ഇന്ന് നടന്ന ടി-20 ലോകകപ്പ് മത്സരത്തില്‍ സ്‌കോട്ലാന്‍ഡിനെതിരെ ഓസ്ട്രേലിയ അഞ്ച് വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്. ബ്യുസെജര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഓസീസ് എതിരാളികളെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് ആണ് സ്‌കോട്‌ലാന്‍ഡ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് നേടി ഓസ്ട്രേലിയ വിജയിക്കുകയായിരുന്നു.
സ്‌കോട്‌ലാന്‍ഡിനു വേണ്ടി മിന്നും പ്രകടനം കാഴ്ചവച്ചത് സൗത്ത് മുന്‍ ആഫ്രിക്കന്‍ താരമായ ബ്രണ്ടന്‍ മക്മുള്ളനാണ്. 34 പന്തില്‍ 66 റണ്‍സ് നേടിയാണ് താരം തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചത്. ആറ് സിക്‌സ്‌റും രണ്ട് ബൗണ്ടറിയും അടക്കം 176.47 എന്ന സ്‌ട്രൈക്ക് റേറ്റിനാണ് താരം ബാറ്റ് ചെയ്തത്.
ഓപ്പണര്‍ ജോര്‍ജ് മുന്‍സേ മികച്ച തുടക്കമാണ് ടീമിന് നല്‍കിയത്. 23 പന്തില്‍ നിന്നും 35 റണ്‍സ് താരം അടിച്ചത്. മൂന്ന് സിക്സറും രണ്ട് ബൗണ്ടറിയും അടക്കം 152.17 എന്ന് സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. കിടിലന്‍ റിവേഴ്‌സ് സ്‌കൂപ്പിലൂടെ താരം ആരാധകരുടെ മനം കവര്‍ന്നിരുന്നു. ഇതോടെ ഒരു ഇരട്ട റെക്കോഡും താരത്തിന് നേടാന്‍ സാധിച്ചിരിക്കുകയാണ്.
ടി-20 ലോകകപ്പില്‍ റിവേഴ്‌സ് സ്‌കൂപ്പിലൂടെ എറ്റവും കൂടുതല്‍ സ്‌ട്രൈക്ക് റേറ്റ് നേടുന്ന താരമാകാനാണ് താരത്തിന് സാധിച്ചത് (മിനിമം 30+ പന്തില്‍). 217 സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.
എന്നാല്‍ ഇതിന് പുറമെ മറ്റൊരു തകര്‍പ്പന്‍ റെക്കോഡും താരം സ്വന്തമാക്കിയിട്ടുണ്ട്. ടി-20 ഇന്റര്‍ നാഷണലില്‍ റിവേഴ്‌സ് സ്‌കൂപ്പിലൂടെ ഏറ്റവും കൂടുതല്‍ ബൗണ്ടറി നേടുന്ന താരം എന്ന നേട്ടമാണ് ജോര്‍ജ് സ്വന്തമാക്കിയത്. ടി-20 ഇന്റര്‍നാഷണലില്‍ സ്‌കോട്‌ലാന്‍ഡിന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരവും ജോര്‍ജ് തന്നെ. 85 ഇന്നിങ്‌സില്‍ നിന്ന് 2194 റണ്‍സാണ് താരം നേടിയത്.
ട്രാവിസ് ഹെഡിന്റെയും മാര്‍ക്കസ് സ്റ്റോയിനിസിന്റെയും തകര്‍പ്പന്‍ പ്രകടനത്തിലാണ് ഓസീസിന് വിജയിക്കാന്‍ സാധിച്ചത്. 49 പന്തില്‍ നാല് സിക്സും അഞ്ച് ഫോറും ഉള്‍പ്പെടെ 68 റണ്‍സാണ് ഹെഡ് അടിച്ചെടുത്തത്. സ്റ്റോയിനിസ് 29 പന്തില്‍ രണ്ട് സിക്സറും ഒമ്പത് ഫോറും അടക്കം 59 റണ്‍സും നേടി. ടിം ഡേവിഡ് 28 റണ്‍സും നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു.
Content Highlight: George Munsey In Record Achievement In t20