റെക്കോഡോ, ഇത് അതെയും താണ്ടി പുനിതമാണത്; വീണത് ഷാകിബും സ്മിത്തും പാക് ഇതിഹാസവും, ചരിത്രനേട്ടത്തില്‍ 'ക്യാപ്റ്റന്‍'
Sports News
റെക്കോഡോ, ഇത് അതെയും താണ്ടി പുനിതമാണത്; വീണത് ഷാകിബും സ്മിത്തും പാക് ഇതിഹാസവും, ചരിത്രനേട്ടത്തില്‍ 'ക്യാപ്റ്റന്‍'
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 18th March 2024, 2:06 pm

കഴിഞ്ഞ ദിവസം ആഫ്രിക്കന്‍ ഗെയിംസില്‍ നടന്ന സൗത്ത് ആഫ്രിക്ക – ഘാന മത്സരത്തില്‍ ചരിത്ര നേട്ടവുമായി സൗത്ത് ആഫ്രിക്കന്‍ നായകന്‍ ജോര്‍ജ് വാന്‍ ഹീര്‍ഡന്‍.

മത്സരത്തില്‍ സെഞ്ച്വറി നേടിയതോടെയാണ് ഹീര്‍ഡെന്‍ ചരിത്രനേട്ടത്തിനുടമയായിരിക്കുന്നത്. പാകിസ്ഥാന്‍ ഇതിഹാസ താരം ജാവേദ് മിയാന്‍ദാദ്, മുന്‍ സൗത്ത് ആഫ്രിക്കന്‍ സൂപ്പര്‍ താരവും പ്രോട്ടിയാസ് ലെജന്‍ഡുമായ ഗ്രെയം സ്മിത്, ബംഗ്ലാദേശ് സൂപ്പര്‍ താരം ഷാകിബ് അല്‍ ഹസന്‍ എന്നിവരെയടക്കം മറികടന്നാണ് താരം റെക്കോഡിട്ടത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റന്‍ എന്ന ചരിത്രനേട്ടമാണ് ഹീര്‍ഡെന്‍ സ്വന്തമാക്കിയത്. കേവലം 20 വയസും 188 ദിവസവും പ്രായമുള്ളപ്പോഴാണ് ക്യാപ്റ്റന്‍ ഹീര്‍ഡെന്‍ തന്റെ പേരില്‍ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറി കുറിക്കുന്നത്.

ഇതിന് മുമ്പ് 26 വയസ് പൂര്‍ത്തിയാകും മുമ്പ് ഒരു ക്യാപ്റ്റനും ടി-20 ഫോര്‍മാറ്റില്‍ അന്താരാഷ്ട്ര സെഞ്ച്വറി കുറിച്ചിട്ടില്ല എന്ന കാര്യവും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്.

അന്താരാഷ്ട്ര തലത്തില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റന്‍

(താരം – ടീം – എതിരാളികള്‍ – സെഞ്ച്വറി നേടുമ്പോഴുള്ള പ്രായം – വര്‍ഷം എന്നീ ക്രമത്തില്‍)

ജോര്‍ജ് വാന്‍ ഹീര്‍ഡെന്‍ – സൗത്ത് ആഫ്രിക്ക – ഘാന – 20 വയസും 188 ദിവസവും – 2024

താതേന്‍ഡ തൈബു – സിംബാബ്‌വേ – ബംഗ്ലാദേശ് – 21 വയസും 248 ദിവസവും – 2005

ഷാകിബ് അല്‍ ഹസന്‍ -ബംഗ്ലാദേശ് – സിംബാബ്‌വേ – 22 വയസും 140 ദിവസവും – 2009

ഗ്രെയം സ്മിത് – സൗത്ത് ആഫ്രിക്ക – ഇംഗ്ലണ്ട് – 22 വയസും 173 ദിവസവും – 2009

ജാവേദ് മിയാന്‍ദാദ് – പാകിസ്ഥാന്‍ – ഓസ്‌ട്രേലിയ – 22 വയസും 273 ദിവസവും – 1980

57 പന്തില്‍ 107 റണ്‍സാണ് ഹീര്‍ഡന്‍ ടോട്ടലിലേക്ക് കൂട്ടിച്ചേര്‍ത്തത്. എട്ട് ബൗണ്ടറിയും ഏഴ് സിക്‌സറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. 187.72 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് പ്രോട്ടിയാസ് നായകന്‍ റണ്ണടിച്ചുകൂട്ടിയത്.

അതേസമയം, ക്യാപ്റ്റന്റെ സെഞ്ച്വറി കരുത്തില്‍ സൗത്ത് ആഫ്രിക്ക 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സ് നേടി. 34 പന്തില്‍ 62 റണ്‍സടിച്ച ഹെന്റിച്ച് പീറ്റേഴ്‌സും 25 പന്തില്‍ 46 റണ്‍സ് നേടിയ ലെഹന്‍ ബോതയുമാണ് സൗത്ത് ആഫ്രിക്കയുടെ ടോപ് സ്‌കോറര്‍മാര്‍.

മറുപടി ബാറ്റിങ്ങനിറങ്ങിയ ഘാനക്ക് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്. 25 പന്തില്‍ 41 റണ്‍സ് നേടിയ ജെയിംസ് വിഫയാണ് ടോപ് സ്‌കോറര്‍.

 

Content highlight: George van Heerden becomes the youngest captain to score a century in international cricket