കോഴിക്കോട്: വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിനും കെ.പി.സി.സി ആസ്ഥാനം അക്രമിക്കപ്പെട്ടതിന് പിന്നാലെയുള്ള സംഭവത്തേയും തുടര്‍ന്നുള്ള ഭരണപക്ഷ- പ്രതിപക്ഷ പ്രതിഷേധത്തില്‍ പ്രതികരണവുമായി യാക്കോബായ സഭാ നിരണം ഭദ്രാസനാധിപന്‍ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്.
നാടിനെ കലാപഭൂമി ആക്കിമാറ്റരുതെന്നും സംയമനം പാലിക്കുവാന്‍ നേതാക്കള്‍ അതിനുഅണികളെ സജ്ജരാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ പ്രതികരണം.
‘ദയവുചെയ്ത് നമ്മുടെ നാടിനെ കലാപഭൂമി ആക്കിമാറ്റരുത്. പ്രതിഷേധിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ ഭാഗമാണ്. പക്ഷെ അത് മര്യാദയുടെ അതിരുകള്‍ ഭേദിച്ചുകൊണ്ടാകരുത്. സംയമനം പാലിക്കുവാന്‍ എല്ലാവരും തയ്യാറാവണം. നേതാക്കള്‍ അതിന് അണികളെ സജ്ജരാക്കണം… അപേക്ഷയാണ്,’ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു.
അതേസമയം, ആക്രമണത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി നാളെ കരിദിനം ആചരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍ എം.പി പറഞ്ഞു.
തലസ്ഥാനത്ത് കെ.പി.സി.സി ആസ്ഥാനത്തിനുനേരെ കല്ലേറും ആക്രമണവും റിപ്പോർട്ട് ചെയ്തിരുന്നു. കാസർകോട് മുതൽ തിരുവനന്തപുരം വരെ വിവിധ ജില്ലകളിൽ കോൺഗ്രസ് ഓഫീസുകൾ വ്യാപകമായി ആക്രമണത്തിനിരയായി.
ഇടുക്കി ഡി.സി.സി പ്രസിഡന്റ് സി.പി മാത്യുവിനുനേരെ ആക്രമണമുണ്ടായി. വി.കെ. പ്രശാന്ത് എം.എൽ.എയുടെ ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി.
ഇന്ന് വൈകീട്ടാണ് കെ.പി.സി.സി ആസ്ഥാനത്തിനുനേരെ ആക്രമണമുണ്ടായത്. ഓഫീസിനുമുന്നിലുള്ള ഫ്‌ളക്‌സും കൊടിതോരണങ്ങളും നശിപ്പിക്കുകയും ഓഫീസിലേക്ക് കല്ലെറിയുകയും ചെയ്തു. ആക്രമണം നടക്കുമ്പോൾ മുതിർന്ന നേതാവ് എ.കെ. ആൻറണി ഉൾപ്പെടെയുള്ളവർ ഓഫിസിലുണ്ടായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. ഫർസീൻ മജീദ്, നവീൻ എന്നിവരെ വലിയതുറ പൊലീസാണ് അറസ്റ്റ് ചെയ്തത്. വൈദ്യ പരിശോധനയ്ക്കായി ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
CONTENT HIGHLIGHTS: Georghes Mar Curillos says Please do not turn the state into a riot ground; Leaders must mobilize to exercise restraint