തിരുവനന്തപുരം: കാട്ടുപന്നിയിറച്ചിയും വാട്ടുകപ്പയും ചേര്‍ത്ത് കഴിക്കാന്‍ നല്ല രുചിയാണെന്നും ആരെങ്കിലും കൊണ്ടുവന്നാല്‍ വല്ലപ്പോഴും കഴിക്കാറുണ്ടെന്നും ജോര്‍ജ് എം. തോമസ് എം.എല്‍.എ. കാട്ടുപന്നിയെ വെടിവെച്ചതിന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തല്ലിയാല്‍ തിരിച്ചുതല്ലാന്‍ നാട്ടുകാരെ ഉപദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.
വനംവകുപ്പിന്റെ ധനാഭ്യര്‍ഥന ചര്‍ച്ചയിലാണ് എം.എല്‍.എ വന്യമൃഗങ്ങള്‍ക്കെതിരായ പരാമര്‍ശങ്ങള്‍ നടത്തിയത്. എണ്ണം പെരുകുന്നതിനാലാണ് വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത്. അവയെ വെടിവെച്ചുകൊല്ലുകയാണ് വേണ്ടതെന്ന് പി.സി. ജോര്‍ജും സഭയില്‍ പറഞ്ഞു.
കാട്ടുപന്നിയെ കൊല്ലുന്നതിന് കര്‍ശന നിബന്ധനകള്‍ നിലവിലുള്ളപ്പോഴാണ് അവയെ കൊന്നുതിന്നാറുണ്ടെന്ന പ്രസ്താവന എം.എല്‍.എ. സഭയില്‍ നടത്തിയത്. കാട്ടുപന്നിയെ ചില സാഹചര്യങ്ങളില്‍ കൊല്ലാന്‍ അനുവദിക്കാറുണ്ടെങ്കിലും തിന്നാന്‍ പാടില്ലെന്നാണ് നിയമം. എന്നാല്‍ താന്‍ നിയം ലംഘിക്കാറുണ്ടെന്ന തുറന്നു പറച്ചിലായിരുന്നു എം.എല്‍.എയുടേത്.
“കാട്ടുപന്നിക്ക് മാത്രമല്ല, മുള്ളന്‍പന്നിയിറച്ചിക്കും നല്ല രുചിയാണ്. നാട്ടുകാര്‍ മുള്ളന്‍പന്നിയെ കറിവെച്ച് കഴിക്കാന്‍ തുടങ്ങുമ്പോഴേക്കും വനംവകുപ്പ് ജീവനക്കാര്‍ അവരെ ഇടിച്ച് ഇഞ്ചപ്പരുവമാക്കും. നിയമപ്രകാരമുള്ള നടപടിയെടുക്കാതെ എന്തിനാണ് മര്‍ദിക്കുന്നത്? ഒരിക്കലെങ്കിലും ഈ ഇറച്ചി തിന്നവര്‍ ഇതിന്റെപേരില്‍ ആരെയും മര്‍ദിക്കില്ല. അത്രയ്ക്ക് രുചിയാണ്. ഇനിയും മര്‍ദിക്കാന്‍വന്നാല്‍ തിരിച്ച് കൈകാര്യം ചെയ്യാന്‍ ഞാന്‍ നാട്ടുകാരോട് പറഞ്ഞിട്ടുണ്ട്.” ജോര്‍ജ് എം തോമസ് പറഞ്ഞു.
അതേസമയം കാട്ടുപന്നിയിറച്ചി കഴിക്കാറുണ്ടെന്ന് എം.എല്‍.എ. പറഞ്ഞത് അന്വേഷിക്കണമെന്ന് എല്‍ദോസ് കുന്നപ്പിള്ളി സഭയില്‍ ആവശ്യപ്പെട്ടു. എന്നാല്‍, വകുപ്പ് മന്ത്രി കെ. രാജു ഈ വിവാദപരാമര്‍ശങ്ങള്‍ക്കൊന്നും മറുപടി പറഞ്ഞില്ല.
ആനകളുടെ എണ്ണം കൂടുന്നതുകൊണ്ടാണ് അവ മനുഷ്യനെ ചവിട്ടിക്കൊല്ലുന്നതെന്ന് കെ. രാജേന്ദ്രന്‍ പറഞ്ഞു. വന്യമൃഗങ്ങളുടെ എണ്ണം കുറയ്ക്കാന്‍ എന്താണ് വഴിയെന്ന് രാജേന്ദ്രന്‍ ആവര്‍ത്തിച്ച് ചോദിച്ചുകൊണ്ടിരുന്നു. എണ്ണം കുറയ്ക്കാന്‍ ചില രാജ്യങ്ങള്‍ കശാപ്പ് നടത്താറുണ്ടെന്ന് സി.കെ. ശശീന്ദ്രന്‍ പറഞ്ഞു.
വനവിസ്തൃതി കൂടുന്നതിനെയും പി.സി. ജോര്‍ജ് വിമര്‍ശിച്ചു. “”കേരളത്തില്‍ 29 ശതമാനം വനമാണ്. ഇനിയും എങ്ങോട്ട് വനമുണ്ടാക്കണമെന്നാ ഈ പറയുന്നത്? കാര്‍ബണ്‍ ക്രെഡിറ്റ് ഫണ്ട് വാങ്ങി പുട്ടടിക്കുന്ന രാഷ്ട്രീയക്കാരുള്‍പ്പടെയുള്ളവരുടെ തട്ടിപ്പാണ് ഈ വാദം”” -ജോര്‍ജ് പറഞ്ഞു. ഇങ്ങനെ പറയുന്ന ജോര്‍ജിനെ അന്യഗ്രഹത്തിലേക്ക് അയക്കണമെന്ന് ഡോ. എന്‍. ജയരാജനും പറഞ്ഞു.
Watch This Video: