ജോര്‍ജ് സോറസ് ഹമാസ് അനുകൂല സംഘടനകള്‍ക്ക് ഫണ്ട് നല്‍കിയെന്ന ആരോപണം; സോറസിന് മനുഷ്യത്വത്തിനോട് വെറുപ്പെന്ന് മസ്‌ക്
World News
ജോര്‍ജ് സോറസ് ഹമാസ് അനുകൂല സംഘടനകള്‍ക്ക് ഫണ്ട് നല്‍കിയെന്ന ആരോപണം; സോറസിന് മനുഷ്യത്വത്തിനോട് വെറുപ്പെന്ന് മസ്‌ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th January 2025, 2:09 pm

വാഷിങ്ടണ്‍: യു.എസ്.ശതകോടീശ്വരന്‍ ജോര്‍ജ് സോറസ് ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസിന് ഫണ്ട് നല്‍കിയെന്ന യു.എന്നിലെ ഇസ്രഈല്‍ സ്ഥാനപതിയുടെ ആരോപണം ഏറ്റുപിടിച്ച് ഇലോണ്‍ മസ്‌ക്. ഹമാസിന് ഫണ്ട് നല്‍കിയ സോറസിന് മനുഷ്യത്വത്തോട് വെറുപ്പ് ആണെന്നാണ് മസ്‌കിന്റെ പ്രതികരണം.

ജോര്‍ജ് സോറസ് ഹമാസിന് ഫണ്ട് നല്‍കിയെന്ന് ഇസ്രഈല്‍ അംബാസിഡര്‍ പറയുന്ന ന്യൂസ് റിപ്പോര്‍ട്ടിന്റെ ചിത്രം പങ്കുവെച്ച് എക്‌സിലൂടെയായിരുന്നു മസ്‌കിന്റെ പ്രതികരണം.

ഇസ്രഈലുമായുള്ള യുദ്ധത്തില്‍ ഹമാസിനെ പിന്തുണയ്ക്കുന്നതായി പറയുന്ന എന്‍.ജി.ഒകള്‍ക്ക് സോറസ് 15 മില്യണ്‍ ഡോളര്‍ നല്‍കിയെന്ന് ഇസ്രഈല്‍ സ്ഥാനപതിയുടെ പരാമര്‍ശം മസ്‌ക് ഏറ്റുപിടിക്കുകയായിരുന്നു.

‘ജൂത രാഷ്ട്രമായ ഇസ്രഈലിനെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന സംഘടനകള്‍ക്ക് ജോര്‍ജ് സോറസ് നല്‍കുന്ന സംഭാവനകള്‍ ലജ്ജാകരമാണ്. എന്നാല്‍ എനിക്കതില്‍ അതിശയമൊന്നും തോന്നുന്നില്ല,’ ഇസ്രഈല്‍ അംബാസഡര്‍ ഗിലാഡ് എര്‍ദാന്‍ ഫോക്‌സ് ന്യൂസിനോട് പറഞ്ഞു.

അടുത്തിടെ സോറസിന് അമേരിക്കയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം നല്‍കിയ പ്രസിഡന്റ് ജോ ബൈഡന്റെ തീരുമാനത്തെയും മസ്‌ക് വിമര്‍ശിച്ചിരുന്നു. സോറസിന് പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം പുരസ്‌കാരം നല്‍കിയത് പരിഹാസമാണെന്നായിരുന്നു ട്രംപിന്റെ വിമര്‍ശനം. ഇത്‌ന് പുറമെ സോറസിനെ പൈശാചികമായി ചിത്രീകരിക്കുന്ന ഒരു എ.ഐ. നിര്‍മിത ചിത്രവും മസ്‌ക് പങ്കുവെച്ചിരുന്നു.

കുറച്ച് കാലങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ രാഷ്ട്രീയ രംഗത്തും സോറസ് വാര്‍ത്തകളിലൂടെ ഇടം പിടിച്ചിരുന്നു. സോറസില്‍ നിന്ന് ധനസഹായം കൈപ്പറ്റി കശ്മീര്‍ ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ ഇന്ത്യാ വിരുദ്ധ നിലപാടുകള്‍ രാഹുല്‍ ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിക്കുന്നു എന്ന് ബി.ജെ.പി ഇടയ്ക്കിടെ ആരോപിക്കാറുണ്ട്. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം കോണ്‍ഗ്രസ് നിഷേധിച്ചിരുന്നു.

2023ല്‍ അദാനിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോള്‍ മോദി-അദാനി കൂട്ടുെകട്ടിനെ വിമര്‍ശിച്ചതോടെയാണ് സോറസ് സംഘപരിവാറിന്റെ കണ്ണിലെ കരടായി മാറുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും അദാനിയുടേയും വിധി പരസ്പരം ബന്ധപ്പെട്ടു കിടക്കുകയാണെന്നും, ഓഹരി വിപണിയില്‍ അദാനി നേരിടുന്ന പ്രതിസന്ധിക്ക് മോദി ഉത്തരം പറയേണ്ടി വരുമെന്നുമായിരുന്നു സോറസിന്റെ പ്രസ്താവന.

അദാനിയുടെ തകര്‍ച്ച മോദിയെ ബാധിക്കുമെന്നും അത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പുതിയൊരു യുഗപ്പിറവിയിലേക്ക് നയിക്കുമെന്നും സോറസ് പറഞ്ഞു. എന്നാല്‍ ബി.ജെ.പി ഈ വിഷയത്തില്‍ സോറസിനെ വലിയ രീതിയില്‍ വിമര്‍ശിച്ചിരുന്നു.

സോറസിന്റെ അഭിപ്രായം ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്നായിരുന്നു ബി.ജെ.പിയുടെ പ്രധാന വിമര്‍ശനം.

സോറസിന്റെ പ്രസ്താവന ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയയെ തകര്‍ക്കാനുള്ള ശ്രമമാണെന്ന് മുന്‍ കേന്ദ്ര മന്ത്രിയായ സ്മൃതി ഇറാനിയും തന്റെ കാഴ്ച്ചപ്പാടിലൂടെയാണ് ലോകം പ്രവര്‍ത്തിക്കുന്നതെന്നു കരുതുന്ന, ന്യൂയോര്‍ക്കിലെ ഒരു വൃദ്ധനായ കോടീശ്വരന്‍ മാത്രമാണ് സോറോസെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും പരിഹസിച്ചിരുന്നു.

Content Highlight: George Sores is accused of providing funds to pro-Hamas organizations; Elon Musk says Hatred of humanity