്,’ സർക്കാർ നടത്തിയ യോഗത്തിൽ പപ്പുവാഷിലി പറഞ്ഞു.

നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ബില്ലിന് പാർലമെന്റിൽ ഭൂരിപക്ഷം വോട്ടുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഈ മാസം ആദ്യം തന്നെ ബില്ല് പാസാക്കാൻ സാധ്യതയുണ്ടെന്നാണ് പപ്പുവാഷിലി പറയുന്നത്. എന്നാൽ നിയമത്തെ എതിർക്കുന്നവർ ഈ നിയമത്തെ ജനാധിപത്യത്തിനെതിരായ ആക്രമണമെന്ന് വിളിച്ച് പ്രതിഷേധിച്ചു. ഒപ്പം റഷ്യയിൽ സ്വവർഗാനുരാഗികൾക്കെതിരെ നടന്ന അടിച്ചമർത്തലുമായി ഇതിന് സാമ്യമുണ്ടന്നും വിമർശനങ്ങൾ ഉയർന്നു.

2018 ൽ ജോർജിയ ഭരണഘടനയിൽ ഭേദഗതി വരുത്തിയിരുന്നു. അന്ന് വിവാഹത്തെ ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള ഐക്യമാണെന്ന് ഭരണഘടനയിൽ ചേർക്കുകയും ചെയ്തിരുന്നു. രാജ്യത്തെ LGBTQ വിഭാഗത്തോടുള്ള പെരുമാറ്റത്തെക്കുറിച്ച് മുമ്പും ഒരുപാട് വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. ജോർജിയയിലെ LGBTQ വിഭാഗം നിരവധി ഭീഷണികളും എതിർപ്പുകളും നേരിടുന്നുണ്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

 

 

 

Content Highlight: Georgia has introduced a set of bills against propaganda and gender reassignment