മണ്‍റോവിയ: ലൈബീരിയയുടെ ഭരണസാരഥ്യം എറ്റെടുത്ത് മുന്‍ ഫുട്‌ബോള്‍ താരം. ആകെയുള്ള 15 പ്രവിശ്യകളില്‍ 13 എണ്ണത്തിലും വിജയിച്ചാണ് ജോര്‍ജ് വിയ ലൈബീരിയയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
മുന്‍ പ്രസിഡന്റും 12 വര്‍ഷമായി വൈസ് പ്രസിഡന്റുമായ ജോസഫ് ബോവാകായിക്ക് കേവലം രണ്ട് പ്രവിശ്യകളുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. ലൈബീരിയയുടെ 25 -ാമത് പ്രസിഡന്റ് ആയിട്ടാണ് ഈ ഫുട്‌ബോള്‍ താരം അധികാരമേല്‍ക്കുന്നത്.
ആദ്യഘട്ട വോട്ടെടുപ്പുകള്‍ ഒക്‌ടോബറില്‍ ആയിരുന്നു നടന്നിരുന്നത്. അപ്പോഴും വിയയ്ക്ക് വോട്ടെടുപ്പില്‍ മുന്‍തൂക്കമുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ വിജയി ആയി പ്രഖ്യാപിക്കാനുള്ള അമ്പത് ശതമാനം വോട്ടിന്റെ പിന്‍തുണ ലഭിക്കാത്തതിനെ തുടര്‍ന്ന രണ്ടാം ഘട്ട വോട്ടെടുപ്പ് നടത്തുകയായിരുന്നു.
തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് വിയ തന്റെ വിജയം ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിച്ചത്. മാത്രമല്ല രാജ്യത്തെ ചൂഷണങ്ങളില്‍ നിന്ന് മോചിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്നും വിയ പറയുന്നു.